നിയമസഭയിൽ എംഎൽഎമാർ തമ്മിൽ ഉഗ്രനടി; സ്പീക്കറുടെ ചേമ്പർ അടിച്ചു തകർത്തു; സംഘർഷത്തിനു നേതൃത്വം നൽകിയ ശിവൻകുട്ടിയും കെ കെ ലതികയും തളർന്നു വീണു; വനിതാ എംഎൽഎമാരെ മർദിച്ചതായും പരാതി; നാണക്കേടിന്റെ എപ്പിസോഡുകൾ തുടരുന്നു
തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ കാണാത്ത സംഭവങ്ങളാണ് ഇന്നുണ്ടായത്. ഒരുപക്ഷേ ലോകത്തൊരിടത്തും ഇതുപോലുള്ള കാഴ്ചകൾ നിയമനിർമ്മാണ സഭകളിൽ ഉണ്ടായിട്ടില്ല. നിയമസഭയിൽ അംഗബലത്തിൽ നേരിയ വ്യത്യാസം മാത്രമാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ളത്. ഇതെല്ലാം പ്രതിഫലിപ്പിച്ചാണ് പ്രതിപക്ഷ സഭയിൽ പ്രതിഷേധം ഉയർത്തിയത്. ധനമന്ത്രി കെഎം മാണി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ കാണാത്ത സംഭവങ്ങളാണ് ഇന്നുണ്ടായത്. ഒരുപക്ഷേ ലോകത്തൊരിടത്തും ഇതുപോലുള്ള കാഴ്ചകൾ നിയമനിർമ്മാണ സഭകളിൽ ഉണ്ടായിട്ടില്ല. നിയമസഭയിൽ അംഗബലത്തിൽ നേരിയ വ്യത്യാസം മാത്രമാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ളത്. ഇതെല്ലാം പ്രതിഫലിപ്പിച്ചാണ് പ്രതിപക്ഷ സഭയിൽ പ്രതിഷേധം ഉയർത്തിയത്. ധനമന്ത്രി കെഎം മാണിയെ തടയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഭരണപക്ഷത്തിന്റെ ചുറ്റുമതിലിൽ മാണി എത്തുമെന്നുള്ളതിനാൽ അവർ തന്ത്രം മാറ്റി. പക്ഷേ എല്ലാം മുൻകൂട്ടി അറിയാമെന്ന പോലെ ഭരണപക്ഷം കരുക്കൾ നീക്കി. ഇതോടെ ധനമന്ത്രിക്ക് ബജറ്റ് അവതരണം സാധ്യമായി.
പക്ഷേ വലിയ സംഘർഷമാണ് ഇതിനിടെ നിയമസഭയിൽ ഉണ്ടായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തടയാൻ പോലും ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിലേക്ക് ജമീലാ പ്രകാശമാണ് തള്ളിക്കയറിയത്. ഇതിനെ മന്ത്രി കെസി ജോസഫ് പ്രതിരോധിച്ചു. അതിനിടെ ജമീലാ പ്രകാശത്തിനെ മന്ത്രി കെസി ജോസഫ് അക്രമിച്ചു എന്ന ആരോപണവുമായി പ്രതിപക്ഷമെത്തി. ഇതിനിടെയാണ് സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷം കയറിയത്. സ്പീക്കറുടെ ടേബിളിലെ സാധനങ്ങളെല്ലാം നശിപ്പിച്ചു. അതിനിടെയിൽ മറ്റൊരു വഴിയിലൂടെ സ്പീക്കർ ശക്തൻ നിയമസഭയിലെത്തി. ഡയസിലേക്ക് കയറാനുള്ള ശ്രമത്തെ തോമസ് ഐസക് എംഎൽഎ തടഞ്ഞു. ഇതിനിടെയിൽ സ്പീക്കർ ധനമന്ത്രിയെ നോക്കി ആഗ്യം കാണിച്ചു.
