സംസ്ഥാനത്ത് പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് : നടപടി ഊർജ്ജിതമാക്കാനൊരുങ്ങി സർക്കാർ; കണക്ടിവിറ്റിയുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. നെറ്റ്‌വർക്ക് കണക്ടിവിറ്റിയുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭാവി എന്ന് പറയുമ്പോൾ, വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറപ്പിക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ ഒരു ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകാൻ പാടില്ല. അതിനാവശ്യമായ കരുതൽ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അതിനാവശ്യമായ നടപടികൾ വിവിധ സ്രോതസുകൾ വഴി സമാഹരിക്കാൻ പറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിലവിലുള്ള പ്രശ്നം രണ്ട് മൂന്ന് തരത്തിലാണ്. നമ്മുടെ സംസ്ഥാനത്തെ കുട്ടികളിൽ ഒരു വിഭാഗം ഓൺലൈൻ പഠനത്തിനായുള്ള ഉപകരണം വാങ്ങാൻ ശേഷിയില്ലാത്തവരാണ്.
പലവിധ പ്രശ്നങ്ങൾ അവർ നേരിടുന്നുണ്ട്. ഒന്നാം തരംഗം വന്നപ്പോൾ ആരും പറഞ്ഞില്ല രണ്ടാം തരംഗം ഉണ്ടാകുമെന്ന്. നമ്മൾ ഇപ്പോൾ മൂന്നാം തരംഗത്തിന് തയ്യാറെടുക്കുകയാണ്. കോവിഡ് കുറച്ചു കാലം നമ്മുടെ കൂടെയുണ്ടാകും. ഓൺലൈൻ വിദ്യാഭ്യാസം അത്ര വേഗത്തിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. പാഠപുസ്തകങ്ങൾ പോലെ വിദ്യാർത്ഥികളുടെ പക്കൽ ഡിജിറ്റൽ ഉപകരണം ഉണ്ടാകുക എന്നത് പ്രധാനമാണ്.വാങ്ങാൻ ശേഷിയില്ലാത്തവർക്കായി വിവിധ സ്രോതസുകളെ ഉപയോഗിച്ച് സഹായം നടപ്പാക്കാൻ തന്നെയാണ് തീരുമാനം.
നമ്മുടെ സംസ്ഥാനത്ത് പലഭാഗങ്ങളിലും കണക്ടിവിറ്റിയുടെ പ്രശ്നം നിലനിൽക്കുന്നുണ്ട്. എങ്ങനെ കണക്ടിവിറ്റി എത്തിക്കാമെന്നത് ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിട്ടുണ്ട്. ആദിവാസി മേഖലയ്ക്കാണ് പ്രാധാന്യം. എങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്ന് പരിശോധിക്കുകയാണ്. ഇതിനായി കെ എസ് ഇ ബി ഉൾപ്പടെ വിവിധ മേഖലകളുടെ സഹായങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