സിംഗപ്പൂർ: ഓഗസ്റ്റ് ഒമ്പത് ദേശീയദിനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളുമായി മൊബൈൽ കമ്പനികൾ രംഗത്തെത്തി. ടെൽകോസ് സിങ്‌ടെൽ, സ്റ്റാർഹബ്, എംവൺ എന്നീ കമ്പനികൾ തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷ ഓഫറുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

സിങ്‌ടെൽ പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിന് നാഷണൽ ഡേയിൽ ഉച്ചയ്ക്ക 12.01 മുതൽ രാത്രി 11.59 വരെയുള്ള സമയത്ത് സൗജന്യ ഡേറ്റാ യൂസേജാണ് ടെൽകോ ്പ്രഖ്യാപിച്ചിരിക്കുന്നത്. എംവൺ ഉപയോക്താക്കൾക്ക് സൗജന്യ ലോക്കൽ കോളുകൾ, എസ്എംഎസ്, എംഎംഎസ് മെസേജുകൾ കൂടാതെ ഒരു ദിവസത്തെ അൺലിമിറ്റഡ് മൊബൈൽ ഡേറ്റായും സൗജന്യമായി ലഭിക്കുന്നു.

ഓഗസ്റ്റ് ഒമ്പതു മുതൽ ഒരു മാസത്തെ അഡീഷണൽ ഒരു ജിബി സൗജന്യ ഡേറ്റയാണ് സ്റ്റാർ ഹബ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന ഒരു ജിബി ഡേറ്റാ ആദ്യം ഉപയോഗിച്ച ശേഷം പിന്നീടുള്ളവ മാത്രമാണ് കസ്റ്റമറുടെ പാക്കേജ് പ്രകാരം ബിൽ ചെയ്യുകയുള്ളൂവെന്ന് സ്റ്റാർഹബ് വക്താവ് വെളിപ്പെടുത്തി. ഇത് സെപ്റ്റബർ ബില്ലിൽ വ്യക്തമാക്കും.

ടെലിവിഷൻ കസ്റ്റമേഴ്‌സിനും മെച്ചപ്പെട്ട ഓഫറുകൾ സിങ്‌ടെലും സ്റ്റാർഹബും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഗസ്റ്റ് അഞ്ച് രാവിലെ ആറു മുതൽ ഓഗസ്റ്റ് ഒമ്പത് രാവിലെ 11.59 വരെ 140-ലധികം ചാനലുകൾ സിങ്‌ടെൽ ടിവി സൗജന്യമായി നൽകുന്നുണ്ട്. ഡിസ്‌നി ചാനൽ, നാഷണൽ ജിയോഗ്രാഫിക് ചാനൽ എച്ച്ഡി, ഫോക്‌സ് മൂവീ പ്രീമിയം എച്ച്ഡ്, കെബിഎസ് വേൾഡ് എച്ച്ഡി എന്നിവ ഈ ഓഫറിൽ ഉൾപ്പെടുന്നു. സ്റ്റാർഹബും ഓഗസ്റ്റ് അഞ്ചു മുതൽ ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങൡ നൂറിലധികം ചാനലുകൾ സൗജന്യമായി നൽകുന്നുണ്ട്.