കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും സ്വർണ്ണവും പണവും കവർന്നതായി പരാതി. വയനാട് അഞ്ചുകുന്ന് സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായതായി കാണിച്ച് പനമരം പൊലീസിൽ പരാതി നൽകിയത്. കാവുമന്ദം സ്വദേശി അഖിലേഷിനെതിരെയാണ് പരാതി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി അഖിലേഷ് പെൺകുട്ടിയുടെ ബന്ധു വീട്ടിൽ താമസിച്ചുവരികയായിരുന്നു.

യുവതിയുടെ സഹോദരിയുടെ മകന്റെ മാല മോഷ്ടിച്ചുകടന്നുകളഞ്ഞെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ സ്വർണാഭരണങ്ങൾ പണയം വെപ്പിച്ച് പണം തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്. എസ്‌ബിഐ ഓഫീസ് ജീവനക്കാരനാണെന്ന് പറഞ്ഞാണ് അഖിലേഷ് യുവതിയെ കബളിപ്പിച്ചത്. മനുവെന്ന് പരിചയപ്പെടുത്തിയാണ് വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചത്.

മാല മോഷണം പോയതോടെ സംശയം തോന്നിയ യുവതിയും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.