ജൂണിൽ നടക്കാനിരിക്കുന്ന റഷ്യൻ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിനെ പ്രഖ്യാപിച്ചു.വിവിധ ക്ലബുകൾക്ക് കളിക്കുന്ന പ്രമുഖ താരങ്ങളെ കട്ടപ്പുറത്തിരുത്തിയാണ് പരീശീലകൻദെഷാംപ്സ് ലോകകപ്പിനൊരുങ്ങുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും പ്രമുഖൻ റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കരീ ബെൻസിമയാണ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ആഴ്സനലിന്റെയും മുന്നേറ്റനിര താരങ്ങളായ ആന്റണി മാർഷ്യൽ, ലകസെറ്റ എന്നിവരാണ് ഒഴിവാക്കപ്പെട്ടവരിലെ പ്രധാന താരങ്ങൾ. ഇവരെ കൂടാതെ ഫ്രഞ്ച് ലീഗ് താരങ്ങളായ പയെറ്റ്, അഡ്രിയാൻ റാബിയോട്ട് എന്നിവരും ബയേൺ താരമായ കോമാനും അവസാന ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ആഴ്സനൽ പ്രതിരോധ താരം കൊസ്ലീനിയും പരിക്കുമൂലം റഷ്യൻ ലോകകപ്പിലേക്കുള്ള ടീമിൽ ഇടം നേടിയിട്ടില്ല.

പയെറ്റ് ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടായിരുന്ന താരമായിരുന്നെങ്കിലും യൂറോപ്പ ലീഗ് ഫൈനലിനിടെ ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്കു മൂലം ഒരു മാസത്തിലധികം താരത്തിനു പുറത്തിരിക്കേണ്ടി വരും. മുന്നേറ്റനിരയിൽ ഫ്രഞ്ച് ലീഗ് താരങ്ങളായ ഫ്ളോറൻ തോവിൻ, നബീൽ ഫക്കീർ എന്നിവർക്കൊപ്പം തോമസ് ലെമർ, എംബാപ്പെ, ഡെംബലെ, ഗ്രീസ്മാൻ, ജിറൂദ് എന്നീ പ്രമുഖ താരങ്ങളുമുണ്ട്. സെവിയ്യ മധ്യനിരതാരം എൻസോസിയും സ്റ്റുട്ഗർട്ട് താരം പവാർദുമണ് അപ്രതീക്ഷിതമായി ടീമിലിടം നേടിയത്.

അതേ സമയം സീസണിന്റെ തുടക്കത്തിൽ പരിക്കേറ്റതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഒരു മത്സരം പോലും കളിക്കാതിരുന്ന ബെഞ്ചമിൻ മെൻഡി ടീമിലിടം നേടിയിട്ടുണ്ട്. സ്പെയിനിൽ നിന്നും ഫ്രാൻസിലേക്കു കൂടുമാറിയ അത്ലറ്റികോ താരം ലൂകാസ് ഹെർണാണ്ടസും ടീമിലിടം പിടിച്ചു. ഒഴിവാക്കപ്പെട്ട ബാഴ്സ താരം ലൂകാസ് ഡിഗ്നെയടക്കം പ്രമുഖ താരങ്ങളെല്ലാം റിസർവ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.