ഡബ്ലിൻ: ഡെഡ്മണ്ട് കൊടുങ്കാറ്റ് അഴിച്ചുവിട്ട നാശനഷ്ടങ്ങൾക്കു പിന്നാലെ രാജ്യത്തെ ദുരിതത്തിലാഴ്‌ത്താൻ ഫ്രാങ്ക് കൊടുങ്കാറ്റ് എത്തുന്നു. ശരാശരിക്കു മുകളിൽ രേഖപ്പെടുത്തുന്ന കനത്ത മഴയിൽ ഷാനോൻ നദി വീണ്ടും കരകവിയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. ഈയാഴ്ച മൊത്തം നീണ്ടു നിൽക്കുന്ന മഴയിൽ പരക്കെ വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് പ്രവചിക്കുന്നു.

കനത്ത മഴയ്‌ക്കൊപ്പം തന്നെ കാറ്റും വീശിയടിച്ചേക്കും. ശക്തമായ കാറ്റ് മൂലം തണുപ്പിന്റെ ആധിക്യവും വർധിക്കുമെന്നാണ് റിപ്പോർട്ട്. മഴയും തണുപ്പും വർധിക്കുമെന്നതിനാൽ റോഡുകൾ അപകട മേഖലകളായി മാറും. മഞ്ഞുപാളികൾ റോഡിൽ രൂപപ്പെടുമെന്നതിനാലാണ് അപകടങ്ങൾ വർധിക്കാൻ സാഹചര്യമുണ്ടാകുന്നത്.

സാധാരണയിൽ കവിഞ്ഞ് രണ്ടിരട്ടിയോ മൂന്നിരട്ടിയോ കൂടുതൽ മഴ അടുത്താഴ്ച പെയ്‌തേക്കുമെന്നാണ് മെറ്റ് ഐറീൻ പ്രവചനം. മഴയുടെ ആധിക്യം വർധിക്കുന്നതിനാൽ ഷാനോൻ നദിയിലെ ജലനിരപ്പ് നാല് ഇഞ്ചോളമാണ് വർധിച്ചിരിക്കുന്നത്. ഡിസംബർ 13-ൽ ഡെഡ്മണ്ട് സ്‌റ്റോം വീശിയടിച്ചപ്പോൾ ഏതാണ്ട് ഇതേ അളവ് ജലനിരപ്പാണ് വർധിച്ചിരുന്നത്.

നിലവിൽ ഇതുവരെ ഡിസംബർ മാസത്തിൽ ശരാശരിയേക്കാൾ ഇരട്ടിയാണ് മഴ ലഭിച്ചത്. എന്നാൽ ഇനിയുള്ള ആഴ്ചകളിൽ മഴയുടെ സാന്നിധ്യം കൂടുതൽ ശക്തമാകുക തന്നെ ചെയ്യും.  പുതുവർഷപ്പുലരിയും തണുപ്പിൽ മുങ്ങുമെന്നു തന്നെയാണ് പ്രവചനം. വ്യാഴാഴ്ച മഴയോ  ആലിപ്പഴ വീഴ്ചയോ ഉണ്ടാകാൻ സാധ്യതയുണ്ട്. കിഴക്കൻ മേഖലയിലാണ് ഇതു കൂടുതൽ ശക്തമാകുക. വെള്ളിയാഴ്ച പടിഞ്ഞാറൻ മേഖലകളിൽ മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു.