- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിലെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് റിസോർട്ടിന്റെ പേരിൽ പണം തട്ടിപ്പ്; നടൻ ബാബുരാജിനെതിരായ കേസിൽ പൊലീസ് ഒളിച്ചുകളിക്കുന്നു? റിസോർട്ട് നടത്തിപ്പ് കൈമാറ്റ കരാറിൽ കോതമംഗലം സ്വദേശിയിൽ നിന്ന് കൈപ്പറ്റിയത് 40 ലക്ഷം
അടിമാലി: നടൻ ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ പൊലീസ് ഒളിച്ചുകളിക്കുന്നെന്ന് പരാതി. കോതമംഗലം ഊന്നുകൽ സ്വദേശി അരുൺകുമാറാണ് പരാതിക്കാരൻ. കോടതി ഇടപെടലിനെത്തുടർന്ന് ബാബുരാജിനെതിരെ വഞ്ചനകുറ്റത്തിന് കേസെടുത്തെങ്കിലും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് അരുൺകുമാർ മറുനാടനോട് പറഞ്ഞു.
മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് റിസോർട്ടിന്റെ പേരിലാണ് ബാബു രാജാ പണം തട്ടിയതെന്നാണ് ആരോപണം. സാധുവായ പട്ടയം ഇല്ലാത്തതിന്റെ പേരിൽ റവന്യൂവകുപ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ച സ്ഥലത്ത് സ്ഥാപിച്ച റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നൽകി ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് അരുൺകുമാർ പറയുന്നു.
അരുൺകുമാർ നൽകിയ ഹർജ്ജിയിൽ ഏതാനും മാസം മുമ്പ് ബാബുരാജിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അടിമാലി കോടതി ഉത്തരവായിരുന്നു. ഇതുപ്രകാരം വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.
രണ്ട് തവണ നോട്ടീസ് നൽകി വിശദീകരണം തേടാൻ പൊലീസ് ബാബുരാജിനെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ച് അവധി അപേക്ഷ നൽകുകയായിരുന്നു .ഇനി ഈ കേസിൽ ബാബുരാജിന്റെ അവധി അപേക്ഷ പൊലീസ് സ്വീകരിക്കാനിടയില്ലെന്നാണ് സൂചന.
മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം. ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിട്ടുള്ളത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിരുന്നു.
ഈ സാഹചര്യം നിലനിൽക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും അരുൺകുമാർ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോയില്ല. ഇതെത്തുടർന്ന് താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബാബുരാജിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പണം തിരികെ നൽകാൻ നടൻ തയ്യാറായില്ല. ഇതെത്തുടർന്ന് അരുൺകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി നിർദ്ദേശപ്രകാരമാണ് അടിമാലി പൊലീസ് നടനെതിരെ കേസെടുത്തത്.
2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നെന്നും ഇതും മറച്ചുവച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ ആരോപിച്ചു.എന്തായാലും വരും ദിവസങ്ങളിൽ ഈ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുണ്ടാവാനാണ് സാധ്യത.