ഫ്രാൻസിലെ മാഴ്‌സെയിൽ ട്രെയിൻ കാത്തുനിന്ന രണ്ടുപെൺകുട്ടികളെ കുത്തിമലർത്തിയ ഭീകരനെത്തിയത് അള്ളാഹു അക്‌ബർ വിളികളുമായി. ആക്രമണത്തിൽ 17-ഉം 20-ഉം വയസ്സുള്ള രണ്ട പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. കത്തിയുമായി പാഞ്ഞെത്തിയ ഭീകരൻ രണ്ടുപേരെയും തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഒരാളുടെ കഴുത്തിനാണ് ആഴത്തിൽ മുറിവേറ്റത്. മറ്റൊരാൾക്ക് നെഞ്ചിലും വയറ്റിലും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതോടെ, ഫ്രഞ്ച് ജനത കൂടുതൽ ആശങ്കയിലായി.

കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് ഭീകരൻ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിനിരയായ യുവതികൾ അലമുറയിട്ടെങ്കിലും കണ്ടുനിന്നവർ ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. സെൻ ചാൾസ് റെയിൽവേ സ്റ്റേഷനുള്ളിൽ പട്രോളിങ്ങിലുണ്ടായിരുന്ന സൈനികർ അപ്പോൾത്തന്നെ അക്രമിയെ വെടിവെച്ചിട്ടെങ്കിലും, രണ്ടുയുവതികൾക്കും അതിനകം മാരകമായി പരിക്കേറ്റിരുന്നു. 25-നും 30-നും മധ്യേ പ്രായമുള്ളയാളാണ് അക്രമിയെന്ന് അധികൃതർ പറഞ്ഞു.

സംഘടിതമായ ഭീകരാക്രമണ ശ്രമങ്ങൾ പിടിക്കപ്പെട്ടതോടെ, ഐസിസിന്റെ പരിശീലനം സിദ്ധിച്ച ഭീകരർ ഇത്തരത്തിൽ ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെയാണ് യൂറോപ്പിന്റെ ഉറക്കം കെടുത്തുന്നത്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുക, കത്തിയുമായി ജനക്കൂട്ടത്തിനിടയിലിറങ്ങി തലങ്ങും വിലങ്ങും ആക്രമിക്കുക തുടങ്ങിയവയാണ് ഭീകരരുടെ ഇപ്പോഴത്തെ രീതികൾ. മുൻകൂട്ടി കണ്ടെത്താൻ സാധ്യത കുറവായതിനാൽ, ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഇത്തരം ചാവേറാക്രമണങ്ങളാണ് ഭീകരർ പിന്തുടരുന്നത്.

മാഴ്‌സെയിലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും, സംഭവത്തിന്റെ ഭീകരബന്ധം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആന്റി-ടെറർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ ട്വീറ്റിലൂടെ പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ അപലപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതികളുടെ കുടുംബത്തോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

സംഭവം ഭീകരാക്രമണമാണെന്ന് മാഴ്‌സെ മേയർ ഴാങ്-ക്ലോഡ് ഗോഡിൻ ഉറപ്പിച്ചുപറയുന്നു. എന്നാൽ, ആഭ്യന്തര മന്ത്രി ജെറാർഡ് കൊളംബ് അത് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതേയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. ആക്രോശിച്ചുകൊണ്ടാണ് ഇയാൾ ആക്രമിക്കാനെത്തിയതെന്നും അത് അള്ളാഹു അക്‌ബർ വിളിയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയതായും പൊലീസ് പറഞ്ഞു. കൂടുതൽ പേരെ ആക്രമിക്കുന്നതിനുമുമ്പ് സൈന്യം ഇയാളെ വെടിവെച്ചുകൊല്ലുകയും ചെയ്തു.