തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ടായ പ്രതിസന്ധികൾക്ക് കാരണം സർക്കാർ കാണിച്ച നിരന്തരമായ അനാസ്ഥയും നിരുത്തര വാദപരമായ സമീപനവുമാണെന്നു ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ്.

ഫീസ് നിർണ്ണയത്തിൽ സാമൂഹ്യ നീതി ഉറപ്പു വരുത്താനും സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാരിന് ബാധ്യതയുണ്ട്. ആവശ്യത്തിനു സമയവും സാവകാശവും ലഭിച്ചിട്ടും ശാസ്ത്രീയമായ രീതിയിൽ ഫീസ് നിർണ്ണയം നടത്താൻ ഫീസ് നിർണ്ണയ കമ്മിറ്റിക്ക് കഴിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്. അപര്യാപ്തമായ കണക്കുകളും വിവരങ്ങളും മുന്നിൽ വച്ചാണ് 5 ലക്ഷം രൂപ എന്ന ഫീസ് രാജേന്ദ്ര ബാബു കമ്മിറ്റി മുൻപ് നിർണയിച്ചത്. കഴിഞ്ഞ വർഷം കരാറിലൂടെ നടപ്പിലാക്കിയ നാല് തട്ടുകളിലുള്ള ഫീസ് ഘടനയെ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ സുപ്രീം കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തുകയോ വിശദീകരിക്കുകയോ ചെയ്തിട്ടില്ല. സർക്കാരുമായി കരാറിൽ ഏർപ്പെടാത്ത ഒരു കോളേജ് മാത്രമായിരുന്നു കഴിഞ്ഞ കൊല്ലം 10 ലക്ഷം ഫീസ് വാങ്ങിയിരുന്നത് എന്ന വസ്തുത അറ്റോണി ജനറൽ മനഃപൂർവം മറച്ചു വെക്കുകയായിരുന്നു. മാനേജ്മെന്റുകളും സർക്കാരും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്ന മുൻ ആരോപണങ്ങൾക്ക് ശക്തി പകരുന്ന സംഭവങ്ങളാണ് ഇന്നലെ സുപ്രീം കോടതിയിൽ അരങ്ങേറിയത്.

പാവപ്പെട്ടവരുടെ പഠനാവസാരം നഷ്ടമാക്കില്ലെന്നു സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പെഴുത്തുന്നതിനു പകരം അനാസ്ഥയും അലംഭാവവും നിരുത്തരവാദ സമീപനങ്ങളും വെടിഞ്ഞു വിദ്യാർത്ഥി താല്പര്യങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രി പ്രായോഗിക സമീപനങ്ങൾ സ്വീകരിക്കണം. ഫീസ് റെഗുലേറ്ററി കമ്മിറ്റി താമസം വിനാ ഫീസ് നിർണ്ണയം നടത്തേണ്ടതുണ്ട്. മുൻപ് ആവർത്തിച്ച അബദ്ധങ്ങൾ ആവർത്തിക്കരുത്. ശാസ്ത്രീയമായും സുതാര്യമായും സമയ ബന്ധിതമായും ഫീസ് നിർണ്ണയം നടത്തണം. സർക്കാർ അനാസ്ഥ കാരണം, സുപ്രീം കോടതി വിധിയോടെ പ്രയാസപ്പെട്ടത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്. അവരിൽ പലരും ഫീസ് അടച്ചു കഴിഞ്ഞിരിക്കുകയാണ്. വർധിപ്പിച്ച തുക എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ് പലരും. അധികം വരുന്ന ബാങ്ക് ഗാരണ്ടി നൽകാൻ സർക്കാർ തലത്തിൽ സംവിധാനം കാണണം. അടച്ച ഫീസ് തിരിച്ചു കിട്ടണമെന്നു ആഗ്രഹിക്കുന്നവർക്ക് സാങ്കേതിക തടസ്സങ്ങൾ കൂടാതെ അത് ലഭ്യമാക്കണം.

വിധികൾക്കും നിയമപ്രശ്നങ്ങൾക്കും അപ്പുറത്തു സാമൂഹ്യനീതി ഉറപ്പു വരുത്താനും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മാനുഷിക താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും സർക്കാരും കോളേജ് മാനേജ്മെന്റുകളും ബാധ്യസ്ഥമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കെ.വി സഫീർ ഷാ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, നജ്ദ റൈഹാൻ തുടങ്ങിയവർ സംസാരിച്ചു.