പാരീസ്: പുകയില ഉപയോഗം നിയന്ത്രിക്കാൻ ഓൺലൈനിലൂടെ സിഗററ്റ് വാങ്ങുന്നത് നിരോധിക്കാൻ ഫ്രാൻസ് ഒരുങ്ങുന്നതായി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ഫോർ ദി ബഡ്ജറ്റ് ക്രിസ്ത്യൻ എക്കെർട്ട് പറഞ്ഞു. ലീ ഫിഗാറൊ പത്രത്തോടാണ് ചൊവ്വാഴ്ച അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രാൻസിലെ നിയമപ്രകാരം സിഗററ്റ് ഓൺലൈനിലൂടെ വിൽക്കുന്നത് കുറ്റകരമാണ.് എന്നാൽ നിലവിൽ ഓൺലൈനിലൂടെ സിഗററ്റ് വാങ്ങുന്നവർ ശിക്ഷയൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ഓൺലൈനിലൂടെ സിഗററ്റ് പർച്ചേസ് ചെയ്യുന്നത് നിരോധിക്കാൻ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നടപടിയെടുക്കുമെന്നാണ് എക്കറ്റ് അറിയിച്ചിരിക്കുന്നത്. സിഗററ്റിന്റെ ഓൺലൈൻ ഫോറിൻ പർച്ചേസിങ് കാരണം ഫ്രാൻസിന് ഒരു വർഷത്തിൽ 400 ദശലക്ഷം യൂറോയുടെ നഷ്ടമാണുണ്ടാകുന്നതെന്നാണ് പുകയില ഭീമനായ ഫിലിപ്പ് മോറിസ് ഇന്റർനാഷണൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത്. ഫ്രാൻസുകാർ വലിക്കുന്ന അഞ്ച് സിഗററ്റുകളിലൊന്ന് ഓൺലൈനിലൂടെ വാങ്ങിയതാണെന്നാണ് ബിഎഫ്എം ടിവി പറയുന്നത്. അയർലണ്ടിൽ നിന്നുള്ള വിലകുറഞ്ഞ സിഗററ്റുകളാണ് ഭൂരിഭാഗം വെബ്‌സൈറ്റുകളും ഫ്രാൻസിൽ ചെലവാക്കുന്നത്. യൂറോപ്പിലെ മറ്റിടങ്ങളെ അപേക്ഷിച്ച് അയർലണ്ടിൽ ടാക്‌സ് കുറവായതിനാലണ് വിലകുറച്ച് ലഭ്യമാക്കാനാകുന്നത്.

ഫ്രാൻസിൽ പുകയിലക്കുള്ള ഉയർന്ന നികുതി കാരണമാണ് ആളുകൾ സിഗററ്റ് മറ്റിടങ്ങളിൽ നിന്ന് വാങ്ങുന്നതെന്ന് 2015ലെ ബഡ്ജറ്റ് വിശകലനം ചെയ്തു കൊണ്ട് റെക്കറ്റ് പറയുന്നു. ഓൺലൈൻ സെല്ലർമാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാൻ പ്രേരിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓൺലൈനിലൂടെ സിഗററ്റ് വാങ്ങുന്നവരെ തിരിച്ചറിയാൻ വേണ്ടിയാണീ നടപടി. കുട്ടികളുമായി കാർ യാത്ര ചെയ്യുമ്പോഴുള്ള പുകവലിക്ക് വിലക്കേർപ്പെടുത്തുക, സിഗററ്റിന്റെ വിലയുയർത്തുക, സിഗററ്റ് ബ്രാൻഡിങ് നിരോധിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ പുകവലി കുറച്ച് കൊണ്ടു വരാനുള്ള മാർഗങ്ങളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.