ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം നൽകുന്നതിനോട് പൊതുജനങ്ങൾക്ക് താത്പര്യക്കുറവെന്ന് പുതിയ സർവേ. കുട്ടികൾക്ക് സൗജന്യ ജിപി കെയർ നൽകുന്നതിനേക്കാൾ അവർ പിന്താങ്ങുന്നത് താഴ്ന്ന വേതനമുള്ളവർക്ക് കൂടുതൽ മെഡിക്കൽ കാർഡുകൾ നൽകുന്നതിനോട്. ഇതുസംബന്ധിച്ച് നടത്തിയ സർവേയിൽ വ്യക്തമായത് അഞ്ചിൽ ഒരാൾ മാത്രമാണ് സൗജന്യ ജിപി ആറു വയസിൽ താഴെയുള്ളവർക്കു നൽകുന്നതിനെ പിന്തുണയ്ക്കുന്നത്.

ഈസ്റ്ററിനു മുമ്പാണ് ഇതുസംബന്ധിച്ച് അമരാക്ക് റിസർച്ച് സർവേ നടത്തിയത്. നാഷണൽ അസോസിയേഷൻ ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് (എൻഎജിപി)യുടെ കീഴിലുള്ളതാണ് അമരാക്ക് റിസർച്ച്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്കും സൗജന്യമായി ജിപി നൽകുന്നതിനെക്കാൾ എത്രയോ മികച്ചതാണ് താഴ്ന്ന വരുമാനമുള്ളവർക്ക് മെഡിക്കൽ കാർഡ് ഏർപ്പെടുത്തുന്നതെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി ഏർപ്പെടുത്തിയാൽ എല്ലാ മേഖലയിൽ പെട്ട കുടുംബത്തിലെ കുട്ടികൾക്കും ഇതു ബാധകമായിരിക്കും. എന്നാൽ മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ കുട്ടികൾക്ക് ഇത്തരത്തിൽ സൗജന്യ ജിപി കെയർ ലഭിക്കേണ്ട ആവശ്യമില്ലെന്നാണ് സർവേ വെളിപ്പെടുത്തുന്നത്.

നിലവിൽ മെഡിക്കൽ കാർഡ് ഇല്ലാത്തവരും താഴ്ന്ന വരുമാനക്കാരുമായ ആൾക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും കുട്ടികൾക്കു പകരം ഇത്തരക്കാരെ കണ്ടെത്തി സഹായിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നുമാണ് സർവേയിൽ ഉയർന്നിരിക്കുന്നത്. 70 വയസുകഴിഞ്ഞവർക്കും ആറു വയസിൽ താഴെയുള്ളവർക്കും ഈ സമ്മറോടു കൂടി സൗജന്യ ജിപി കെയർ ആണ് ആരോഗ്യമന്ത്രി ലിയോ വരാദ്കർ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 70 കഴിഞ്ഞവരുടെ സൗജന്യ ജിപി കെയറിൽ തീരുമാനമായിരുന്നു. എന്നാൽ കുട്ടികളുടെ കാര്യത്തിലാണ് ഇപ്പോഴും തീരുമാനമാകാത്തത്. ജിപിമാരിൽ തന്നെ ബഹുഭൂരിപക്ഷം പേരും കുട്ടികൾക്കുള്ള സൗജന്യ ജിപി കെയറിനെ എതിർത്തിരുന്നു. എട്ടു ശതമാനം പേർ മാത്രമാണ് ഇതു സംബന്ധിച്ച കരാറിൽ സർക്കാരുമായി ഇതുവരെ ഒപ്പുവച്ചിട്ടുള്ളത്. തങ്ങളുടെ വരുമാനത്തെ ഇതു സാരമായി ബാധിക്കുമെന്നു പറഞ്ഞാണ് ജിപിമാർ ഇതിൽ നിന്നു വിട്ടു നിൽക്കുന്നത്.