'സ്വാതന്ത്യം സമത്വം, സാഹോദര്യം'.... ഫ്രഞ്ച് വിപ്ലവം ലോകത്തിന് നൽകിയ നവോത്ഥാനത്തിന്റെ പുതിയ പദാവലികൾ ആയിരുന്നു അവ. അതിനുമുമ്പ് എല്ലാമനുഷ്യരും തുല്യരാണ് എന്ന ധാരണ ലോകത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന ഒരു വാക്ക് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. 'മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്. Blasphemy is our birthright. നിങ്ങൾക്ക് മതങ്ങളെ വന്ദിക്കുന്നതുപോലെ ഞങ്ങൾക്ക് വിമർശിക്കാനും അവകാശമുണ്ട്. അതാണ് ഫ്രാൻസ്'- കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കേ മാക്രാൺ അർഥശങ്കക്കിടയില്ലായെ വ്യക്തമാക്കി, തന്റെ രാജ്യത്തിന്റെ ഭരണഘടനക്ക്
കീഴിലാണ് എല്ലാ മതങ്ങളുമെന്ന്. ലോകം മഴുവൻ മതത്തെ പ്രീണിപ്പിക്കാൻ മൽസരിക്കുമ്പോഴാണ്, മതത്തെ വിമർശിക്കാനുള്ള തന്റെ പൗരന്മാരുടെ അവകാശത്തിനുവേണ്ടി ഒരു ഭരണാധിപൻ രംഗത്ത് എത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഫ്രഞ്ച് വിപ്ലവാനന്തരക്കാലത്തെ മുദ്രാവാക്യങ്ങളെപ്പോലെ ലോകം കണ്ട എറ്റവും സുന്ദരമായ വർത്തമാനമെന്ന് മാക്രോണിന്റെ പ്രസ്താവനെയെ, ചാനൽ ഫോർ പോലുള്ള വാർത്താ ചാനലുകൾ വാഴ്‌ത്തുന്നത്.

മത ബിംബങ്ങളെ വിമർശിക്കാനും കളിയാക്കാനുമുള്ള ഫ്രഞ്ച് പൗരന്റെ അവകാശം സംരക്ഷിക്കാനായി അവരുടെ രാഷ്ട്രത്തലവൻ തന്നെ മുന്നോട്ട് വന്നിരിക്കുന്നത് മുമ്പുനടന്ന രക്തച്ചൊരിച്ചിലൽ ഒട്ടും പതറാതെയാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ 2015ൽ ഷാർലി എബ്ദോ ജേർണലിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത മതതീവ്രവാദികളുടെ വിചാരണ തുടങ്ങിയപ്പോഴാണ് മതനിന്ദാ സ്വാതന്ത്ര്യത്തെ അസന്ദിഗ്ധമായി പിൻതുണച്ച് ഇമ്മാനുവേൽ മാക്റോൺ രംഗത്ത് വന്നത്.ഫ്രാൻസിന്റെ ഒരുപറ്റം ധീരരായ മാധ്യമപ്രവർത്തകരുടെ ജീവനെടുക്കുന്നതിന് കാരണമായ വിവാദ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടാണ് ഷാർലി എബ്ദോ വാരിക കൊലയാളികളെ വീണ്ടും വെല്ലുവിളിച്ചത്. അവർക്ക് സമ്പൂർണ്ണ പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഒപ്പം നിന്നിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഒരു ഡച്ച് പത്രത്തിനെതിരെ തലവെട്ട് ഫത്വ പുറപ്പെടുവിക്കപ്പെട്ടപ്പോൾ അവിടുത്തെ സർക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒപ്പമാണ് നിലകൊണ്ടത്.

'ഇന്നും ലോകത്തിന്റെ ഏറ്റവും വലിയ അധികാര സ്ഥാപനം മതമാണ്. പ്രത്യേകിച്ച് ഇസ്ലാം. മറ്റ് എല്ലാ മതങ്ങളുടെയും പല്ലുകൾ ഏതാണ്ട് കൊഴിഞ്ഞിട്ടും ഇസ്ലാംമാത്രം അണുവിട മാറാൻ കൂട്ടാക്കാതെ മുഖ്യധാരയിൽ നിന്ന് പുറം തിരിഞ്ഞ് നിൽക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിമർശനങ്ങളുടെ അമ്മയാണ് മതവിമർശനം. ആ നിലക്ക് മാക്രോണിന്റെ പ്രസ്താവന വ്യാപകമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.'- ന്യൂയോർക്ക് ടൈംസ് ലേഖകൻ ഇയാൻ മക്കി ചൂണ്ടിക്കാട്ടുന്നു. പ്രവാചകനെ നിന്ദിച്ചുവെന്ന കുറ്റം ചുമത്തി പാക്കിസ്ഥാനിൽ ഒരു ക്രിസ്ത്യാനിയെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത് ഈ 
പ്രസ്താവന വന്ന അതേ ദിവസമാണ്. വാട്ട്സ്ആപ് സന്ദേശത്തിൽ നബിയെ വിമർശിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് ഒരു ന്യൂനപക്ഷ സമുദായ അംഗത്തിന് പാക്കിസ്ഥാൻ ഭരണഘടന വധശിക്ഷ വിധിച്ചിരിക്കുന്നത്. അതായത് രണ്ടു സംസ്‌ക്കാരങ്ങൾ ഉള്ള ലോകം. മാക്രോണിന്റെ പ്രസ്താവന ലോക മെമ്പാടും പ്രത്യകിച്ച് ഇസ്ലാമിക രാജ്യങ്ങളിൽ മത നിന്ദകുറ്റം ചുമത്തപ്പെട്ട് പീഡിപ്പിക്കപ്പെടുന്നവർക്കുള്ള ആശ്വാസ കേന്ദ്രവുമായി മാറും.

