- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭീകരത തടയാൻ കടുത്ത നടപടിയുമായി ഫ്രാൻസ്; 92 മസ്ജിദുകൾ പൂട്ടിച്ചു; ഖുറാനിക് സ്കൂളുകൾ തുറക്കാൻ അനുവദിക്കില്ല; ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കും; നിലപാട് കടുപ്പിച്ച് ഇമ്മാനുവൽ മക്രോൺ
പാരീസ്: ഫ്രാൻസിൽ ഭീകരത പ്രവർത്തനങ്ങൾ ഫലപ്രദമായി ചെറുക്കുന്നതിനും മത മൗലിക വാദ പ്രവർത്തനങ്ങൾക്ക് തടയുന്നതിനുമായി രാജ്യത്തെ മസ്ജിദുകൾ കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം ഏഴ് മസ്ജിദുകൾ കൂടി പൂട്ടാനാണ് സർക്കാർ തീരുമാനം.
തീവ്രവാദം വർധിച്ചുവരുന്ന സാഹചര്യത്തിൽ മസ്ജിദുകളും ചില സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിൽ ഇതുവരെ പൂട്ടിയത് 92 മസ്ജിദുകളാണ്.
കഴിഞ്ഞ ദിവസമാണ് ലെ മാൻസിന് സമീപമുള്ള അലോൺസിലെ മസ്ജിദ് അടച്ചു പൂട്ടാൻ ഫ്രഞ്ച് സർക്കാർ ഉത്തരവിട്ടത്. ഇസ്ലാമിക ഭീകരത വർധിപ്പിക്കാനും അക്രമങ്ങൾക്ക് വഴിയൊരുക്കാനും മസ്ജിദ് സഹായിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
രാജ്യത്തിന്റെ ഐക്യത്തിന് എതിരുനിൽക്കുന്ന ഒരു പ്രവർത്തിയും അംഗീകരിക്കില്ലെന്നും ആറ് മാസത്തേക്ക് അലോൺസിലെ മസ്ജിദ് പൂട്ടിയിടാനാണ് തീരുമാനമെന്നും ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ വ്യക്തമാക്കി. ഇതിന് പുറമെ മസ്ജിദിന്റെ എല്ലാ പ്രവർത്തികളും വിലയിരുത്താനും ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനും ഉത്തരവിട്ടു.
മസ്ജിദിന്റെ കീഴിലുള്ള ഖുറാനിക് സ്കൂളും പൂട്ടിയിടും. ആയുധ ശേഖരണത്തിന് സ്കൂൾ ഉപയോഗിച്ചെന്നും ഇസ്ലാമിക മതമൗലിക വാദവും ഭീകര പ്രവർത്തനവും വ്യാപിപ്പിക്കാൻ ഇടവരുത്തിയെന്നും ആരോപിച്ചാണ് സ്കൂൾ പൂട്ടിയിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അലോൺസിലെ മസ്ജിദിന് പുറമെ ഏഴ് മസ്ജിദുകൾ കൂടി ഈ വർഷം പൂട്ടാനാണ് സർക്കാർ തീരുമാനമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ നടത്തിവരുന്ന നടപടികളുടെ ഭാഗമായി 2020 മുതൽ 92 മസ്ജിദുകളാണ് പൂട്ടിയത്. ആകെ 2500 മസ്ജിദുകളാണ് ഫ്രാൻസിലുള്ളത്. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിൽ ഭീകരവാദം തടയാൻ നിരവധി പദ്ധതികൾ നേരത്തെ തന്നെ ആവിഷ്കരിച്ചിരുന്നു.
മൗലികവാദത്തിന് കൂച്ചുവിലങ്ങിടാൻ മതമൗലികവാദ വിരുദ്ധ ബിൽ പ്രാവർത്തികമാക്കാനാണ് സർക്കാർ തീരുമാനം. 2015ൽ ചാർലി ഹെബ്ഡോ മാഗസിനിൽ ഒരു കാർട്ടൂൺ പ്രദർശിപ്പിച്ചതിന്റെ പേരിൽ നടത്തിയ ആക്രമണത്തിന് ശേഷം നിലപാട് കടുപ്പിച്ചിരുന്നു. മതമൗലികവാദമോ മതവെറിയോ ഓൺലൈനിൽ പ്രചരിപ്പിച്ചാൽ ഉടനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകുന്നതാണ് ഈ നിയമം. മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാനും ഈ ബിൽ അനുശാസിക്കുന്നു. 45.000 യൂറോ പിഴയും നൽകണം.
മത തീവ്രവാദികൾ ഒരു അദ്ധ്യാപകൻ സാമുവൽ പാറ്റിയുടെ തലവെട്ടിയ സംഭവത്തോടെ കടുത്ത നടപടികൾക്ക് ഭരണകൂടം തയ്യാറാകുകയായിരുന്നു. അതേ സമയം ഭീകരവാദത്തിനെതിരെ പ്രസിഡന്റ് മാക്രോൺ ശക്തമായ നിലപാട് എടുത്തുതുടങ്ങിയതോടെ പാക്കിസ്ഥാനും ഫ്രാൻസും തമ്മിൽ ശത്രുത മൂർച്ഛിച്ചിരുന്നു.
ചാർലി ഹെബ്ഡോയിൽ വന്ന കാർട്ടൂണിനെ പക്ഷെ മാക്രോൺ അപലപിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ മന്ത്രി മസാറി ഫ്രാൻസിലെ പ്രസിഡന്റിനെതിരെ ട്വീറ്റ് ചെയ്തതിരുന്നു 'നാസികൾ യഹൂദന്മാരോട് ചെയ്തതാണ് മാക്രോൺ മുസ്ലീങ്ങളോട് ചെയ്തതെന്നായിരുന്നു ഈ ട്വീറ്റ്. എന്നാൽ ഈ ട്വീറ്റിനെതിരെ ഫ്രാൻസിൽ ശക്തമായ പ്രതിഷേധം ഉണ്ടായതോടെ പാക്കിസ്ഥാൻ മന്ത്രി ഈ ട്വീറ്റ് പിൻവലിച്ചിരുന്നു.
ന്യൂസ് ഡെസ്ക്