പാരീസ്: ഇന്ത്യക്കാർക്ക് രണ്ടു ദിവസം കൊണ്ട് ഫ്രാൻസ് ടൂറിസ്റ്റ് വിസാ ഇഷ്യൂ ചെയ്യുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്തു. ഫ്രാൻസിലേക്കുള്ള ടൂറിസ്റ്റ് വിസാ നിയമത്തിൽ ഇന്ത്യക്കാർക്ക് വൻ ഇളവ് വരുത്തിയെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാഡസർ ഡോ. ഫ്രാങ്കോസ് റിഹിയർ അറിയിച്ചു. ഇതനുസരിച്ച് ഇന്നു മുതൽ ഫ്രാൻസിലേക്കുള്ള ടൂറിസ്റ്റ് വിസകൾ ഇന്ത്യയിൽ 48 മണിക്കൂറിനുള്ളിൽ നൽകും. ടൂറിസ്റ്റ് വിസകൾക്കു മാത്രമല്ല, ബിസിനസ് വിസകളും ഇനി രണ്ടു ദിവസത്തിനുള്ളിൽ ലഭ്യമാകും.

മാത്രമല്ല, ബയോമെട്രിക് പാസ്‌പോർട്ട് വേണമെന്നുള്ള നിബന്ധനയും ഇന്ത്യക്കാർക്ക് ബാധകമാകില്ല. ടൂറിസ്റ്റ് വിസയ്ക്ക് വേണ്ടി ഇന്ത്യയിലെ ഫ്രഞ്ച് എംബസി അല്ലെങ്കിൽ കോൺസുലേറ്റ് നൽകുന്ന അപേക്ഷകർക്ക് 48 മണിക്കൂറിനുള്ളിലും പുറംകരാർ ഏജൻസിയായ വിഎഫ്എസ്സിനെ ഏൽപിക്കുന്ന അപേക്ഷകർക്ക് 72 മണിക്കൂറിനുള്ളിലും  വിസാ നൽകും.

ഡൽഹിയിലാണ് ഫ്രഞ്ച് എംബസി പ്രവർത്തിക്കുന്നത്. മുംബൈ, ബാംഗളൂർ, കൊൽക്കത്ത, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ കോൺസുലേറ്റുകളും ഉണ്ട്. നിലവിൽ ഇന്ത്യയിലുള്ള ആറു വിസാ ആപ്ലിക്കേഷൻ സെന്ററിനു പുറമേ എട്ടു കേന്ദ്രങ്ങൾ കൂടി തുറക്കുമെന്ന് ഫ്രഞ്ച് അംബാസഡർ അറിയിച്ചു. ചണ്ഡീഗഡ്, ജലന്ദർ, പൂന, ഗോവ, അഹമ്മദാബാദ്, കൊച്ചി, ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലായിരിക്കും പുതിയ കേന്ദ്രങ്ങൾ.