മലപ്പുറം: വിയോജിപ്പിന്റെയും ആശയ സ്വാതന്ത്ര്യത്തിന്റെയും രക്തസാക്ഷിയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് 'വിയോജിപ്പുകളെ വെടി വെച്ച് കൊല്ലുന്നവർക്കെതിരിൽ വിദ്യാർത്ഥി പ്രതിരോധം' എന്ന തലക്കെട്ടിൽ 14 ന് വ്യാഴാഴ്‌ച്ച മുഴുവൻ കാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മകളും ഐക്യദാർഢ്യ പരിപാടികളും സംഘടിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷെഫ്രിൻ ആഹ്വാനം ചെയ്തു.

സംഘ് പരിവാർ വംശീയ ഭീകരതക്കെതിരിൽ പ്രതി ശബ്ദങ്ങൾ ഉയർത്തുന്നവരെയും സംഘ് പരിവാറിനെതിരിൽ ആശയ സമരങ്ങൾ ഉയർത്തുന്നവരേയും ഉന്മൂലനം ചെയ്യുകയെന്നത് തുടർക്കഥയാവുകയാണ്. ഈ അപകടത്തെ ഉദാസീനമായി നേരിടുന്നതിന് പകരം നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൃത്യമായ പ്രയോഗങ്ങളിലൂടെ നേരിടാൻ വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണം. ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്ന രാഷ്ട്രീയ കാലവസ്ഥകളോട് സമരസപ്പെടാതിരിക്കാനുള്ള ജാഗ്രത ഉയർന്നു വരേണ്ടത് കാമ്പസുകളിൽ നിന്നാണ്. വീക്ഷണ വൈവിധ്യങ്ങളെ വെടി വെച്ച് കൊല്ലുന്നവരോട് പ്രതിരോധങ്ങൾ തീർക്കാൻ
കാമ്പസുകൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കൺവീനർ ബാസിത് മലപ്പുറം, അസിസ്റ്റന്റ് കൺവീനർമാരായ സ്വാലിഹ് കുന്നക്കാവ്, ജസീം സുൽത്താൻ, ആസിഫ് മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.