തിജീവന സമരങ്ങളെ വികസന വിരുദ്ധതയാക്കി ചിത്രീകരിക്കുന്ന സിപിഐ എം ചരിത്രങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളണമെന്നു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്‌റാഹീം. ഗെയിൽ സമര പോരാളികൾക്ക് ഐക്യദാർഢ്യം നേർന്നുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എരഞ്ഞിമാവിൽ സംഘടിപ്പിച്ച യൂത്ത് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങറ, മൂലമ്പിള്ളി, കിനാലൂർ, പ്ലാച്ചിമട തുടങ്ങിയവ കേവല സ്ഥലനാമങ്ങൾക്കപ്പുറത്തു കേരളീയ രാഷ്ട്രീയ ഭൂമികയിൽ വിജയം കൈവരിച്ച ജനകീയ സമര ചരിത്രങ്ങൾ കൂടിയാണ്. അധികാരഹുങ്ക് കൊണ്ട് ജനകീയ ചെറുത്തുനിൽപ്പുകളെ മറികടക്കാം എന്ന് കരുതുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഗെയിൽ പദ്ധതിക്ക് എതിരെ എരഞ്ഞിമാവിൽ നടക്കുന്ന ജനകീയ സമരത്തെ കേരളത്തിന്റെ കാമ്പസുകളിലേക്ക് വളർത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഗെയിൽ പദ്ധതി ജനങ്ങൾക്ക് ഒരുപകാരവും നൽകാത്ത പദ്ധതി ആണ്.കൊച്ചി മുതൽ മംഗലാപുരം വരെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി പദ്ധതി നടപ്പിലാക്കാൻ ഉള്ള ശ്രമം ഭരണകൂടം ഉപേക്ഷിക്കണം. പൊലീസിനെ ഉപയോഗിച്ച് എന്ത് വില കൊടുത്തും പദ്ധതി നടപ്പിലാക്കും എന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണന്ന് സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ. പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗെയിൽ സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, കൺവീനർമാരായ പുതിയോട്ടിൽ ബഷീർ,ടി.പി മുഹമ്മദ്, ഗെയിൽ വിക്ടിംസ് ഫോറം ജില്ലാ കൺവീനർ കെ.സി അൻവർ, വെൽഫെയർ പാർട്ടി മുൻ ജില്ലാ സെക്രട്ടറി ശംസുദ്ധീൻ ചെറുവാടി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫുർ സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ സമാപനവും നിർവഹിച്ചു. പന്നിക്കോട് അങ്ങാടിയിൽ നിന്നാരംഭിച്ച റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥി യുവാക്കൾ പങ്കെടുത്തു.