കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ നേതാക്കൾക്ക് വിദ്യാർത്ഥി യുവജനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകിക്കൊണ്ട് കോഴിക്കോട് നഗരത്തിൽ ഉജ്ജ്വലമായ സ്വീകരണറാലി സംഘടിപ്പിച്ചു. അയ്യായിരത്തോളം വരുന്ന പ്രതിനിധികൾ അണിനിരന്ന സ്വീകരണ ജാഥ നഗരത്തെ സ്തംഭിച്ചു. ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ എന്നിവരെ നയിച്ചുകൊണ്ടുള്ള തുറന്ന ജീപ്പിലെ യാത്രയും സ്വീകരണ റാലിയിൽ ഉണ്ടായിരുന്നു.

ഹിന്ദുത്വ സർക്കാറിന് താക്കീതായും വിദ്യാഭ്യാസ മേഖലയിലെ സംവരണ അട്ടിമറിക്കെതിരെയും ഇടതുപക്ഷ യുവജന വഞ്ചനയ്‌ക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ കോഴിക്കോട് നഗരത്തിൽ കടന്നുപോയത്. കോഴിക്കോട് സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച സ്വീകരണറാലി മാവൂർ റോഡിലൂടെ പൊതു സമ്മേളന നഗരിയായ മുതലക്കുളം മൈതാനിയിൽ സമാപിച്ചു.

മുതലക്കുളം മൈതാനിയിൽ നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ കാമ്പസുകളിൽ സാഹോദര്യ രാഷ്ട്രീയത്തിന്റെ പുതിയ തുറസുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിന് ഒരു സംഘടന എന്ന നിലയിൽ നേതൃത്വം കൊടുത്തത് ഫ്രറ്റേണിറ്റി മൂവ്‌മെന്റാണ്.

പൗരത്വ പ്രക്ഷോഭ സമരത്തിൽ ഐതിഹാസികമായ അടയാളപ്പെടുത്തലായിരുന്നു കേരളത്തിൽ നടന്ന എയർപോർട്ട് ഉപരോധം. വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തിനെതിരെയും ഹിന്ദുത്വ ഫാസിസത്തിന്റെ വംശീയ ഉന്മൂലനം രാഷ്ട്രീയത്തിനെതിരെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായി നിലകൊള്ളുമെന്ന് ഷംസീർ ഇബ്രാഹിം പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികൾ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പുതിയ ദേശീയ നേതൃത്വത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. കാമ്പസുകളിൽ നിന്ന് പിറവി കൊണ്ട പൗരത്വ പ്രക്ഷോഭത്തിൽ നേതൃപരമായ പങ്കുവഹിക്കുകയും സംഘ്പരിവാർ പൊലീസിനെതിരെ ധൈര്യപൂർവ്വം പ്രതികരിക്കുകയും ചെയ്ത് ഐക്കണായി മാറിയ ഐഷ റെന്ന ഫ്രറ്റേണിറ്റിയുടെ പുതിയ ദേശീയ സെക്രട്ടറിയാണ്.


ഡൽഹി പൊലീസും യുപി പൊലീസും നിരന്തരം വേട്ടയാടുകയും സംഘ്പരിവാർ നിർമ്മിച്ചെടുത്ത കെട്ടുകഥകൾ ഉപയോഗിച്ച് വ്യാജ കേസുകൾ ചുമത്തപ്പെട്ടതിന്റെ പേരിൽ മാസങ്ങളോളം ജയിൽവാസം അനുഷ്ഠിക്കേണ്ടി വരികയും ചെയ്ത ഷർജിൽ ഉസ്മാനിയും ഫ്രറ്റേണിറ്റിയുടെ ദേശീയ നേതൃത്വത്തിലുണ്ട്. ജെഎൻയുവിൽ സംഘ്പരിവാറിനെതിരെ ശക്തമായ പ്രതിരോധം തീർത്ത വിദ്യാർത്ഥി നേതാവായ വസീം ആർ. എസും ദേശീയ നേതൃത്വത്തിലുണ്ട്.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ആസിം, അബൂ ജഅഫർമുല്ല എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘ്പരിവാറും ഇടതുപക്ഷവും സംയുക്തമായി കെട്ടിച്ചമച്ച ലൗ ജിഹാദിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത് പ്രമേയം അവതരിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുൻദേശീയ പ്രസിഡന്റ് ഡോ. അൻസാർ അബൂബക്കർ, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, എഫ്‌ഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ നേതാക്കളായ അബുൽ ആല സുബ്ഹാനി, അയിഷ റെന്ന, അഫ്രീൻ ഫാത്തിമ, മുഹമ്മദലി വേളം, ഫിർദൗസ് ബാർബുറിയ, സാന്ദ്ര എം.ജെ, ഷർജ്ജീൽ ഉസ്മാനി, വസീം ആർ.എസ് എന്നിവർ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു. പരിപാടിയിൽ ടീം ഗുൽസാംപിഫികേഷന്റെ റാപ്പ് മ്യൂസിക് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ അഷ്‌റഫ് സ്വാഗതവും എസ്. മുജീബ്‌റഹ്മാൻ സമാപന പ്രഭാഷണവും നടത്തി.