ദോഹ: ഇനി പുറത്തുപോകുമ്പോൾ മൊബൈൽ ഫോൺ ചാർജ് തീർന്നാൽ ഒട്ടു ആശങ്കപ്പെടേണ്ട. സൗജന്യ മൊബൈൽ ചാർജിങ് സർവീസിന്റെ ആദ്യ ഘട്ടത്തിന് തുടക്കമിട്ടുകൊണ്ട് ദോഹ മുനിസിപ്പാലിറ്റി. ദോഹ കോർണിഷിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ചാർജിങ് ഡിവൈസിൽ ഇനി ആർക്കും മൊബൈൽ ചാർജ് ചെയ്യാം.

ജനങ്ങൾക്ക് കമ്യൂണിക്കേഷൻ എളുപ്പമാക്കുന്നതിന് സൗജന്യ സർവീസ് ആണ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ്ങ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ക്ലീൻ എനർജി ഉപയോഗിക്കുകയും അതുവഴി പരിസ മലിനീകരണം തടയുകയും എന്ന ലക്ഷ്യത്തോടെയാണ് സോളാർ എനർജി സർവീസ് ഉപയോഗിച്ചത്. കോർണിഷ് ഏരിയയിൽ 30 ഡിവൈസുകൾ സ്ഥാപിക്കലാണ് ആദ്യ ഘട്ടം. പിന്നീട് ഇത് മറ്റ് ഏരിയകളിലേക്കും വ്യാപിപ്പിക്കും.

സൗജന്യ മൊബൈൽ ചാർജിങ്ങിനായി 200 സോളാർ ഡിവൈസുകളാണ് നിലവിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. എല്ലാ മുൻസിപ്പാലിറ്റികളിലും പാർക്ക്, സോഷ്യൽ ആക്ടിവിറ്റീസ് നടക്കുന്ന ഏരിയകൾ, ചില മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സൗജന്യ മൊബൈൽ ചാർജിങ്ങ് സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. എല്ലാ ടൈപ്പ് സ്മാർട്ട്‌ഫോണുകളിലും ടാബ്ലറ്റിലും ഡിജിറ്റൽ ക്യാമറകളിലും ക്ലീൻ എനർജി ഉപയോഗിച്ചുള്ള ചാർജിങ്ങ് ഉപകരണം പ്രവർത്തിക്കും.

സാധാരണ ഇലക്ട്രിക്കലി ചാർജിങ്ങ് സംവിധാനത്തേക്കാൾ 30-40 ശതമാനം കൂടുതൽ വേഗത്തിൽ ഈ ഡിവൈസ് വഴി ഫോൺ ചാർജ് ചെയ്യാനാകും. ഹാൻഡ് സെറ്റിന് അനുയോജ്യമായ തരത്തിലുള്ള വോൾട്ടേജ് തിരിച്ചറിയാനുള്ള സംവിധാനവും ഈ ഡിസൈസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.