കോഴിക്കോട്: കോഴിക്കോട് കാരശേരി പഞ്ചായത്തിൽ താമസക്കാരായ ആദിവാസി സമൂഹത്തിലെമുതുവാൻ വിഭാഗത്തിൽപ്പെട്ട 193 കുടുംബങ്ങൾക്ക് റവന്യൂ വകുപ്പ് അധികൃതരിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതി നിലനിൽക്കുന്ന തേക്കുംകുറ്റി കോളനിയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് നഈം ഗഫൂറിന്റെ നേത്യത്വത്തിൽ സന്ദർശനം നടത്തി.

താമരശേരി ട്രൈബൽ ഓഫീസിൽ നിന്നും ഇവർ മുതുവൻ വിഭാഗത്തിൽ പെടുന്നവരാണന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുന്നുണ്ടങ്കിലും താലൂക്ക് ഓഫീസിലെത്തുമ്പോൾ മടക്കി അയക്കുന്നുവെന്നാണ് പരാതി. സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ സ്‌കോളർഷിപ്പ്, ഗ്രാന്റ് തുടങ്ങി ആനുകൂല്യങ്ങൾ മുടങ്ങുകയും, നിരവധി കുട്ടികളുടെ പഠനത്തെയും ജോലിയെയും ബാധിക്കുന്നതായും അവർ പറയുന്നു.

കുട്ടികളുടെ പഠനം വരെ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അവർക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭ്യമാകാൻ അധികൃതർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഇത്തരം വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും, അവരുടെ അവകാശങ്ങൾ റദ്ദ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗങ്ങളായ മുസ് ലിഹ് പെരിങ്ങൊളം, ഹാഷിം അക്കരടത്തിൽ, ദാനിഷ് കുന്ദമംഗലം, അൻഷാദ് എന്നിവർ അനുഗമിച്ചു.