പക്ഷേ ഫ്രാൻസിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. യൂറോപ്പിൽ ഏറ്റവും കൂടതൽ മുസ്ലിം ജനസംഖ്യയുള്ള നാടായ ഫ്രാൻസിൽ വൻ ഭീഷണിയാണ് തദ്ദേശീയമായ ഇസ്ലാമിസ്റ്റുകളിൽനിന്ന് മാക്രോൺ നേരിടുന്നത്. അതോടൊപ്പം ഇസ്ലാമിവിരുദ്ധതയും കുടിയേറ്റ വിരുദ്ധതയുമായി നടക്കുന്ന തീവ്ര വലതുപക്ഷം മറുഭാഗത്തും. ശരിക്കും ചെകുത്താനിനും കടലിനും ഇടയിൽ. ഇതിന് പിന്നാലെയാണ് ഇറാനും തുർക്കിയും അടക്കമുള്ള രാജ്യങ്ങളുടെ ഭീഷണി. ഏറ്റവും ഒടുവിലായി കാർട്ടൂൺ പ്രസദ്ധീകരിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് അൽഖ്വായിദയുടെ ഭീഷണി. പക്ഷേ മാക്രാൺ എന്ന നട്ടെല്ലുള്ള പ്രസിഡന്റ് അതിനെല്ലാം പുല്ലു വിലയാണ് കൽപ്പിക്കുന്നത്. ഫലത്തിൽ ഇസ്ലാം വേഴ്സസ് ഫ്രാൻസ് എന്ന ഒരു സൂത്രവാക്യം രൂപപ്പെട്ടു വരാനുള്ള സാധ്യതയാണ് വിദേശ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഫ്രാൻസിനെ തകർക്കാനുള്ള ദേഷ്യം ഇറാനും, ഇപ്പോൾ ആഗോള ഇസ്ലാമിക തീവ്രാവാദികളുടെ തലസ്ഥാനമായ തുർക്കിക്കും ഉണ്ട്. പക്ഷേ ലോകത്തിലെ നമ്പർ വൺ സൈനിക ശക്തികൂടിയായ ഫ്രാൻസിനെ തൊടൻ അവർക്കും ധൈര്യം പോര.

അൽഖ്വായ്ദയുടെ ഭീഷണിക്ക് മുന്നിലും മുട്ടുമടക്കിയില്ല

മതതീവ്രവാദികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് ഷാർലി എബ്ദോ മാഗസിൻ പ്രവാചകന്റെ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ച സംഭവത്തിൽ ഫ്രാൻസിനെതിരെ ഭീഷണിയുമായി അൽ ഖ്വായാദ രംഗത്ത് എത്തിയിരുന്നു. 2015 ലെ ആക്രമണം ഇനിയും ഉണ്ടാവില്ലെന്ന് വിചാരിക്കുന്നത് തെറ്റാണെന്ന് അൽഖ്വായ്ദയുടെ മുന്നറിയിപ്പ് നൽകി. സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ കാർട്ടൂണുകളെ നിന്ദ്യമെന്ന് വിശേഷിപ്പിച്ച പ്രസിദ്ധീകരണത്തിൽ 2015 ലെ ഫ്രാൻസ് പ്രസിഡന്റ് ഫ്രാൻകൊയ്സ് ഓലന്ദിന് നൽകിയ അതേ സന്ദേശം തന്നെയാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനും നൽകാനുള്ളതെന്നും അൽ ഖ്വയ്ദ പറയുന്നു.

പ്രവാചകന്റെ കാർട്ടൂൺ വരച്ചതിന് 2015 ജനുവരി ഏഴിന് വാരികയുടെ പാരീസ് ഓഫീസിൽ മുഖംമൂടി ധരിച്ച തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഫ്രാൻസിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. സെയ്ദ്, ഷെരീഫ് കോച്ചി എന്നീ സഹോദരന്മാർ തോക്കുമായെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് 14 അക്രമികളെ പിടികൂടിയിരുന്നു. ഇവരെ ഫ്രഞ്ച് ഭരണകൂടം വിചാരണ ചെയ്യാൻ തുടങ്ങവെയാണ് വിവാദ കാർട്ടൂൺ വാരിക വീണ്ടും പ്രസിദ്ധീകരിച്ചത്. തങ്ങൾ എഴുന്നേറ്റ് തന്നെ നിൽക്കുമെന്നും ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ലെന്നും ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും വാരികയുടെ ഡയറക്ടർ ലോറന്റ് റിസ് സോറിസോ മുഖപ്രസംഗത്തിലെഴുതി. കവർ ചിത്രത്തിൽ കൊല്ലപ്പെട്ട ജീൻ കാബുട്ട് വരച്ച മുഹമ്മദ് നബിയുടെ കാർട്ടൂൺ ഉൾപ്പെടുത്തി. 'വെറും ഇതിന്റെ പേരിൽ, അതെല്ലാം' എന്ന വലിയ തലക്കെട്ടും നൽകിയിരുന്നു. ഭീഷണിയുമായി മതതീവ്രവാദികൾ വീണ്ടും രംഗത്തുവന്നതോടെ വാരികയുടെ ഓഫീസിന് വൻ സുരക്ഷയാണ് ഫ്രഞ്ച് സർക്കാർ ഒരുക്കിയിരിക്കുന്നത്.

രൂക്ഷവിമർശനുവുമായി ആയത്തുള്ള ഖമെനേയി


കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമെനേയി.കാർട്ടൂൺ ചിത്രങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കാനുള്ള മാസികയുടെ തീരുമാനം മാപ്പർഹിക്കാത്ത കൊടുംകുറ്റമാണെന്നും ഖമെനേയി പറയുന്നു.ഇസ്ലാമിനും മുസ്ലിം സമുദായത്തിനും എതിരെയുള്ള പാശ്ചാത്യ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെ ശത്രുതയെയും വിദ്വേഷത്തെയുമാണ് ഇക്കാര്യം എടുത്തുകാട്ടുന്നതെത്.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇസ്ലാമിന്റെ വിശുദ്ധ പ്രവാചകനെ അപമാനിക്കുന്ന മാസികയുടെ ഈ നടപടിയെ ഫ്രാൻസിലെ രാഷ്ട്രീയനേതാക്കൾ അപലപിക്കാൻ കൂട്ടാക്കാത്തത് വലിയ തെറ്റാണെന്നും ഖമനേയി കൂട്ടിച്ചേർത്തു.അതേസമയം കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചതിലൂടെ മാസിക തെറ്റ് ചെയ്തുവെന്ന് പറയാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ തിരിച്ചടിച്ചു.ദൈവനിന്ദ നടത്താനുള്ള സ്വാതന്ത്ര്യം ഫ്രാൻസിലുണ്ടെന്നും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവുമായിട്ടാണ് അതിന് ബന്ധമെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. അയത്തുള്ള ഖമെനേയി ഇപ്പോഴും ലോകത്തിലെ നല്ലൊരു വിഭാഗം മുസ്ലീങ്ങളുടെ ആരാധ്യനാണ്.

