പാരീസ്: വാഹനമോടിക്കുമ്പോൾ ഇയർഫോൺ ഉപയോഗിച്ചാലും പിഴ ഈടാക്കുന്ന തരത്തിൽ ഫ്രാൻസിൽ ഗതാഗത നിയമം പരിഷ്‌ക്കരിക്കുന്നു. ഇയർ ഫോൺ ഉപയോഗിച്ച് സൈക്കിൾ ഓടിച്ചാലും പിഴ ഈടാക്കും. വാഹനാപകടങ്ങൾ മൂലം ഉണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. ജൂലൈ ഒന്നു മുതൽ ഇത് നടപ്പിലാകും.

ഇനി മുതൽ ഇയർഫോൺ വച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 135 യൂറോയാണ് പിഴ ഈടാക്കുന്നത്. കൂടാതെ മൂന്ന് ലൈസൻസ് പോയിന്റുകൾ നഷ്ടമാകുകയും ചെയ്യും. ഇതേ പിഴ തന്നെയാണ് വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാലും സീറ്റ് ബൽറ്റ് ഇടാത്തപ്പോഴും ഈടാക്കുന്നത്.

ഫ്രാൻസിൽ നടക്കുന്ന അപകട മരണങ്ങളിൽ പത്തിൽ ഒന്നും മൊബൈൽ ഫോണിന്റെ ഉപയോഗം മൂലമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് വാഹനമോടിക്കുന്നതിന് ഇടയിൽ ഫോൺ ഉപയോഗം കുറയ്ക്കാനുള്ള കർശന നടപടികൾ സർക്കാർ സ്വീകരിച്ചു തുടങ്ങിയത്. ഇയർഫോൺ ഉപയോഗിക്കുന്നതിനും വിലക്കു വന്നതോടെ ഇനി വാഹനമോടിക്കുമ്പോൾ ലൗഡ് സ്പീക്കറുമായി ബന്ധപ്പെടുത്തിയാലേ ഫോണിൽ സംസാരിക്കാനാവൂ.

വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർക്ക് ശ്രദ്ധ കുറയുന്നുവെന്നും ഫോൺ പോലെയുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം ഇത്തരത്തിൽ ശ്രദ്ധ കുറയാൻ കാരണമാകുന്നുവെന്നുമാണ് ഇന്റീരിയർ മിനിസ്ട്രി കണ്ടെത്തിയിരിക്കുന്നത്. അതേസമയം വാഹനമോടിക്കുമ്പോൾ ഇയർഫോൺ നിരോധിച്ചതിനെ തുടർന്ന് ഫ്രഞ്ച് ഡെയ്‌ലി ലെ പാരീസിയൻ ഒരു സർവേ നടത്തിയിരുന്നു. അതിൽ 42 ശതമാനം പേരും ഇയർഫോൺ വിലക്ക് ഏർപ്പെടുത്തിയതിന്റെ ആവശ്യം മനസിലായില്ല എന്നാണ് അഭിപ്രായപ്പെട്ടത്.