പൂവാലന്മാർ ജാഗ്രതൈ! ഫ്രാൻസിലെ തെരുവിൽ സ്ത്രീകളെ നോക്കി ചൂളമടിക്കുകയോ സൈറ്റടിക്കുകയോ ചെയ്താൽ സ്‌പോട്ടിൽ പിടിവീഴും. ഫെമിനിസ്റ്റും ഫ്രാൻസിന്റെ പുതിയ വനിതാ വകുപ്പ് മന്ത്രിയുമായ മരിയെൻ ഷിയാപ്പയാണ് വായ്‌നോക്കികൾക്ക് പണിതരാൻ നിയമം കർശനമാക്കിയത്. പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ വിശ്വസ്തയാണ് ഫെമിനിസ്റ്റുകൂടിയായ ഷിയാപ്പ.

പൊതുസ്ഥലങ്ങളിൽ സത്രീകളെ ലൈംഗികച്ചുവയോടെ കാണുന്ന പൂവാലന്മാരെ കുരുക്കുകയാണ് ഷിയാപ്പയുടെ ലക്ഷ്യം. അത്തരം പ്രവർത്തികൾ സ്ത്രീത്വത്തെ അപമാനിക്കലിന് തുല്യമായാണ് പരിഗണിക്കുക. ഇത് ചെയ്യുന്നവരെ പിടികൂടിയാൽ അവിടെവെച്ചുതന്നെ ഫൈൻ ഈടാക്കാൻ പുതിയ നിയമം ലക്ഷ്യമിടുന്നു. നിയമത്തിലെ വ്യവസ്ഥകളും ഫൈനും ഇനിയും നിശ്ചയിച്ചിട്ടില്ല.

പൊതുസ്ഥലങ്ങളിലുംമറ്റും സ്ത്രീകൾക്കുനേരെയുണ്ടാകുന്ന ഇത്തരം ശല്യങ്ങളെക്കുറിച്ച് നിയമത്തിൽ യാതൊന്നും പറയുന്നില്ലെന്ന് ഷിയാപ്പ പറഞ്ഞു. അതുകൊണ്ടാണ് നിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നത്. നിയമം അടുത്തവർഷം പാർലമെന്റിൽ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ ഫ്രാൻസിൽ സ്ത്രീകൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടിപിടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനിർമ്മാണത്തെക്കുറിച്ച് മന്ത്രി സൂചന നൽകുന്നത. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന ' മീ ടൂ' എന്ന കാമ്പെയിൻ ഫ്രാൻസിലെ ട്വിറ്റർ ട്രെൻഡുകളിൽ ആദ്യസ്ഥാനത്തുണ്ട്. ഇതിന് പുറമെ, 'പന്നിയെ തിരിച്ചറിയുക' എന്നപേരിൽ പുതിയൊരു ഹാഷ് ടാഗും പ്രചരിക്കുന്നുണ്ട്.

അപമാനിക്കൽ എങ്ങനെ തിരിച്ചറിയുമെന്നത് സംബന്ധിച്ച ചർച്ചകളും ചൂടുപിടിക്കുന്നുണ്ട്. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ അപമാനിക്കലിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിയമത്തിന്റെ കരട് നിർമ്മാണത്തിനായി എല്ലാ പാർട്ടികളിലും പെട്ട എംപിമാരുടെ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.