അതുകൊണ്ടുതന്നെ ഇത് ഫ്രാൻസിനെതിരൊയ ജിഹാദ് ആഹ്വാനവുമായി പലരും വിലയിരുത്തുന്നുണ്ട്. എന്നാൽ മാക്രോൺ ആകട്ടെ അത് കൂട്ടാക്കുന്നില്ല. തലപോയാലും താൻ അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടി നിൽനിൽക്കുമെന്ാനണ് അദ്ദേഹം പറയുന്നത്.

തുർക്കിയും ഫ്രാൻസിനെതിരെ തിരിയുന്നു

ഇസ്ലാമിക ലോകത്തെ സ്വയം പ്രഖ്യാപിത ഖലീഫ ആണ് റജബ് തയിബ് എർദോഗാൻ. പുതിയ സംഭവികാസങ്ങളിൽ ഫ്രാൻസ് ഏറ്റവും കൂടുതൽ വിമർശനം കേട്ടതും തുർക്കിയിൽനിന്നാണ്. ഒരു മതേതര രാഷ്ട്രത്തെ തീർത്തും മതവത്ക്കരിച്ച എർദോഗാന് ഒരിക്കലും സ്വപ്നം കാണാൻ പറ്റാത്ത ആശയമാണ് മാക്രോൺ മുന്നോട്ടുവെക്കുന്നത്. നേരത്തെ തന്നെ തുർക്കിയും ഫ്രാൻസും തമ്മിലുള്ള ബന്ധം മോശമായിരുന്നു. കഴിഞ്ഞ ദിവസവും  എർദോഗാനും മക്രോണും തമ്മിലുള്ള തർക്കമുണ്ടായി.

മക്രോണിന് തുർക്കിയെ മാനവികത പഠിപ്പിക്കാനാവില്ലെന്നും ഫ്രാൻസിന്റെ കൂട്ടക്കൊലകളുടെ ചരിത്രം മക്രോൺ ഓർക്കണമെന്നും എർദൊഗാൻ പറഞ്ഞത്.തെക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി മക്രോൺ നടത്തിയ പരാമർശത്തിന് മറുപടിയായാണ് എർദൊഗാന്റെ പ്രസ്താവന. തുർക്കിഷ് ഗവൺമെന്റിനോട് കർശനമായി പെരുമാറണമെന്നും തുർക്കിഷ് ജനത എർദൊഗാൻ സർക്കാരിനേക്കാൾ മികച്ചത് അർഹിക്കുന്നുണ്ടെന്നുമായിരുന്നു ഫ്രാൻസ് പ്രസിഡന്റിന്റെ പരാമർശം. ഗ്രീസ്-തുർക്കി അസ്വാരസ്യങ്ങൾ സൂചിപ്പിച്ചായിരുന്നു മക്രോണിന്റെ പ്രതികരണം.ലിബിയ തീരത്ത് ഒരു ഫ്രഞ്ച് കപ്പലുമായി തുർക്കി സേന തർക്കത്തിൽ ഏർപ്പട്ടത് ചൂണ്ടിക്കാണിച്ച മക്രോൺ തുർക്കി ഇപ്പോൾ മെഡറ്ററേനിയൻ മേഖലയിൽ ഒരു പങ്കാളിയല്ല എന്നും പറഞ്ഞിരുന്നു. ഇതിൽ മക്രോണിനെ നേരിട്ട് പരാമർശിച്ചു കൊണ്ടാണ് എർദൊഗാന്റെ മറുപടി.

'നിങ്ങൾക്ക് ഞങ്ങളെ മാനവികതെ പറ്റി പഠിപ്പിക്കാൻ കഴിയില്ല. നിങ്ങൾക്ക് ചരിത്രത്തെ പറ്റി ഒന്നുമറിയില്ല, ഫ്രാൻസിന്റെ ചരിത്രം നിങ്ങൾക്ക് അറിയില്ല,' എർദൊഗാൻ പറഞ്ഞു.അൾജീരിയയിൽ ഒരു ദശലക്ഷം പേർ കൊല്ലപ്പെടാനിടയായ ചരിത്രത്തിലെ കൂട്ടക്കൊലയും റ്വുവാണ്ടയിൽ എട്ട് ലക്ഷം പേർ കൊല്ലപ്പെട്ടതും എർദൊഗാൻ മറുപടിയിൽ പരാമർശിച്ചു. ' തുർക്കിയോടോ തുർക്കിഷ് ജനതയോടോ കളിക്കാൻ വരരുത്,' എർദൊഗാൻ പറഞ്ഞു.

തുർക്കിയിൽ 1980 ലെ സൈനിക അട്ടിമറിയുടെ 40ാം വാർഷികാചരണത്തിലാണ് എർദൊഗാന്റെ പ്രതികരണം. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ഗ്രീസിന്റെയും സിപ്രസിന്റെയും അധികാരപരിധിയിലേക്ക് തുർക്കി നടത്തുന്ന ഓപ്പറേഷനുകൾ മേഖലയിൽ സംഘർഷ സാധ്യതയ്ക്ക് കാരണമായിരിക്കെയാണ് ഇരു നേതാക്കളും തമ്മിൽ തർക്കം രൂക്ഷമാവുന്നത്.

