സിഡ്‌നി: ഹൈസ്‌കൂൾ കുട്ടികൾക്കായി സൗജന്യ മെനിഞ്ചോകോക്കൽ കുത്തിവയ്പ് നടത്താൻ ന്യൂ സൗത്ത് വേൽസ് സർക്കാർ. ടീനേജുകാരിൽ പടരുന്ന അപകടകാരിയായ മെനിഞ്ചോകോക്കൽ രോഗത്തിന് തടയിടാനാണ് ന്യൂ സൗത്ത് വേൽസ് സർക്കാർ സൗജന്യ വാക്‌സിനേഷൻ പരിപാടിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. എൻഎസ്ഡബ്ല്യൂ മെനിഞ്ചോകോക്കൽ ഡബ്ല്യൂ റെസ്‌പോൺസ് പ്രോഗ്രാം എന്ന പേരിൽ നടത്തുന്ന ഈ സൗജന്യ വാക്‌സിനേഷൻ പ്രോഗ്രാമിൽ ടീനേജുകാർ നിർബന്ധമായും പങ്കെടുത്തിരിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ സ്വകാര്യ- പൊതുമേഖലാ സ്‌കൂളുകളിലൂടെയും, കത്തോലിക്ക സ്‌കൂളുകളിലൂടെയും കുട്ടികൾക്ക് വാക്‌സിൻ നൽകാനാണ് പദ്ധതി.
2015 മുതൽ ഈ രോഗം വളരെയധികം വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. 2015 നെ അപേക്ഷിച്ച് 2016 ൽ ഇത് മൂന്നിരട്ടിയായി വർധിച്ചിരുന്നു. മാത്രമല്ല 2017 ൽ ഇതുവരെ രണ്ടു പേർക്ക് ഈ രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈസ്‌കൂൾ കുട്ടികളിൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്താൻ സർക്കാർ തീരുമാനിച്ചത്.