കോട്ടയം: പീഡനം നടന്ന മുറി പൊലീസിന് കാണിച്ചുകൊടുത്തു. മുറിക്കുള്ളിൽ കയറിശേഷം പൊലീസ് ചോദിച്ചപ്പോൾ പീഡന വിവരം വീണ്ടും നിഷേധിച്ചു. അലമാര തുറന്നപ്പോൾ നിറയെ പാന്റും ഷർട്ടും മുണ്ടുകളും.പീഡിനം നടന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഓർമ്മിയില്ലെന്ന് മറുപടി. ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ കന്യാസ്ത്രി മഠത്തിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്. വൻ സുരക്ഷാ സന്നാഹങ്ങൾക്കിടെയാണ് ബിഷപ്പിനെ കുറവിലങ്ങാടെത്തിച്ചത്. വൻ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

പരാതിക്കാരിയോടും അനുഭാവം പുലർത്തിയ കന്യാസ്ത്രീകളോടും തെളിവെടുപ്പ് ഘട്ടത്തിൽ ബിഷപ്പിന് മുന്നിൽ വരരുതെന്ന് നേരത്തെ പൊലീസ് നിർദ്ദേശിച്ചിരുന്നു. തെളിവെടുപ്പ് സമയം മഠത്തിന്റെ ചുമതലയും ഉന്നത പദവിയിലുമുള്ള കന്യാസ്ത്രീകളിൽ ചിലർ മഠത്തിൽ എത്തിയിരുന്നു. ഇവരിൽ ചിലരുമായി പൊലീസ് ആശയവിനിമയം നടത്തിയിട്ടുമുണ്ട്. പീഡനം നടത്തിയട്ടില്ല എന്ന മുൻ നിലപാടിൽ നിന്നും തെളിവെടുപ്പു സമയത്തും ഫ്രങ്കോ തെല്ലും പിന്മാറാൻ തയ്യാറായില്ല എന്നാണ് സൂചന. കുറ്റസമ്മത മൊഴിയില്ലെങ്കിലും മുറി തിരിച്ചറിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷയോടെയാണ് കാണുന്നത്. ശാസ്ത്രീയമായി ബലാത്സംഗം തെളിയിക്കാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. കന്യാസ്ത്രീയും സാക്ഷികളും മൊഴി മാറ്റാതിരുന്നാൽ മാത്രം മതിയെന്നാണ് വിലയിരുത്തൽ.

പീഡനം നടന്ന ഇരുപതാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മുക്കാൽ മണിക്കൂറോളം തെളിവെടുപ്പ് നീണ്ടുനിന്നു. മഠത്തിലെ രജിസ്റ്ററിൽ സന്ദർശന സമയത്ത് രേഖപ്പെടുത്തിയ ഒപ്പടക്കമുള്ള തെളിവുകൾ ഫ്രാങ്കോയെ കാണിച്ച് ബോധ്യപ്പെടുത്തി. പുറത്തേക്ക് പോകുന്നതിനിടെ നാട്ടുകാർ ഫ്രാങ്കോ മുളയ്ക്കലിനെ കൂക്കിവിളിച്ചു. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരിച്ച് കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. അതിനിടെ പീഡനക്കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഫാദർ ജെയിംസ് എർത്തയിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാകും നടപടി.

കേസിൽ ഉടൻ കുറ്റപത്രം കൊടുക്കാനാണ് പൊലീസ് നീക്കം. തെളിവെടുപ്പ് പൂർത്തിയായതിനാൽ അതിവേഗം കഴിയുമെന്നാണ് പ്രതീക്ഷ. ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ് കോടതിയിൽ അനുമതി തേടിയേക്കും. നാളെ ഉച്ചയ്ക്ക് 2.30ന് ബിഷപിനെ പാലാ കോടതിയിൽ ഹാജരാക്കുമ്പോൾ നുണപരിശോധനയ്ക്കുള്ള അപേക്ഷ നൽകാനാണ് പൊലീസിന്റെ നീക്കം. കേസന്വേഷണത്തിൽ പല കാര്യങ്ങളിലും ബിഷപിന്റെ നിസഹകരണം തുടരുന്നതിനാലാണ് പൊലീസ് നുണപരിശോധനയിലേക്ക് എത്തുന്നതെന്നാണ് സൂചന. നുണ പരിശോധനയേയും ബിഷപ്പ് എതിർക്കും. പ്രതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ നുണപരിശോധന നടത്താവൂവെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാട്ടി ഇതിനെ എതിർക്കാനാണ് ബിഷപ്പിന് കിട്ടിയിരിക്കുന്ന നിയമോപദേശം.

അതുകൊണ്ട് തന്നെ നുണപരിശോധനയ്ക്ക് അനുമതി കൊടുക്കാൻ കോടതിക്ക് കഴിയാത്ത സാഹചര്യമുണ്ട്. അറിയില്ല, ഓർമയില്ല തുടങ്ങിയ ഉത്തരങ്ങളാണ് ബിഷപ്പ് പല ചോദ്യങ്ങൾക്കും നൽകുന്നത്. ഈ സാഹചര്യത്തിലാണ് നുണപരിശോധനയ്ക്ക് പൊലീസ് ശ്രമം. ഇതിനോട് ബിഷപ്പ് സഹകരിക്കാത്തത് പോലും കേസിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. പീഡനം നടന്ന 2014-2016 കാലയളവിൽ ബിഷപ് ഉപയോഗിച്ച മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മഠത്തിൽ മാത്രം തെളിവെടുപ്പു മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയിൽ തുടരും.

കേസിന്റെ പല ഘട്ടങ്ങളിലും ഇരയെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ച സാഹചര്യത്തിലാണ് കൂടുതൽ അറസ്റ്റ് വേണ്ടിവരുന്നതെന്ന് പൊലീസ് പറയുന്നു. 25ന് ബിഷപിന്റെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടാനും ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെടാനുമാണ് പൊലീസിന്റെ നീക്കം. ഇരയായ കന്യാസ്ത്രിയെ അപായപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമിച്ചെന്ന പരാതിയിൽ ഒരാഴ്‌ച്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും കോട്ടയം എസ്‌പി. നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 17നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തന്നെ ബലാത്സംഘം ചെയ്തതായുള്ള പരാതി പൊലീസിന് നൽകുന്നത്. തുടർന്ന് വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസിന്റെ സഹായത്തോടെ ജലന്ധറിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. ഇതിനിടെ കുറുവിലങ്ങാട് മഠത്തിലെ മറ്റ് ചില കന്യാസ്ത്രീകൾ പരസ്യമായി സമരരംഗത്തേക്കെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഫ്രാങ്കോയ്ക്ക് സെപ്റ്റംബർ 19ന് അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകൻ നോട്ടീസ് നൽകി. ഹാജരായ ഫ്രാങ്കോയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിഷപ്പ് കുറ്റകൃത്യം സമ്മതിക്കാത്തതായിരുന്നു നേരത്തെ തന്നെ നടക്കേണ്ടിയുരുന്ന അറസ്റ്റ് വൈകാൻ പ്രധാന കാരണം. എന്നാൽ കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈംഗിക പീഡനം നടത്തിയതായി അന്വേഷണസംഘത്തിന് ഉറപ്പായതോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.