പ്രശ്നങ്ങൾ വഷളാക്കി മെഡിറ്ററേനിയിനിലെ ഏണ്ണത്തർക്കം

മെഡിറ്ററേനിയൻ കടലിൽ എണ്ണ പര്യവേക്ഷണം നടത്താനുള്ള തുർക്കി തീരുമാനമാണ് ഇവിടെ സംഘർഷങ്ങൾ രൂക്ഷമാക്കിയത്. തർക്ക മേഖലയിലെ നടപടികൾ തുർക്കി നിർത്തിവെക്കണമെന്നും ഗ്രീസ് ആവശ്യപ്പെട്ടു. ഗ്രീസിന് പിന്തുണയുമായി ഫ്രാൻസും രംഗത്തുണ്ട.നാറ്റോ സഖ്യകക്ഷികളായ ഗ്രീസും തുർക്കിയും തമ്മിൽ തർക്കമുള്ള മെഡിറ്ററേനിയൻ കടൽ മേഖലയിൽ ടർക്കിഷള കപ്പൽ എണ്ണ-വാതക പര്യവേക്ഷണത്തിനായി പുറപ്പെട്ടതോടെയാണ മേഖലയിൽ സംഘർഷ സാധ്യത സൃഷടിക്കപ്പെട്ടത്. കപ്പലിന അകമ്പടിയായി നാവികസേനയുമുണ്ട്. ഗ്രീസും മേഖലയിലേക്ക സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടു റഫേൽ ജെറ്റ വിമാനങ്ങൾ അടക്കം ഫ്രഞ്ച സേനയും എത്തിയിട്ടുണ്ട. മെഡിറ്ററേനിയനിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവൽ മാക്രോൺ പറയുന്നു.

ഗ്രീസിനും തുർക്കിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഏയ്ഗൻ കടലിന്റെ അതിർത്തി സംബന്ധമായ തർക്കത്തിൽ ആണ് ഇപ്പൊൾ യുദ്ധതോളം എത്തി നിൽക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ഏയ് ഗൻ കടലിടുക്കിലെ ദ്വീപുകളിൽ ആയിരക്കണക്കിന് വർഷങ്ങൾ ആയി ഗ്രീക്ക് ജന വിഭാഗങ്ങളാണ് വസിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പൊൾ തർക്കത്തിൽ നിൽക്കുന്ന കോണ്ടിനെന്റൽ ഷെൽഫ് സമുദ്ര ഭാഗത്ത് തങ്ങൾക്ക് കൂടെ അവകാശം ഉണ്ടെന്നാണ് തുർക്കി അവകാശം ഉന്നയിച്ചിരിക്കുന്നത്.

അവിടേക്ക് എണ്ണ പര്യവേഷണം ആവശ്യമായി കപ്പലുകളെ അയച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ്. എന്നാൽ ആയിരക്കണക്കിന് വർഷങ്ങളായി തങ്ങൾ കൈവശം വച്ചിരിക്കുന്ന ദ്വീപുകളുടെ ചുറ്റിലുമുള്ള സമുദ്ര ഭാഗത്ത് തുർക്കിക്ക് അവകാശം ഇല്ല എന്നാണ് ഗ്രീസിന്റെയും വാദം. ഏകപക്ഷീമായി എണ്ണ പര്യവേഷണം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് അവർ. ഇതിൽ ഇപ്പൊൾ തർക്ക മേഖലയിൽ വരുന്ന 'കാസ്റ്റലോറിസോ' ദ്വീപ് നൂറ്റാണ്ടുകളായി ഗ്രീസിന്റെത് ആണെങ്കിലും, ഭൂമി ശാസ്ത്ര പരമായി കൂടുതൽ അടുത്തു നിൽക്കുന്നത് തുർക്കിയോടാണ്. എന്നാൽ താരതമ്യേനെ സൈനികമയി ദുർബലരായ ഗ്രീസിനെ ശക്തി ഉപയോഗിച്ചും സമ്മർദ്ദ തന്ത്രം ഉപയോഗിച്ചും നേരിടാനാണ് തുർക്കി തീരുമാനിച്ചത്. അതിന്റെ ഭാഗം ആയി പര്യവേഷക കപ്പലുകളോടൊപ്പം എസ്‌കോർട്ട് ആയി യുദ്ധ കപ്പലുകളും തുർക്കി അയച്ചു.

ഇതിനെ തുടർന്നാണ് നാറ്റോ അംഗ രാജ്യവും യൂറോപ്യൻ യൂണിയൻ അംഗവുമായ ഗ്രീസിനെ സംരക്ഷിക്കാൻ ഫ്രാൻസ് വിഷയത്തിൽ ഇടപെട്ടത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഫ്രാൻസ് ഇതോടെ ഏതാനും ഫൈറ്റർ ജെറ്റ് വിമാനങ്ങളും യുദ്ധ കപ്പലുകളും മേഖലയിൽ വിന്യസിക്കുകയുണ്ടായി. അതോടു കൂടി തുർക്കിയെ സംബന്ധിച്ചിടത്തോളം കര്യങ്ങൾ കൈ വിട്ടു പോയിരിക്കുക യാണ്. എന്നാൽ തങ്ങൾ ഒരിക്കലും തങ്ങളുടെ ഉദ്യമത്തിൽ നിന്ന് പുറകോട്ടു ഇല്ലെന്നും, പക്ഷേ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നുമുള്ള സമീപനമാണ് തുർക്കി ഇപ്പൊ കൈ കൊള്ളുന്നത്. അതേ സമയം, ഗ്രീസ്-തുർക്കി മേഖലയിൽ ശക്തമായ സൈനിക വിന്യസത്തിലൂടെ ഫ്രാൻസ് യുദ്ധത്തിന് മുറവിളി കൂട്ടുക ആണെന്നും, സൈപ്രസ്, ക്രീറ്റ് രാജ്യങ്ങളെ കൂടെ ഫ്രാൻസ് തുർക്കിയോടുള്ള യുദ്ധത്തിന് പ്രകോപിപ്പിക്കുന്നുവെന്നും ഏർദോഗന് ആരോപിച്ചു.

