തിരുവനന്തപുരം:ഭരണനിർവഹണത്തിലെ കെടുകാര്യസ്ഥതകൾ അവസാനിപ്പിക്കുന്നതിനും വിദ്യാർത്ഥികൾ ഉയർത്തിയ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനും കേരള സാങ്കേതിക സർവകലാശാലയിൽസ്റ്റാറ്റിയൂട്ട് രൂപീകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റിമൂവ്‌മെന്റ് സർവകലാശാല ചാൻസർലർ കൂടിയായ ഗവർണർ പി.സദാശിവത്തിന് നിവേദനം നൽകി.

ആഭ്യന്തര ഭരണ സംവിധാനത്തിലെ കെടുകാര്യസ്ഥതകൾ മൂലം വിദ്യാർത്ഥികൾ ദുരിതമനുഭവിക്കേണ്ടി വരികയാണ്. യൂണിവേഴ്‌സിറ്റിയുടെ ആഭ്യന്തര നിർവഹണ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഇടപെടരുതെന്നും വിദ്യാർത്ഥി പ്രാതിനിധ്യം അനുവദിക്കാനാവില്ലെന്നുമുള്ള വാദത്തെ അംഗീകരിക്കാനാവില്ല. അക്കാദമിക -അഡ്‌മിനിസ്‌ട്രേറ്റീവ് വിഷയങ്ങളിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനുംപരിഹാരങ്ങൾക്കുമായി വിദ്യാർത്ഥി പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന സമിതിക്ക് രൂപംനൽകുമെന്ന് മുമ്പ് ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും അത്ഇതുവരെയും യാതാർത്ഥ്യമായിട്ടില്ല. വിദ്യാർത്ഥികളുടെ കരിക്കുലർ - കോ കരിക്കുലർമേഖലകളിലെ ഉന്നമനത്തിനും വികാസത്തിനും അർഹമായ അവകാശങ്ങൾ വകവെച്ച്കിട്ടുന്നതിനും സ്റ്റാറ്റിയൂട്ട് ഉടൻ നടപ്പിലാക്കേണ്ടതുണ്ടെന്നുംനിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങളെ തൊലിപുറത്ത് ചികിത്സിക്കുന്നതിനപ്പുറം കൃത്യവും പ്രായോഗികവും ശാശ്വതവുമായ പരിഹാരമാർഗങ്ങൾകൊക്കൊള്ളാൻ അധികൃതർ തയ്യാറാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനപ്രസിഡന്റ് കെ.വി സഫീർ ഷായുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ,വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹീം, തിരുവനന്തപുരം ജില്ല പ്രസിഡന്റ് മഹേഷ്‌തോന്നയ്ക്കൽ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.