ബെർലിൻ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ അഭയാർഥി പ്രവാഹത്തിൽ ജർമനി കൈക്കൊണ്ട നടപടിയെ വിമർശിച്ചു കൊണ്ട് ഫ്രാൻസും റഷ്യയും രംഗത്തെത്തി. അഭയാർഥി പ്രശ്‌നത്തിൽ ആംഗല മെർക്കൽ കൈക്കൊണ്ട വിശാലമായ അഭയാർഥി നയം യൂറോപ്പിൽ ഏറെക്കാലം നിലനിൽക്കുന്നതല്ലെന്നാണ് ഇരുരാജ്യങ്ങളുടേയും പ്രധാനമന്തിമാർ വിമർശിച്ചത്. അഭയാർഥി പ്രശ്‌നത്തിൽ ജർമനിയുടെ വിശാല നയം മൂലം 2015-ൽ പത്തുലക്ഷത്തിലധികം അഭയാർഥികളാണ് ജർമനിയിലേക്ക് ഒഴുകിയെത്തിയത്.

അഭയാർഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ആംഗല മെർക്കൽ എടുത്ത നടപടി ദീർഘകാലം നിലനിൽക്കുന്നതല്ല. താത്ക്കാലികമായ ഒരു നടപടി മാത്രമാണ്. ജർമനിയെന്നല്ല യൂറോപ്പിലെങ്ങും ഇത്രയേറെ അഭയാർഥികളെ ഉൾക്കൊള്ളാനുള്ള ഇടം തത്ക്കാലം ഇല്ല എന്നത് വിസ്മരിക്കാൻ പാടില്ലെന്ന് ഫ്രെഞ്ച് പ്രധാനമന്ത്രി മാനുവൽ വാൽസ് വ്യക്തമാക്കി. സിറിയ, ഇറാഖ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ അഭയാർഥികളേയും സ്വീകരിക്കാൻ യൂറോപ്പിന് ആവില്ല. കുടിയേറ്റം നിയന്ത്രിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ അതിന്റെ അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ കുടിയേറ്റ നയങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുകയോ വേണ്ടത് അത്യാവശ്യമാണെന്നും മാനുവൽ വാൽസ് പറയുന്നു.

മെർക്കലിന്റെ കുടിയേറ്റ നയത്തിലുള്ള അതൃപ്തി റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെഡ്വെദേവ് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മാനുവൽ വാൽസും തന്റെ അഭിപ്രായം തുറന്നടിച്ചത്. യൂറോപ്പിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഏവർക്കും യൂറോപ്പ് അതിന്റെ വാതിൽ മലക്കെ തുറന്നു കൊടുക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണ് ഇക്കണോമിക് പത്രമായ ഹൻഡെൽസ്ബ്ലാറ്റിന് നൽകിയ അഭിമുഖത്തിൽ ദിമിത്രി വ്യക്തമാക്കിയത്. യൂറോപ്യൻ മൈഗ്രേഷൻ പോളിസി ഒരു പരാജയമാണെന്നും ഇത് അക്ഷരാർഥത്തിൽ ഭയപ്പെടുത്തുന്നതാണെന്നും റഷ്യൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ രണ്ടു പ്രധാനമന്ത്രിമാരുടേയും വിമർശനങ്ങൾ ജർമനിയെ അതിന്റെ നയങ്ങളിൽ നിന്നു പിന്നോക്കം കൊണ്ടുപോകുമെന്നതിന് സൂചനയൊന്നുമില്ല. ജർമനി അതിന്റെ നയങ്ങളിൽ തന്നെ ഉറച്ചു നിൽക്കുമെന്നാണ് ഡിഫൻസ് മിനിസ്റ്റർ ഉർസുല വോൺ ഡെർ ലെയെൻ മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ വ്യക്തമാക്കിയിട്ടുള്ളത്.