മാൽബറോ: പതിമൂന്നു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് 13 വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി. ഇതു പ്രകാരം 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ജിപിയെ കാണുന്നതിനും പ്രിസ്‌ക്രിപ്ഷൻ ലഭിക്കുന്നതിനും യോഗ്യതയുണ്ടായിരിക്കും.

എന്നാൽ സൗജന്യ ജിപി സേവനം സംബന്ധിച്ച് സർക്കാരും ജിപിമാരും തമ്മിൽ പൂർണമായി ധാരണയിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ബ്ലെൻഹെയിം മെഡിക്കൽ പ്രാക്ടീസസ് ലിസ്റ്റർ കോർട്ട് മെഡിക്കലും ഫ്രാൻസീസ് സ്ട്രീറ്റ് മെഡിക്കലും ഇത്തരത്തിൽ സൗജന്യ ജിപി സേവനം നൽകുന്നില്ലെന്ന് മാൽബറോ പ്രൈമറി ഹെൽത്ത് ഓർഗനൈസേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബെത്ത് ടെസ്റ്റർ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അടുത്തമാസം ചേരുന്ന യോഗത്തിൽ ധാരണയെത്തുമെന്നാണ് ടെസ്റ്റർ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം മാൽബറോ ആഫ്റ്റർ അവേഴ്‌സ് ജിപി സർവീസ് ഈ പദ്ധതിയുടെ കീഴിൽ വരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യ ജിപി സ്‌കീമിൽ പങ്കാളികളാകുകയെന്നത് വ്യക്തിപരമായ കാര്യമാണെന്നും ന്യൂസിലാൻഡിലെ മറ്റു ജിപിമാർക്കും താത്പര്യമുണ്ടെങ്കിൽ ഈ പദ്ധതിയിൽ വേണമെങ്കിൽ പങ്കാളികളാകാമെന്നും അറിയിപ്പുണ്ട്. പദ്ധതിയോട് പൂർണതോതിൽ ജിപിമാർ സഹകരിക്കാത്തതിനാൽ ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ  സംശയം ഉയർന്നിട്ടുണ്ട്.

സൗജന്യ ജിപി സേവനം നടപ്പാകുന്നതോടെ ജിപിമാരെ കാണാനെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുമെന്നും ഇതിനെ എങ്ങനെ നേരിടുമെന്നും വ്യക്തമല്ല.