ഒരുകാലത്ത് ക്രിസ്തൻ ദേവാലയമായിരുന്ന ഹാഗിയ സോഫിയ എന്ന മ്യൂസിയം മുസ്ലിം പള്ളിയാക്കിയും, യുഎഇ ഇസ്രയേൽ കരാറിനെ അപലപിച്ചു കൊണ്ട് യുഎഇയുമായി നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിച്ചും, കശ്മീർ പ്രശ്‌നത്തിൽ അനാവശ്യമായി ഇടപെട്ടും, ലോക മുസ്ലീങ്ങളുടെ നേതാവ് പരിവേഷം ആർജ്ജിച്ചു എടുക്കാൻ തന്നാൽ കഴിയുന്നത് എല്ലാം ചെയ്യുന്ന തുർക്കി പ്രസിഡന്റ്, താൻ സ്വയം സൃഷ്ടിച്ചു എടുത്ത പ്രതിച്ഛായ നില നിർത്താൻ ശ്രമിച്ചാൽ വേണമെങ്കിൽ ഒരു യുദ്ധത്തിലേക്ക് കൂടെ പോകാനുള്ള തരത്തിൽ കലുഷിതമായ സാഹചര്യമാണ് ഗ്രീസിനും തൂർക്കിക്കും ഇടയിൽ നില നിൽക്കുന്നത്. അത് ലോക വ്യാപകം ആയി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒരു പക്ഷെ ചിന്തിക്കവുന്നതിലും അപ്പുറമായിരിക്കും. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയന്റെയും ഐക്യരാഷ്ട്രസഭയുടെയും അടിയന്തര ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിയേണ്ടി ഇരിക്കുന്ന എന്നാണ് ലോക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

 മാക്രോൺ ഇല്ലായിരുന്നെങ്കിൽ ഗ്രീസിനെ നിഷ്പ്രയാസം തുർക്കി ഒതുക്കാമായിരുന്നു. മാത്രമല്ല സമ്മർദങ്ങൾ അടിമപ്പെടുന്ന ഒരു പ്രസിഡന്റ് ആയിരുന്നെങ്കിൽ ഇസ്ലാമിനെ വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാവുമായിരുന്നില്ല. അവിടെയാണ് മാക്രോൺ വ്യത്യസ്നാവുന്നത്.

നേപ്പാളിയനുശേഷം ഫ്രാൻസ് കണ്ട പ്രായം കുറഞ്ഞ ഭരണാധികാരി

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഭരണകാലത്തിനു ശേഷം ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി എന്ന കീർത്തിയോടെയാണ് 2017ൽ, 39കാരനായ ഇമ്മാനുവൽ മാക്രോൺ അധികാരത്തിലേറ്റിയത്. കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയും രാഷ്ട്രീയ നിലപാടാക്കിയ മരീൻ ലീപെന്നോയെ 65.5 ശതമാനം വോട്ടിനാണ് മക്രോൺ പരാജയപ്പെടുത്തിയത്. ലീപെന്നോക്ക് 34.9 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

1958ൽ ഫ്രഞ്ച് ഭരണഘടന നിലവിൽ വന്നതു മുതൽ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കൻ പാർട്ടികളാണ് മാറിമാറി രാജ്യം ഭരിച്ചിരുന്നത്. എന്നാൽ, മക്രോണിന്റെ വിജയത്തോടെ ഇത് പഴങ്കഥയായി. നിലവിലെ പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലൻഡിന്റെ സോഷ്യലിസ്റ്റ് പാർട്ടി വിട്ടാണ് മാക്രോൺ എന്മാർഷെ പ്രസ്ഥാനം രൂപവത്കരിച്ചത്. മുൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ കൂടിയായ മാക്രോൺ നേരത്തെ ധനകാര്യമന്ത്രിയുമായിരുന്നു. സാമ്പത്തിക ഉദാരീകരണത്തെ പിന്തുണക്കുന്ന ഇടത് അനുഭാവിയാണ് മാക്രോൺ എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ ഒറ്റവാചകത്തിൽ വിവക്ഷിക്കാം .

ആം ആദ്മിപോലെ ഫ്രാൻസിൽ എൻ മാർഷെ

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിപോലെ വെറും ഒരു വർഷം കൊണ്ട് തെരഞ്ഞെടുപ്പ് ജയിച്ചാണ് മാക്രോൺ അധികാരത്തിലേറുന്നത്. എൻ മാർഷെ എന്ന പുത്തൻ രാഷ്ട്രീയ പ്രസ്ഥാനവുമായിട്ടായിരുന്നു മാക്രോണിന്റെ വരവ്. താഴേത്തട്ടിലുള്ള പ്രവർത്തകരുടെ ശക്തി തന്നെയായിരുന്നു മാക്രോണിന്റെ പിൻബലം. ആറ് പതിറ്റാണ്ടുകാലം ഫ്രഞ്ചിൽ അടക്കി വാണ ഇടതു വലതു പാർട്ടികളെ നിഷ്പ്രഭരാക്കി മറ്റു രണ്ടു പാർട്ടികൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുന്നിലെത്തുന്നത് ആദ്യമായാണ്. എല്ലാ മതസ്ഥർക്കും തുല്യ പരിഗണനയോടെ ജീവിക്കാൻ അനുവദിക്കുകയെന്ന യൂറോപ്യൻ പാരമ്പര്യത്തിന്റെ പൊതുതത്വം അന്യംനിന്നുപോയെങ്കിലും ഫ്രാൻസിൽ ആ ആശയമാണ് മാക്രോൺ പ്രചാരണത്തിന് ഉയർത്തിയത്.

