കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത അതേ മുറിയിൽ രാവിലെ 10.30ന് തന്നെ മെത്രാനെ എത്തിച്ചിരുന്നു. ഏകദേശം 45 മിനിറ്റോളം ഇവിടെ തെളിവെടുപ്പ് തുടർന്നു.ബിഷപ്പിനെ തെളിവെടുപ്പിന് കൊണ്ട് വന്നത് വലിയ സുരക്ഷ ക്രമീകരണങ്ങളോടെയാണ്. സ്ഥലത്ത് ബിഷപ്പിനെ എത്തിക്കുന്നതിനെ തുടർന്ന് എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമോ അക്രമമോ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും പൊലീസ് കൈക്കൊണ്ടിരുന്നു.

തെളിവെടുപ്പിന് എത്തിച്ചപ്പോഴും തിരിച്ച് കൊണ്ട് പോയപ്പോഴും കൂകി വിളിച്ചും അയ്യേ അയ്യേ എന്ന് പറഞ്ഞുമാണ് കാത്ത് നിന്നവർ ബിഷപ്പിനെ ആനയിച്ചത്. ഒരു കാലത്ത് ഇവിടേക്ക് രാജാവിനെ പോലെ കടന്നുവന്നിരുന്ന വ്യക്തിയാണ് ഫ്രാങ്കോ മുളയ്ക്കൽ. വലിയ ആദരവിലും ബഹുമാനത്തിലുമാണ് ഇവിടേക്ക് വന്നിരുന്നത്. എന്നാൽ ഇത്തവണ ബിഷപ്പിനെ കേരള പൊലീസിന്റെ വാഹനത്തിലാണ് കൊണ്ട് വന്നത്..പഴയ ആദരവ് നൽകാനും സ്വീകരിക്കാനും ആരുമില്ല.

ആഡംബര കാറിൽ വന്നിരുന്ന മെത്രാനെ ഇത്തവണ യാത്ര കേരള പൊലീസിന്റെ ബൊലേറോയിൽ ആണ് എത്തിച്ചത്.സ്വീകരിച്ച് ആനയിക്കാനാരും ഇല്ല കൈയിൽ പിടിച്ച് കൊണ്ട പോയത് കേരള പൊലീസ് ആണ്. തെളിവെടുപ്പിന് ശേഷം പുറത്തെത്തിച്ചപ്പോൾ വീണ്ടും കൂവി വിളിച്ച് തന്നെയാണ് ആളുകൾ ബിഷപ്പിനെ യാത്രയാക്കിയത്. നാളെ ഉച്ചവരെ പൊലീസ് കസ്റ്റഡിയിലുള്ള ബിഷപ്പിനെ ഇന്ന് കോട്ടയം പൊലീസ് ക്ലബിൽ താമസിപ്പിക്കും. ഇവിടെ നിന്നാണ് നാളെ കോടതിയിൽ എത്തിക്കുക

മിഷണറീസ് ഓഫ് ജീസസ് സഭയുടെ രക്ഷാധികാരി പഞ്ചാബിലെ ജലന്ധർ രൂപത ബിഷപ്പാണ്. ജലന്ധർ രൂപതയ്ക്കു കീഴിലുള്ള മഠങ്ങളിൽ ബിഷപ്പിന് ഔദ്യോഗികമുറികളുണ്ട്. സന്ദർശനവേളകളിൽ ബിഷപ് ഇവിടെയാണു താമസിക്കുക. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരപുത്രന്റെ ആദ്യകുർബാനച്ചടങ്ങിൽ പങ്കെടുക്കാനാണു 2014 മെയ് അഞ്ചിനു ബിഷപ് ഫ്രാങ്കോ മഠത്തിലെത്തിയത്. പിറ്റേന്നു നടന്ന ആദ്യകുർബാനച്ചടങ്ങിന്റെ മുഖ്യകാർമികൻ ബിഷപ് ഫ്രാങ്കോ ആയിരുന്നു. തലേന്നു രാത്രി വൈകി മഠത്തിലെത്തിയ ബിഷപ്പിനെ കന്യാസ്ത്രീയും സഹപ്രവർത്തകരും ചേർന്നു സ്വീകരിച്ചു.

തുടർന്ന് 20-ാം നമ്പർ മുറിയിലേക്ക് ആനയിച്ച് മടങ്ങുന്നതിനിടെ, പിറ്റേന്നത്തെ ചടങ്ങിനു ധരിക്കാനുള്ള സഭാവസ്ത്രം ഇസ്തിരിയിട്ടു നൽകാൻ കന്യാസ്ത്രീയോടു ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട വസ്ത്രവുമായി മുറിയിലെത്തിയപ്പോൾ ബിഷപ് ബലാത്സംഗം ചെയ്തെന്നാണു കന്യാസ്ത്രീയുടെ പരാതി. പിന്നീടു 2016 വരെ 12 തവണ ഇതേ മുറിയിൽ പീഡിപ്പിക്കപ്പെട്ടു.

അട്ടപ്പാടിയിലെ ധ്യാനത്തിൽ പങ്കെടുത്തപ്പോൾ ലഭിച്ച ഊർജമുൾക്കൊണ്ടാണു ബിഷപ്പിന്റെ പീഡനങ്ങൾക്കെതിരേ സഭാ അധികൃതരോടു പരാതിപ്പെടാൻ തീരുമാനിച്ചതെന്നു കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. സഭ നീതി നിഷേധിച്ചതോടെ പൊലീസിൽ പരാതി നൽകി. ബിഷപ് ഫ്രാങ്കോയെ തെളിവെടുപ്പിന് എത്തിക്കുന്ന പശ്ചാത്തലത്തിൽ മഠത്തിനു പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. സമീപ റോഡുകളിൽ ഇന്നു ഗതാഗതനിയന്ത്രണമുണ്ടായിരുന്നു. യാത്രയ്ക്കു കർശനസുരക്ഷയൊരുക്കാൻ കടുത്തുരുത്തി, ഏറ്റുമാനൂർ സിഐമാർക്കു നിർദ്ദേശം നൽകിയിരുന്നു.