മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രഖ്യാപനം 23 ന് ടൗൺഹാളിൽ നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രഥമ ജില്ല കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിക്കും.

നവ ജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്ന കാലികമായ മുദ്രാവാക്യവുമായാണ്
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. അധീശത്വ- ആധിപത്യ ശക്തികളുടെ ഭരണവും അഴിഞ്ഞാട്ടവുമാണ് രാജ്യത്ത് നടക്കുന്നത്. വൈവിധ്യങ്ങളെ നിരാകരിച്ചും വിയോജിപ്പുകളെ ഉന്മൂലനം ചെയ്തുമാണ് ഈ അധീശത്വം മുന്നോട്ടു പോകുന്നത്. പരസ്പര ശത്രുതയും ഭീതിയും വിതച്ചും വളർത്തിയും മുന്നോട്ടുപോകുന്ന ഈ വെറുപ്പിന്റെ രാഷട്രീയത്തെ ജനാധിപത്യ - സാഹോദര്യ രാഷ്ട്രീയം കൊണ്ട് ചെറുക്കേണ്ടതുണ്ട്. രാജ്യം നേരിടുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളെ അതിന്റെ കാരണങ്ങളും സങ്കീർണതകളും മുൻനിർത്തി തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പുതിയ വിദ്യാർത്ഥി - യുവജന രാഷ്ട്രീയത്തെയാണ് ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കുന്നത്. ജാതീയതയുടെയും ഉന്മാദ ദേശീയതയുടെയും ഫലമായി വിവേചനങ്ങളും അപരവത്കരണങ്ങളും രാജ്യത്ത് നടക്കുന്നു. ഇവിടെയാണ് ഫ്രറ്റേണിറ്റി സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുന്നത്. പുറംതള്ളലിന്റെയും
നീതി നിഷേധത്തിന്റെയും ഈ അധീശ ആധിപത്യത്തെ പുതിയ രാഷ്ട്രീയ സംസ്‌ക്കാരം കൊണ്ട്
മാറ്റിപണിയേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ജന്മമെടുത്ത് 90 ദിവസമേ ആയിട്ടൊള്ളൂവെങ്കിലും വിദ്യാർത്ഥി സമൂഹത്തിനിടയിൽ വലിയ അംഗീകാരമാണ് സംഘടനക്ക്  ലഭിക്കുന്നതെന്ന് നേതാക്കൾ അവകാശപ്പെട്ടു. കന്നി മത്സരത്തിൽ തന്നെ പല പ്രമുഖ കോളേജുകളിലും വിജയിക്കാൻ കഴിഞ്ഞത് വിദ്യാർത്ഥി സമൂഹം ഫ്രറ്റേണിറ്റിയെ ഏറ്റെടുത്തത്തിന്റെ സൂചനയാണ്.

അന്യായമായി തടഞ്ഞുവെച്ച പി.ജി സർട്ടിഫിക്കറ്റുകൾ സമരം നയിച്ച് കാലിക്കറ്റ്  സർവകലാശാലയിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേടികൊടുത്തതും പഞ്ചവത്സര എൽ.എൽ.ബി എൻട്രൻസ് പരീക്ഷ റിസൾട്ട് തടഞ്ഞുവെച്ച് ഒരു പ്രത്യേകം വിഭാഗം വിദ്യാർത്ഥികളുടെ പ്രവേശന സാധ്യതകളെ കൊട്ടിയടക്കാനുള്ള ഗൂഢനീക്കത്തെ ഇടപെടലിലൂടെ തകർക്കാനായതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ജില്ലയിലും ശ്രദ്ധേയമായ പല ഇടപെടലുകളും നടത്താനായിട്ടുണ്ട്. നീതിക്കുവേണ്ടി തെരുവിലും കലാലയങ്ങളിലും തുടർന്നും എഴുന്നേറ്റ് നിൽക്കുമെന്നും നേതാക്കൾ കൂട്ടി ചേർത്തു.

പ്രഖ്യാപന സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി
സഫീർ ഷാ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര,
ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, കെ.എം ഷെഫ്രിൻ,
നജ്ദ റൈഹാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, സംസ്ഥാന
കമ്മിറ്റിയംഗങ്ങളായ കെ.കെ അഷ്‌റഫ്, മീനു കൊല്ലം, വെൽഫെയർ പാർട്ടി ജില്ല
പ്രസിഡന്റ് എം.ഐ അബ്ദുൽ റഷീദ് എന്നിവർ സംസാരിക്കും. ജില്ലയുടെ വിവിധ
ഭാഗങ്ങളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥി - യുവജനങ്ങൾ പങ്കെടുക്കും.
സമ്മേളനാനന്തരം ജില്ലാ നേതാക്കൾക്കുള്ള സ്വീകരണ റാലി മലപ്പുറം നഗരത്തിൽ
നടക്കും.