പ്രസിഡന്റായാൽ യൂറോപ്യൻ യൂണിയനിൽ നിന്നും യൂറോ നാണയത്തിൽ നിന്നും പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്ന മാരിൻ ലെ പെനിന്റെ രാഷ്ട്രീയ നിലപാടുകൾ ഫ്രഞ്ച് ജനത പൂർണ്ണമായും തള്ളിക്കളഞ്ഞു എന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത് . ദേശീയ തെരഞ്ഞെടുപ്പുകളിൽ ഇടപെടാത്ത യൂറോപ്യൻ യൂണിയൻ ഇത്തവണ മാക്രോണിനെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു . യൂറോപ്പിലെ ഏറ്റവും കരുത്തയായ ജർമൻ ചാൻസലർ ആംഗലേയ മെർക്കൽ, യൂറോപ്യൻ യൂണിയന്റെ മുഖ്യചർച്ചക്കാരൻ മിഷേൽ ബാർണിയർ എന്നിവർ അടക്കം ഒട്ടേറെ പേർ മാക്രോണിനെ പിന്തുണച്ചു രംഗത്തെത്തി. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും മാക്രോണിന് വോട്ടു ചെയ്യണമെന്നു ഫ്രഞ്ച് ജനതയോട് ആവശ്യപ്പെട്ടു. കടുത്ത ദേശീയവാദിയായ മറീൻ ലെ പെന്നിന്റെ വിജയം യൂറോപ്പിന്റെയും നാറ്റോ ഉൾപ്പെടെയുള്ള പാശ്ചാത്യ സഖ്യങ്ങളുടെയും അടിത്തറയിളക്കുമെന്ന് യൂറോപ്പാകമാനം ഭയപ്പെട്ടതാവാം മക്രോണിന് ലഭിച്ച കൂട്ടപിന്തുണയുടെ കാരണം. പക്ഷേ തീവ്ര കുടിയേറ്റ വിരുദ്ധതയും ഇസ്ലാം വിരുദ്ധതയും ഉയർത്തുന്ന വലതുപക്ഷ ഗ്രൂപ്പുകൾക്ക് തിരിച്ചടിയായിരുന്നു മാക്രോണിന്റെ വിജയം. പക്ഷേ ഇസ്ലാമിസ്റ്റുകൾ നിരന്തരം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ മനുസുമാറ്റിയരിക്കയാണ്. തെരഞ്ഞെടുപ്പിൽ ലിബറൽ ഇസ്ലാമിസ്റ്റുകളുടെ പിന്തുണയും മാക്രാണിന് ഉണ്ടായിരുന്നു. എന്നാൽ ഷെർലി പിന്തുണക്കുകയും. തുർക്കിയുമായി ഇടയുകയും ചെയ്തതോടെ ഇപ്പോൾ മാക്രാണിന് ആ പിന്തുണ അന്യമായി.

ഇസ്ലാമോ ഫോബിയക്ക് തിരികൊളുത്തിയത് ഈ കൂട്ടക്കൊല

പാരീസിലെ പ്രമുഖ ഹാസ്യ വാരികയാണ് ഷാർലി എബ്ദോ. വാർത്തയെയും വ്യക്തികളെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മാസിക ഇസ്ലാമിക നേതാക്കളെ പരിഹസിക്കുന്ന കാർട്ടൂണുകളും മറ്റും നൽകി പലതവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. തീവ്രഇടതുപക്ഷനിലപാടുള്ള 'ഷാർലി എബ്‌ഡോ'യുടെ മുഖമുദ്ര അതിരുവിട്ട ആക്ഷേപഹാസ്യമായിരുന്നു.1970 ലാണ് വാരികയുടെ ുടക്കം. വലിയ പ്രചാരമില്ലാതായതോടെ 81 ൽ പ്രസിദ്ധീകരണം നിലച്ചു. പത്തുവർഷത്തിന് ശേഷം പുന പ്രസിദ്ധീകരണമാരംഭിച്ചു. കടുത്ത വിമർശനാമയിരുന്നു ഇവരുടെ കാതൽ . അതുകൊണ്ടുതന്നെ ഭൂരിഭാഗം ജീവനക്കാരും പത്രാധിപരും കാർട്ടൂണിസ്റ്റും തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

മാർപാപ്പമാരും പ്രസിഡന്റുമാരും മുഹമ്മദ് നബിയുമെല്ലാം ഷാർലി എബ്‌ഡോയുടെ ആക്ഷേപത്തിനിരയായിട്ടുണ്ട്. പ്രവാചകനെ പത്രാധിപരായി ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യരേഖാചിത്രം പുറംചട്ടയിൽ നൽകിയതിന് 2011 ൽ മാസികയുടെ ഓഫീസിനുനേരെ ബോംബാക്രമണമുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവായ അബുബക്കർ അൽ ബാഗ്ദാദിയുടെ കാർട്ടൂൺ വാരിക ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നുള്ള ഭീഷണിമൂലം പത്രാധിപർക്ക് പ്രത്യകം അംഗരക്ഷകരെ വെച്ചിരുന്നു. അതിരുവിട്ട ആക്ഷേപഹാസ്യമായിരുന്നു മുഖമുദ്ര. കുടിയേറ്റക്കാരുടെ രക്തമിറ്റുവീഴുന്ന തലകളുമേന്തിനിൽക്കുന്ന പൊലീസുകാർ, സ്വയംഭോഗം ചെയ്യുന്ന കന്യാസ്ത്രീകൾ, ഗർഭനിരോധന ഉറധരിച്ച മാർപാപ്പമാർ തുടങ്ങി അങ്ങേയറ്റം പ്രകോപനപരമായി കാർട്ടൂണുകളും വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നത് വിമർശനത്തിനിടയാക്കിയിരുന്നു.

