- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബലാത്സംഗ കേസിൽ കോടതിയുടെ ക്ലീൻചിറ്റോടെ ഫ്രാങ്കോ മുളയ്ക്കലിന് എല്ലാം ശരിയായി! കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ ഫ്രാങ്കോ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും; ഹൈക്കോടതിയിൽ സർക്കാർ അപ്പീലിന് ഒരുങ്ങവേ ഇരട്ടക്കരുത്തോടെ ഫ്രാങ്കോ
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും. നേരത്തെ ജലന്ധർ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചതോടെയാണ് വീണ്ടും സ്ഥാനമേൽക്കുന്നത്. ഇതോടെ ഫ്രാങ്കോ സഭയിൽ ഇരട്ടക്കരുത്തനായി മാറുകയാണ്.
ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലയുള്ള ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി ജലന്ധർ രൂപത സന്ദർശിച്ച വേളയിൽ ഫ്രാങ്കോക്ക് അനുകൂലമായി വത്തിക്കാൻ നിലപാട് സ്വീകരിച്ച കാര്യം അറിയിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് 2018ലാണ് ബിഷപ്പ് ദവിയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്തിയത്.
കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയും ജില്ലാ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. വെറുതേ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി ഗോപകുമാർ വിധി പറഞ്ഞത്. പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്. ജലന്ധർ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയിൽ കോട്ടയം കോൺവെന്റിലെത്തിയപ്പോൾ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.
വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകൾ പരിശോധിക്കുന്നതിൽ കോടതി പരാജയപ്പെട്ടുവെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മദർ സുപ്പീരിയർ എന്ന പദവിയിൽ നിന്ന് സാധാരണ കന്യാസ്ത്രിയാക്കി തരം താഴ്ത്തിയെന്നും ഇത്തരമൊരു നടപടി രൂപതയിൽ ആദ്യമായാണെന്നും അവർ പറഞ്ഞു.
ഇതൊന്നും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയതെന്നും ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി ബിഷപ്പിനെതിരെ ഒരു പീഡന പരാതി ഉന്നയിക്കുന്നതെന്നും അവർ ഹൈക്കോടതിയെ അറിയിച്ചു. തന്നെ പിന്തുണച്ച കന്യാസ്ത്രിമാർ പോലും സഭയിൽനിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരേ അപ്പീൽ പോകാൻ സർക്കാർ അനുമതി നൽകിയിരുന്നു. എ.ജി.യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അപ്പീൽ പോകാനുള്ള അനുമതി നൽകിയത്. വിചാരണ കോടതി വിധിക്കെതിരേ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പൊലീസ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സർക്കാർ എ.ജി.യുടെ നിയമോപേദശം തേടിയത്. കേസിൽ അപ്പീൽ പോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു എ.ജി.യുടെ മറുപടി. തുടർന്നാണ് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