ഡബ്ലിൻ: എല്ലാവർക്കും സൗജന്യ ജിപി കെയർ പദ്ധതി മൂന്നു വർഷം കൂടി വൈകിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ജനറൽ ഇലക്ഷൻ വരുന്നതിന് മുമ്പ് എല്ലാവർക്കും സൗജന്യ ജിപി കെയർ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചുവെങ്കിലും പദ്ധതി തുടങ്ങാൻ ഇനിയും മൂന്നു വർഷം കൂടി സമയം വേണമെന്നാണ് റിപ്പോർട്ടുകൾ.

2016 -ൽ ജനറൽ ഇലക്ഷൻ നടക്കുമെങ്കിലും എല്ലാവർക്കും സൗജന്യ ജിപി കെയർ നടപ്പാക്കുന്നത് 2019ലോ അതിനു ശേഷമോ ആയിരിക്കും. അതേസമയം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ അറിയിച്ചു. എന്നാൽ ഈ വർഷം അവസാനത്തോടെ ആറു വയസിനു താഴെയുള്ള കുട്ടികൾക്കും എഴുപതിനു മേൽ പ്രായമുള്ളവർക്കും സൗജന്യ ജിപി കെയർ ലഭ്യമാക്കിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കുന്നു. എഴുപതിനു മേൽ പ്രായമുള്ളവർക്ക് എന്തായാലും സൗജന്യ ജിപി കെയർ നൽകാൻ സാധിക്കുമെന്നാണ് മന്ത്രി ഉറപ്പു നൽകുന്നത്.

അതേസമയം ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി എന്നതിൽ കുറച്ചുകൂടി തീരുമാനം ആകേണ്ടതുണ്ടെന്നും ലിയോ വരാദ്ക്കർ വ്യക്തമാക്കുന്നു. എഴുപതിനു മേൽ പ്രായമുള്ളവർക്കും ആറു വയസിൽ താഴെയുള്ളവർക്കും സൗജന്യ ജിപി കെയർ ലഭ്യമാക്കിത്തുടങ്ങിയാൽ അടുത്ത ഘട്ടം പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ നൽകുകയെന്നതാണ്. നാലാം ഘട്ടമായാണ് മുതിർന്നവർക്കുള്ള സൗജന്യ ജിപി കെയർ നടപ്പാക്കുക. ഐറീഷ് മെഡിക്കൽ ഓർഗനൈസേഷനുമായി കൂടിച്ചേർന്നാണ് ഈ പദ്ധതി നടപ്പിൽ വരുത്തുക.

എല്ലാവർക്കും സൗജന്യ ജിപി കെയർ എന്നത് ബൃഹത്തായ പദ്ധതിയാണെന്നും ഇത് സമയമെടുത്ത് ചെയ്യേണ്ടകാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരക്കിട്ട് പദ്ധതി നടപ്പാക്കിയാൽ അതിൽ ഏറെ പാകപ്പിഴകൾ വന്നുചേരുമെന്നും അത് ഒഴിവാക്കാനാണ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതെന്നും വരാദ്ക്കർ പറയുന്നു. സർവീസിൽ നിന്നു വിരമിക്കുന്ന ഡോക്ടർമാർക്കു പകരം ജിപികളെ നിയമിക്കുക, പദ്ധതി നടപ്പാക്കാൻ ഐഎംഒയ്ക്ക് സർക്കാർ ധനസഹായം ഉറപ്പുവരുത്തുക തുടങ്ങിയ സാങ്കേതിക വശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.