'' മുഹമ്മദ് എനിക്ക് വിശുദ്ധനല്ല. ഞങ്ങളുടെ വരകൾകണ്ട് ചിരിക്കാത്ത മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ ഫ്രഞ്ച് നിയമത്തിന് കീഴിലാണ് കഴിയുന്നത്. ഖുറാൻ നിയമത്തിനുകീഴിലല്ല ''-എന്നായിരുന്നു പത്രാധിപർ സ്റ്റെഫാൻ ചാർബോണറുടെ നിലപാട്. പക്ഷേ 2015 ജനുവരി ഏഴിന് മധ്യ പാരീസിലുള്ള ഓഫീസിന് നേർക്ക് നടന്ന വെടിവെയ്പിൽ 11 പേർ കൊല്ലപ്പെട്ടപ്പോൾ ലോകം നടുങ്ങി. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് വെടിവെയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും കലാഷ്‌നിക്കോവ് റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികൾ രക്ഷപെടുന്നതിനിടെ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും മാധ്യമപ്രവർത്തകരായിരുന്നു. ചാർലി ഹെബ്ദോയുടെ എഡിറ്റർ ഇൻ ചീഫും കാർട്ടൂണിസ്റ്റുമായ സ്റ്റെഫാൻ ചാർബോണർ, കാർട്ടൂണിസ്റ്റുകളായ കാബു, ദിഗ്‌നസ്, ജോർജ് വൊളിൻസ്‌കി എന്നിവ്ര മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെയാണ് ഫ്രാൻസിൽ തീവ്ര വലതുപക്ഷം ശക്തമായതും ഇസ്ലാമോ ഫോബിയ വ്യാപകമായതും.

യൂറോപ്പിലെതന്നെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യ ഫ്രാൻസിലാണ്, പ്രകടമായ ഏറ്റവും വലിയ മുസ്ലിം വിരുദ്ധതയും ഇവിടെത്തന്നെ എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ മാക്രോൺ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇവരിൽനിന്നുതന്നെ.

ലോകത്തിൽ ആദ്യമായി ബുർഖ നിരോധിച്ചു

ലോകത്ത് എമ്പാടുമുള്ള കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത രാഷ്ട്രമായിരുന്നു സ്‌കാൻഡനേവിയൻ രാജ്യങ്ങളെപോലെ തന്നെ ഫ്രാൻസും. പക്ഷേ ഈ കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ രാജ്യത്ത് കുറ്റകൃത്യ നിരക്കും മതപരതയും വർധിക്കുന്നതാണ് കണ്ട്. ലോകത്ത് എവിടെപ്പോയാലും ആ രാജ്യത്തിന്റെ സംസ്‌ക്കാരത്തെ സ്വാംശീകരിക്കാതെ സ്വയം ഒരു തുരുത്തായി ഇരിക്കാൻ ശ്രമിച്ച ഇസ്്ലാമിസ്റ്റുകൾ ഫ്രാൻസിൽ വലതുപക്ഷ തീവ്രാവാദത്തിനും വഴിതെളിയിച്ചു. അങ്ങനെയാണ് പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും ബുർഖ നിരോധിക്കുന്ന കടു്തത നടപടിയിലേക്ക് ഫ്രാൻസിന് കടക്കേണ്ടി വന്നത്.

ലോകത്ത് ആദ്യമായി ബുർഖ നിരോധിക്കുന്നത് ഫ്രാൻസിലാണ്. 2011 ഏപ്രിലിൽ പൊതുവിടങ്ങളിൽ അടക്കം ബുർഖ ധരിച്ചുവരുന്നത് ഫ്രാൻസ് നിയമം മൂലം നിരോധിച്ചു. നിയമം ലംഘിച്ച് ബുർഖ ധരിച്ചുവരുന്നവരിൽ നിന്ന് 150 യൂറോയും മുഖം മറയ്ക്കാൻ യുവതികളെ നിർബന്ധിക്കുന്നവരിൽ നിന്ന് 30,000 യൂറോയും പിഴ ഈടാക്കുകയും ചെയ്യും.ഫ്രാൻസിന് പിന്നാലെ 2011ൽ ബെൽജിയവും ബുർഖ നിരോധനം നടപ്പിലാക്കി. നിയമം ലംഘിച്ചാൽ 15 മുതൽ 25 വരെ യൂറോ പിഴയാണ് ബെൽജിയത്തിൽ നിലവിലുള്ളത്. ബുർഖ നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം ബെൽജിയത്തിലുണ്ടായി. ബെൽജിയത്തിന് പിന്നാലെ നെതർലാൻഡ്‌സും മുഖം മറച്ചുള്ള വസ്ത്രധാരണത്തിനെതിരെ രംഗത്തെത്തി. സ്‌കൂൾ, ആശുപത്രി, പൊതുഗതാഗതം, സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് വരുന്നതിനാണ് വിലക്ക്. അതേസമയം പൊതുനിരത്തിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നതിന് വിലക്കുകളില്ല.ഇസ്ലാം മതവിശ്വാസികളുടെ വേഷമായ ബുർഖ ഏറ്റവും അവസാനമായി നിരോധിച്ചത് ശ്രീലങ്കയിലാണ്. ഈസ്റ്റർ ദിനത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനം ഉയർത്തിയ ഭീഷണിയിലാണ് ആളുകളെ തിരിച്ചറിയാൻ മുഖം മറച്ചുള്ള വസ്ത്രധാരണം വേണ്ടെന്ന് ശ്രീലങ്ക തീരുമാനിക്കുന്നത്.

ഇതിനെതിരെ പക്ഷേ മുസ്ലിം സ്ത്രീകളെ അണി നിരത്തി വലിയ ബഹളമാണ് ഇസ്ലാമിസ്റ്റുകൾ ഉയർത്തിയത്. പക്ഷേ 2014ൽ ശിരോവസ്ത്ര നിരോധന യൂറോപ്യൻ മനുഷ്യാവകാശ കോടതി അംഗീകരിച്ചു. അത് സമത്വത്തിന് എതിരാണെന്നുള്ള ഫ്രാൻസിന്റെ വാദമാണ് അവിടെയും അംഗീകരിക്കപ്പെട്ടത്. നിരോധനം മതസ്വാതന്ത്ര്യത്തിനെതിരാണെന്ന വാദം കോടതി തള്ളി. ഫ്രാൻസ് കൊണ്ടുവന്ന നിയമം സമൂഹത്തിൽ പാരസ്പര്യം നിലനിർത്താനുതകുന്നതാണെന്ന് കോടതി വിലയിരുത്തി. പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച 24-കാരിയാണ് മനുഷ്യാവകാശ കോടതിയിൽ ഇതുസംബന്ധിച്ച പരാതി നൽകിയത്. പൊതുസ്ഥലത്ത് മുഖപടം മാറ്റുന്നത് തന്നെ തരംതാഴ്‌ത്തുന്ന നടപടിയാകുമെന്ന് യുവതി വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് മുഖപടം ധരിക്കുന്നതെന്നും സുരക്ഷാ ആവശ്യങ്ങൾ വരുമ്പോൾ അത് നീക്കാമെന്നും അവർ ബോധിപ്പിച്ചു.

ലിംഗസമത്വം, അന്തസ്സ്, സമൂഹത്തിൽ ജീവിക്കാനാവശ്യമായ ചുരുങ്ങിയ പരസ്പര ബഹുമാനം എന്നീ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ബുർഖ നിരോധനം നടപ്പാക്കിയതെന്ന് ഫ്രഞ്ച് സർക്കാർ വാദിച്ചു. ഇതിൽ മൂന്നാമത്തെ കാര്യം മാത്രം കോടതി അംഗീകരിച്ചു. നിരോധനം യൂറോപ്യൻ മനുഷ്യാവകാശ ഉടമ്പടി ലംഘിക്കുന്നില്ലെന്ന കാഴ്ചപ്പാടിനോട് 19 ജഡ്ജമാരിൽ രണ്ടുപേർ മാത്രം വിയോജിച്ചു. എന്നാൽ പരാതിക്കാരി ഇതുവഴി യാതൊരു വിവേചനത്തിനും ഇരയായില്ലെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു.

വലതുപക്ഷവും ഇസ്ലാമിസ്റ്റുകളും കലുഷിതമാക്കുന്ന രാഷ്ട്രീയം

കടുത്ത ഇസ്ലാമിക വിരുദ്ധതയും, വേഗമേറിയ വലതുപക്ഷവൽക്കരണവുമാണ് ലോകത്തിലെ ഏറ്റവും ഉദാത്ത ജനാധിപത്യങ്ങളിൽ ഒന്നായി വാഴ്‌ത്തപ്പെടുന്ന ഫ്രാൻസിന്റെ വർത്തമാനകാല വെല്ലുവിളികൾ .ഫ്രഞ്ച് ഇസ്ലാമിനെക്കുറിച്ച ചർച്ചകളിലെല്ലാം homegrown jihadsim എന്ന പദം കടന്ന് വരാറുണ്ട്. ചിലർ ഇസ്ലാമിനെയും മുസ്ലിംകളെയും ഭീകരതയുമായി ചേർത്ത് നിർത്തി സംസാരിക്കുമ്പോൾ മറ്റ് ചിലർ ( പ്രധാനമായും ലെഫ്റ്റിസ്റ്റുകൾ) ഭീകരതയെ നിർമ്മിക്കുന്നത് ഇസ്ലാമോഫോബിയ, വംശീയത തുടങ്ങിയ ഘടകങ്ങളാണ് എന്നാണ് പറയുന്നത്. ചരുക്കിപ്പഞ്ഞാൽ ഇസ്ലാവും വലതുപക്ഷവും ഒരുപോലെ ഫ്രാൻസിന്റെ ജീവിതം കലുഷിതമാക്കുന്നു. ലോകത്തിലെ ഏറ്റവും ശാന്തിയും സമാധാനവും ഉണ്ടായിരുന്നു സ്‌കാൻഡനേവിയൻ രാജ്യങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചത്.

സമത്വത്തിന്റെ തുല്യതയുടെ ആശയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ രാജ്യത്തുനിന്ന് കടുത്ത വംശീയവാദത്തിന്റെ വാർത്തകളും പുറത്തുവരുന്നുണ്ട്. 2009 ലെ ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഫ്രാൻസിലെ മുസ്ലിംകളും കറുത്തവരും അനുഭവിക്കുന്ന തീക്ഷ്ണമായ റേഷ്യൽ പ്രൊഫൈലിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആ വർഷം തന്നെ പുറത്തിറങ്ങിയ വേറൊരു പഠനത്തിൽ പറയുന്നത് വെളുത്തവരെ അപേക്ഷിച്ച് കറുത്തവരും നോർത്താഫ്രിക്കക്കാരും ദിനേനയെന്നോണം വംശീയാതിക്രമങ്ങൾക്ക് വിധേയമാകുന്നുണ്ട് എന്നാണ്. അതേസമയം മുസ്ലിം സ്ത്രീകൾ ഇരയാകുന്നത് ലീഗൽ ഇസ്ലാമോഫോബിയക്കാണ്. ഐക്യഖണ്ഡേനയാണ് ഫ്രഞ്ച് നാഷണൽ അസംബ്ലി ഹെഡ്‌സ്‌കാർഫ് നിരോധനം നടപ്പിലാക്കിയത്. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ഭാവിയാണ് ഇല്ലാതായത്. ഈ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടാണ് One School for all collective എന്ന പേരിൽ ഒരു സോഷ്യൽ മൂവ്‌മെന്റ് ഫ്രാൻസിൽ രൂപം കൊള്ളുന്നത്.

ക്രിസ്ത്യൻ - മുസ്ലിം കുരിശുയുദ്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ ആധുനികത നമ്മെ അതിൽനിന്നെല്ലാം മോചിപ്പിച്ചു. പക്ഷേ പുതിയ സംഭവികാസങ്ങളോടെ ഇസ്ലാമിക ഭീകരരുടെയും നോട്ടപ്പുള്ളിയാവുകയാണ് ഫ്രാൻസ്. ഒപ്പം ആഭ്യന്തര ഭീഷണിയും. പക്ഷേ എന്നിട്ടും തലപോയാലും ഞാൻ അഭിപ്രായ സ്വതന്ത്ര്യത്തിന് വേണ്ടി നിലനിൽക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറയുന്നത്. മതം കിടക്കാൻ പറഞ്ഞാൽ ഇഴയുന്ന ഭരണാധികൾ ഏറെയുള്ള ലോകത്ത് ഈ ഒറ്റയാന് എന്ത് ചെയ്യാൻ കഴിയുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.