വാച്ച് ആൻഡ് വാർഡുമായി വലിയ സംഘർഷമാണ് പ്രതിപക്ഷ എംഎൽഎ ഉണ്ടാക്കിയത്. പതിവ് വഴി മാറിയാണ് മാണി എത്തിയത്. അതും അപ്രതീക്ഷിതമായിരുന്നു. സഭയിലെത്തിയ മാണിക്ക് ഭരണപക്ഷ എംഎൽഎമാർ സംരക്ഷണ വലയം തീർത്തു. വാച്ച ആൻഡ് വാർഡും ഉണ്ടായിരുന്നു. ഈ സമയം സ്പീക്കറുടെ ഡയസിലായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രദ്ധ. സ്പീക്കർ സാധാരണയെത്തുന്ന വഴി ഉപരോധിച്ചിരുന്നു. അതിനാൽ സ്പീക്കറും മറ്റൊരു വഴിയേ സഭയ്ക്കുള്ളിലെത്തി. ചട്ടപ്രകാരം ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചു. അങ്ങനെ സർക്കാരിന്റെ ആഗ്രഹം സഫലമായി. മൂന്ന് മിനിറ്റോളം ബജറ്റ് മാണി വായിച്ചു. മാണിയെ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ശ്രമം വിജയിച്ചില്ല. അങ്ങനെ മാണി തന്റെ പതിമൂന്നാം ബജറ്റ് വായിച്ച് ശേഷം പൂർത്തിയാക്കാതെ അത് നിയമസഭയിൽ വച്ചു.
രാവിലെ 8.50ന് മാണി, പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞില്ല. സ്പീക്കറുടെ പ്രവേശന കവാടം വഴി മാണി സഭയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം തടഞ്ഞു. തുടർന്ന് മാണി മുറിയിലേക്ക് മടങ്ങിപ്പോയി. പിന്നാലെ സ്പീക്കർ എൻ.ശക്തൻ സഭയിലേക്കെത്തി. എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ സഭ വിട്ടുപോയി. ഉടൻ തന്നെ സ്പീക്കറുടെ കസേര പ്രതിപക്ഷം മറിച്ചിടുകയും കംപ്യൂട്ടറും മൈക്കും തകർക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു വാതിലിലൂടെ കനത്ത സുരക്ഷയിൽ മാണി സഭയിലെത്തി.
തന്റെ പതിവ് സീറ്റിൽ മാണി ഇരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മാണി മൂന്നാം നിരയിലേക്ക് മാറി. ഭരണപക്ഷാംഗങ്ങളും വാച്ച് ആൻഡ് വാർഡും മാണിക്ക് സംരക്ഷണ കവചവും തീർത്തു. തുടർന്ന് മാണി ബജറ്റ് വായന ആരംഭിച്ചു. സ്പീക്കർ സഭയിൽ ഇല്ലായിരുന്നെങ്കിലും പുറത്ത് നിന്ന് തന്നെ അദ്ദേഹം ആംഗ്യഭാവത്തിൽ മാണിക്ക് ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. 9.02ന് വായന ആരംഭിച്ച മാണി 9.10ന് പ്രസംഗം അവസാനിപ്പിച്ചു. ഇതോടെ ഭരണപക്ഷാംഗങ്ങൾ കൈയടിക്കുകയും പ്രതിപക്ഷത്തിനു നേരെ കൂവുകയും ചെയ്തു. മന്ത്രിമാർരും എംഎൽഎമാരും മാണിയെ അഭിനന്ദിക്കാനും ഓടിയെത്തി. തുടർന്ന് അദ്ദേഹം തന്റെ മുൻനിരയിലെ സീറ്റിലേക്ക് മടങ്ങി.
സ്പീക്കറുടെ ഡയസിൽ വലിയ സംഘർഷമായിരുന്നു. വാച്ച് ആൻഡ് വാർഡ് പരമാവധി സംയമനം പാലിച്ചു. ഇതിനിടെയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ശിവൻകുട്ടി തളർന്ന് വീണു. പിന്നീട് കെ.എസ്.സലീഖ, ഗീതാ ഗോപി, കെ.അജിത് എന്നിവരും സഭയിൽ തളർന്നു വീണു. ഇവരെ വാച്ച് ആൻഡ് വാർഡ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന് ശേഷവും പ്രതിപക്ഷം സഭയിൽ തന്നെ കുത്തിയിരുന്നു. മാണിക്കെതിരെ മുദ്രാവാക്യവും വിളിച്ചു. അങ്ങനെ എന്തുകൊണ്ടും സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് സഭയിൽ ബജറ്റ് അവതരണം നടന്നത്.
നാളെ എൽഡിഎഫ് ഹർത്താൽ
സഭയ്ക്കുള്ളിൽ എംഎൽഎമാർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ബജറ്റിന്റെ കാര്യത്തിൽ ഗവർണർക്ക് പരാതി നൽകാനും എൽഡിഎഫ് തീരുമാനിച്ചു. വനിത എംഎൽഎമാരെ ഭരണകക്ഷി എംഎൽഎമാർ ആക്രമിച്ചതിനെപ്പറ്റിയും ഗവർണർക്കു പരാതി നൽകും.