കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ തെളിവു തേടിയ അന്വേഷണ സംഘത്തെ കബളിപ്പിച്ച് ജലന്ധർ മെത്രാൻ. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി രേഖപ്പെടുത്താൻ ഉപയോഗിച്ച രണ്ടു ലാപ്‌ടോപ്പുകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നു ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്താൻ പൊലീസ് നീക്കം. കന്യാസ്ത്രീക്കെതിരെ നടപടി എടുത്തു എന്ന് സ്ഥാപിക്കാൻ ഉണ്ടാക്കിയത് വ്യാജ കത്താണെന്ന ആരോപണം ശരിവെക്കുന്ന വിധത്തിലാണ് ലാപ്‌ടോപ്പ് കൈമാറാൻ ബിഷപ്പ് തയ്യാറാകാത്തതിലൂടെ വ്യക്തമാകുന്നത്.

അന്വേഷണസംഘം ഹാജരാക്കണമെന്നാവശ്യപ്പെട്ട ലാപ്‌ടോപ് ഏതാണെന്ന് കണ്ടെത്താനായില്ലെന്നാണ് ബിഷപ് മറുപടി നൽകിയത്. ഈ സാഹചര്യത്തിലാണ് കുറ്റപത്രത്തിൽ പുതിയ വകുപ്പുകൾ ചേർക്കാനുള്ള തീരുമാനം. ഉത്തരവിന്റെ പകർപ്പും മറ്റും ബിഷപ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാക്കിയെങ്കിലും ലാപ്‌ടോപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതോടെ അന്വേഷണ ഉത്തരവ് വ്യാജമായി തയാറാക്കിയതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.

ജലന്തർ രൂപതയുടെ ഓഫിസിലെ ലാപ്‌ടോപ്പുകൾ നേരത്തെ സർവീസ് ചെയ്തിരുന്നു. ആവശ്യപ്പെട്ട ലാപ്‌ടോപ് ഏതെന്ന് കണ്ടെത്താനായില്ല. കണ്ടെത്തുന്ന മുറയ്ക്ക് ഹാജരാക്കാമെന്നും വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷ് നൽകിയ നോട്ടിസിനുള്ള മറുപടിയിൽ ബിഷപ് പറയുന്നു. മറുപടി ലഭിച്ച സ്ഥിതിക്ക് തെളിവുനശിപ്പിച്ചതിന് കേസെടുക്കുമെന്നും ഇത് കുറ്റപത്രത്തിൽ ഉൾപ്പെടുത്തുമെന്നും ഡിവൈഎസ്‌പിപറഞ്ഞു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിഷപ്പ് ഇന്നലെയും ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി.

പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് വ്യാജമാണെന്നും തെളിയിക്കുന്നതിനാണ് ലാപ്‌ടോപ് ഹാജരാക്കാൻ നിർദ്ദേശിച്ചതെന്നാണു പൊലീസ് പറയുന്നു. കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്റെ പകയെന്നാണ് ബിഷപ്പിന്റെ വാദം. 2016ൽ ബന്ധുവായ സ്ത്രീ, കന്യാസ്ത്രീക്കെതിരെ പരാതി നൽകിയെന്നും ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഉത്തരവിന്റെ പകർപ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിനു ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി. ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാൻ ലാപ്‌ടോപ്പ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

ബിഷപ്പ് ലാപ്‌ടോപ്പ് നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് നീങ്ങാനും സാധ്യതയുണ്ട്.