പാരീസ്: സ്വവർഗാനുരാഗികളായ പുരുഷന്മാരെ രക്തം ദാനം ചെയ്യുന്നതിൽ നിന്നു വിലക്കിക്കൊണ്ട് ഫ്രാൻസിലെ നാഷണൽ എത്തിക്‌സ് കമ്മിറ്റി പ്രസ്താവന പുറപ്പെടുവിച്ചു. എന്നാൽ ഇതു നിയമം ആക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഏറെ ഗവേഷണങ്ങൾ വേണ്ടി വരുമെന്നും ഇവർക്കുള്ള വിലക്ക് ആജീവനാന്തമാണെന്നും എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ തീരുമാനത്തിനെതിരേ കടുത്ത എതിർപ്പുമായി സ്വവർഗാനുരാഗികളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

നിലവിൽ സ്വവർഗാനുരാഗികൾ രക്തം ദാനം ചെയ്യുന്നത് സർക്കാർ വിലക്കിയിട്ടുണ്ടെങ്കിലും വിലക്ക് തുടരാനാണ് നാഷണൽ കൾസൾട്ടേറ്റീവ് എത്തിക്‌സ് കമ്മിറ്റി (സിസിഎൻഇ) ശുപാർശ ചെയ്തിരിക്കുന്നത്. വിലക്ക് നീക്കം ചെയ്യണമെങ്കിലും വിലക്ക് നിയമമായി മാറ്റണമെങ്കിലും ഇക്കാര്യത്തിൽ ഏറെ ഗവേഷണം വേണ്ടി വരുമെന്നും പൊതുജനത്തിന്റെ ആരോഗ്യസംരക്ഷ പരിഗണിച്ച് തത്ക്കാലം വിലക്ക് തുടരുകയാണ് വേണ്ടതെന്ന് സിസിഎൻഇ സർക്കാരിനോട് നിർദേശിക്കുകയായിരുന്നു.

രക്തം ദാനം ചെയ്യുകയെന്നത് അവകാശമല്ലെന്നും അത് സ്വീകരിക്കുന്ന ആളുടെ ആരോഗ്യ സംരക്ഷണമാണ് ഇതിൽ പരമപ്രധാനമെന്നും സിസിഎൻഇ പ്രസിഡന്റ് ജീൻ അമെയ്‌‌സൺ ചൂണ്ടിക്കാട്ടി. സ്വവർഗാനുരാഗിയായ പുരുഷന്റെ രക്തം ഉപയോഗിക്കുന്നതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഇപ്പോഴും അവ്യക്തയാണ് നിലനിൽക്കുന്നതെന്നും ചില റിപ്പോർട്ടുകളെ പരാമർശിച്ചുകൊണ്ട് ജീൻ അമെയ്‌‌സൺ വ്യക്തമാക്കി.

അടുത്തിടെ ആരോഗ്യമന്ത്രി മാരിസോൺ ടൂറിൻ പ്രഖ്യാപിച്ച പുതിയ ആരോഗ്യ പരിഷ്‌ക്കാരങ്ങളിൽ ഇതു സംബന്ധിച്ച പരാമർശം ഉണ്ടായതിനെ തുടർന്നാണ് പ്രശ്‌നം വീണ്ടും ഉയർന്നത്.