കോഴിക്കോട്: പേരാമ്പ്ര മേപ്പയൂരിലെ പുലപ്രകുന്ന് സാംബവ കോളനിയിലെ കുട്ടികളെയും രക്ഷിതാക്കളെയും ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കാലങ്ങളായി ജാതീയമായ പല തരത്തിലുള്ള അധിക്ഷേപങ്ങൾ നേരിടുന്നവരാണ് പുലപ്രകുന്ന് നിവാസികൾ. വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ജാതീയമായി അധിക്ഷേപിക്കുകയും മർദ്ദനം അഴിച്ചുവിടുകയുമാണുണ്ടായത്. പ്രതികൾക്കെതിരെ പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമം അനുസരിച്ചു കേസ് എടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് മുനീബ് എലങ്കമൽ, സെക്രട്ടറിയേറ്റ് അംഗം മുജാഹിദ് മേപ്പയൂർ, മണ്ഡലം കൺവീനർ അലി ഊട്ടേരി, മുബഷിർ എന്നിവർ സന്ദർശിച്ചു.