പാരീസ്: ഫ്രാൻസിൽ തൊഴിലില്ലായ്മ നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നതെന്ന് റിപ്പോർട്ട്. 2007-ൽ ആഗോള മാന്ദ്യം തുടങ്ങിയതിനു ശേഷം തൊഴിലില്ലായ്മ നിരക്ക് ഇത്രയും കുറഞ്ഞ് രേഖപ്പെടുത്തുന്നത് ഇപ്പോഴാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അടുത്ത കാലത്തായി തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തി വരികയായിരുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 0.7 ശതമാനത്തിലാണ് ഇപ്പോഴുള്ളത്. 2011-നു ശേഷം ഇതാദ്യമായാണ് നാലു മാസം തുടർച്ചയായി തൊഴിലില്ലായ്മ നിരക്കിൽ ഇടിവു രേഖപ്പെടുത്തുന്നതെന്ന് ലേബർ മിനിസ്റ്റർ മിറിയം എൽ ഖോംമ്‌റി ചൂണ്ടിക്കാട്ടി.  ഒരു വർഷമായി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനത്തിൽ തന്നെ നിൽക്കുകയായിരുന്നു.
രാജ്യത്ത് പത്തിൽ ഒരാൾക്ക് തൊഴിലില്ലാത്ത സാഹചര്യം നിലവിലുണ്ടായിരുന്നപ്പോൾ തൊഴിലില്ലായ്മക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ചയാളാണ് പ്രസിഡന്റ് ഫ്രാങ്കോ ഒലന്തേ.

രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ സാധിക്കാത്ത പക്ഷം താൻ 2017-ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. 2012-ൽ ഒലന്തേ പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ ഫ്രാൻസിൽ തൊഴിലില്ലാത്ത 650,000 പേർ രജിസ്റ്റർ ചെയ്തിരുന്നത്.  യൂറോ സോണിൽ സാമ്പത്തിക മാന്ദ്യം കടുത്ത നിലയിൽ ആയിരിക്കുന്ന അവസ്ഥയായിരുന്നു അന്ന്. എന്നാൽ അതെല്ലാം പരിഹരിച്ച് രാജ്യത്ത് തൊഴിലില്ലായ്മ താഴ്ന്ന നിലയിലേക്ക് കൊണ്ടു വരാൻ സാധിച്ചതും പ്രസിഡന്റിന്റെ ദീർഘവീക്ഷണവും സാമ്പത്തിക നയങ്ങളുമാണെന്നും വിലയിരുത്തുന്നുണ്ട്.