പാരീസ്: കോമാളിവേഷക്കാരായ അക്രമികൾ ഫ്രാൻസിൽ വിളയാട്ടം നടത്തുന്നു. സൗത്ത് ഫ്രാൻസിലാണ് കോമാളിവേഷക്കാരായ അക്രമികൾ അക്രമം അഴിച്ചുവിടുന്നത്. ഇതേത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിലാഴ്ന്നിരിക്കുകയാണ്. ഇക്കൂട്ടരുടെ അക്രമം പരക്കേ വ്യാപകമായതിനെത്തുടർന്ന് ശനിയാഴ്ച രാത്രിയിൽ പൊലീസ് 14 ടീനേജുകാരെ പിടികൂടി. ഇവരുടെ കൈയിൽ നിന്ന് കത്തി, പിസ്റ്റൾ, ബേസ്‌ബോൾ ബാറ്റുകൾ തുടങ്ങിയ മാരകായുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ആഴ്ചാവസാനങ്ങളിലാണ് ഇത്തരം വേഷധാരികളുടെ അക്രമം കൂടുതലായി ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്. മെഡിറ്ററേനിയൻ സിറ്റിയായ മോണ്ട്‌പെല്ലിയറിൽ കഴിഞ്ഞ ദിവസം വഴിയാത്രക്കാരെ യാതൊരു പ്രകോപനവുമില്ലാതെ ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്‌ത്തിയ സംഭവവും അരങ്ങേറിയിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നോർത്തേൺ ഫ്രഞ്ച് ടൗണായ ബെത്തൂണിൽ നിന്ന് കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട അക്രമിയെ ആറു മാസം തടവിന് ശിക്ഷിച്ചിരുന്നു.

സ്‌കൂൾ പരിസരങ്ങൾ, പൊതു നിരത്തുകൾ, പാർക്കുകൾ എന്നിവിടങ്ങളിലാണ് കോമാളി വേഷക്കാരുടെ വിളയാട്ടം ഏറ്റവുമധികമുള്ളത്. വ്യാജ ആയുധങ്ങൾ കാണിച്ച് അക്രമിക്കുന്നവരും ഇവരുടെ ഇടയിൽ കുറവല്ല. സ്‌കൂൾ കുട്ടികൾ, ടീനേജുകാർ എന്നിവരാണ് ഇവരുടെ പ്രധാന ഇരകൾ. മുതിർന്നവരേയും ആക്രമിക്കുന്ന സംഭവങ്ങളും അരങ്ങേറാറുണ്ട്.

മുമ്പ് അമേരിക്ക, ബ്രിട്ടൺ എന്നിവിടങ്ങളിൽ അരങ്ങേറിയിട്ടുള്ള കോമാളി വേഷധാരികളുടെ അക്രമപരമ്പരയാണ് ഇപ്പോൾ ഫ്രാൻസിലും നടക്കുന്നത്. എന്നാൽ ഇവർ എന്തു കാരണത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങളെ അക്രമിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. കോമാളി വേഷധാരിയായ അക്രമി ഒരാളെ പേടിപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഏകദേശം 31 മില്യൺ ആൾക്കാർ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഹാലോവീൻ ഫീസ്റ്റ് അടുത്തിരിക്കെ ഇത്തരം കോമാളി വേഷധാരികളായ അക്രമികളുടെ വിളയാട്ടം ഇവിടെ വർധിച്ചിരിക്കുകയാണിപ്പോൾ. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ ഹൊറർ സീരിയൽ ട്വിസ്റ്റി ദ കില്ലർ ക്ലൗൺ ആണ് കോമാളികൾക്ക് ഇത്തരത്തിൽ അക്രമത്തിന് പ്രചോദനമേകുന്നതെന്നും ആരോപണമുണ്ട്.