കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ലക്‌സൻ ഫ്രാൻസിസ് അഗസ്റ്റിനെതിരെ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ നടത്തിയ വൻ തട്ടിപ്പിലും കേസെടുത്ത് പൊലീസ്. കൊച്ചി എം ജി റോഡിൽ ഓഫീസിൽ പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസിയായ ഇന്തോ - ബ്രിട്ട് കൺസൾട്ടൻസിയാണ് മലയാളികൾ അടക്കം നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയത്.

ഐഎൽറ്റിഎസ് ഇല്ലാതെതന്നെ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ വാങ്ങിനൽകാം, തൊഴിൽ ലഭിക്കും എന്ന രീതിയിൽ നിരവധി പരസ്യങ്ങൾ നൽകിയാണ് നിരവധി പേരെ കബളിപ്പിച്ച് കോടികൾ തട്ടിയത്.

വിഷയം ശ്രദ്ധയിൽ പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് കൊച്ചി പൊലീസ് മേധാവിക്ക് നടപടി ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി വിദ്യാർത്ഥികളെയും തൊഴിൽ അന്വേഷകരെയും ചതിയിൽപെടുത്തി പണം തട്ടുന്ന സ്ഥാപനത്തിനെതിരെ വാർത്താകുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നു. യോഗ്യതകൾ ഒന്നും വേണ്ട. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ കിട്ടും, തൊഴിൽ കിട്ടും എന്ന രീതിയിലാണ് പരസ്യങ്ങൾ കൊടുത്തിരുന്നത്.



പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ നിർദ്ദേശപ്രകാരമാണ് വിഷയത്തിൽ കൊച്ചി പൊലീസ് അന്വേഷണം നടത്തുകയും ഇന്തോ ബ്രിട്ട് കൺസൾട്ടൻസിയുടെ പിന്നിൽ പ്രവർത്തിച്ച ലക്‌സൻ ഫ്രാൻസിസ് അഗസ്റ്റിനെതിരെ കേസ് എടുക്കുകയും ചെയ്തത്.

നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ, ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്നും സൂചനയുണ്ട്. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ നിർദ്ദേശം അനുസരിച്ച് എമിഗ്രേഷൻ ആക്ട് 1983യിലെ സെക്ഷൻ 10, 24 26 എന്നിവ അനുസരിച്ചാണ് ഈ ഏജൻസിക്കും ഉടമയ്ക്കും എതിരെ കേസ് എടുത്തത്.



എഫ് ഐ ആറിൽ പ്രതിയുടെ പേര് ലക്‌സൻ ഫ്രാൻസിസ് അഗസ്റ്റിൻ എന്നാണ് നൽകിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജീവിച്ചിരുന്ന ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ മുമ്പ് ബ്രിട്ടനിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധി തട്ടിപ്പ് കേസുകളിലും ഇയാൾ പ്രതിയാണ്. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് പത്രങ്ങളിൽ വാർത്ത വന്നിരുന്നു.

ഒരു അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസിൽ ലക്‌സൻ ഫ്രാൻസിസ് അഗസ്റ്റിൻ കല്ലുമാണിക്കൽ ഇപ്പോൾ ഒളിവിലാണ്. ചങ്ങനാശേരി തുരുത്തിയിലാണ് ഇയാളുടെ വീട്. പിതൃ സഹോദരനാണ് കേരളാ കോൺഗ്രസിലെ ഒരു നേതാവാണ്.

ചങ്ങനാശേരിക്കാരനായ അമേരിക്കയിലെ ഷിക്കാഗോയിൽ സിറോ മലബാർ സഭയുടെ വികാരി ജനറൽ ആയിരുന്ന ഡോ ജോർജ് മഠത്തിപ്പറമ്പിൽ ആണ് ഇദ്ദേഹത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. സഭയുമായും കോൺഗ്രസ് നേതാക്കളുമായുമുള്ള ബന്ധം മുതലെടുത്താണ് നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയതെന്നാണ് സൂചന.

കോൺഗ്രസിന്റെ മൈനോരിറ്റി കമ്മീഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കൺവീനർ എന്ന പേരിൽ വാഹനത്തിൽ ബോർഡ് വച്ചായിരുന്നു നാട്ടിൽ ഇയാളുടെ യാത്ര. മുമ്പ് ഓവർസീസ് കോൺഗ്രസിന്റെ ലണ്ടനിലെ കൺവീനർ ആയിരുന്നു. ജോസഫ് വാഴയ്ക്കൻ അടക്കമുള്ളവരുടെ പേരു പറഞ്ഞായിരുന്നു പല പദവികളിലും വിലസിയിരുന്നത്. നേതാക്കളുടെയും പാർട്ടിയുടേയും പേരു പറഞ്ഞ് നിരവധി തട്ടിപ്പ് നടത്തിയതായാണ് വിവരം. ഇയാൾക്കെതിരെ നിരവധി പീഡന പരാതികളും ഉയർന്നുവന്നിരുന്നു.



ബ്രിട്ടീഷ് മലയാളിയുടെ തുടക്കകാലഘട്ടത്തിൽ ഇയാളുടെ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ വാർത്ത നൽകയതിന്റെ പേരിൽ വധഭീഷണി ഉയർത്തിയിരുന്നു. വ്യാജരേഖകൾ ഉണ്ടാക്കിയും വ്യാജ കേസുകൾ ചമച്ചും നിരന്തരം വേട്ടയാടാൻ ശ്രമിച്ചിരുന്നു. കൂടാതെ ലണ്ടനിൽ വച്ച് അവിടുത്തെ ഒരു വൈദികനെ കബളിപ്പിച്ചതടക്കം നിരവധി വൈദികന്മാരെ പറ്റിച്ച സംഭവങ്ങളിൽ ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. തട്ടിപ്പിന് മറയാക്കി വച്ചിരുന്നത് സഭാ ബന്ധവും പാർട്ടി ബന്ധവുമാണ്.