ബാങ്കുകളിൽനിന്ന് ലഭിക്കുന്ന അവശേഷിക്കുന്ന സൗജന്യ സേവനങ്ങൾകൂടി ഉടൻ അവസാനിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ അഞ്ചുവർഷക്കാലം മിനിമം ബാലൻസ് നിലനിൽത്തിയ ഉപഭോക്താക്കൾ നടത്തിയ ഇടപാടുകൾക്ക് നികുതി ആവശ്യപ്പെട്ടുകൊണ്ട് പ്രധാന ബാങ്കുകൾക്ക് നികുതി അധികൃതർ നോട്ടീസയച്ചതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. മിനിമം ബാലൻസ് നിലനിർത്തുന്ന അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന സേവനം മിക്കവാറും ബാങ്കുകൾ സൗജന്യമാക്കിയിരുന്നു. അത് അവസാനിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോൾ ശക്തമായിട്ടുള്ളത്.

ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സേവനങ്ങൾ കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ നികുതിയടക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി ഡയറക്ടറേറ്റ് ജനറലാണ് ബാങ്കുകൾക്ക് നോട്ടീസ് അയച്ചത്. സർവീസ് ചാർജുകൾ ഈടാക്കിയിരുന്ന ജിഎസ്ടിക്ക് മുമ്പുള്ള കാലയളവിലെ നികുതി കൂടി അടയ്ക്കണമെന്നാണ് നോട്ടീസിലുള്ളത്. അങ്ങനെ വന്നാൽ, ആ നികുതി ഉപഭോക്താക്കളിൽനിന്നുതന്നെ ഈടാക്കാൻ ബാങ്കുകൾ തയ്യാറായേക്കുമെന്നാണ് സൂചന.

നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകൾ, ഫ്യുവൽ സർചാർജ് റീഫണ്ട്, ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ് തുടങ്ങി എല്ലാ സേവനങ്ങൾക്കും ബാങ്കുകൾ ഫീസീടാക്കുമെന്നാണ് കരുതുന്നത്. മുമ്പ് മിനിമം ബാലൻസ് നിലനിർത്താത്തവരിൽനിന്ന് പിഴയീടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിനെതിരേ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്ന് പിഴയിൽ ഗണ്യമായ കുറവുവരുത്താനും ബാങ്കുകൾ നിർബന്ധിതരായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക, എച്ചഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കുകൾക്കാണ് നിലവിൽ ജിഎസ്ടി ഡയറക്ടറേറ്റ് ജനറൽ നോട്ടീസ് അയച്ചിട്ടുള്ളത്. മറ്റുബാങ്കുകൾക്കും വൈകാതെ നോട്ടീസ് അയക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.