ദുബായ്: അൽ ഇസ്‌റ വൽ മിറാജ് ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച എമിറേറ്റിൽ സൗജന്യ പാർക്കിങ് അനുവദിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ). അതേസമയം ബഹുനില കെട്ടിട പാർക്കിങ്, മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിൽ ഈ ദിവസം പാർക്കിങ് ഫീസ് നൽകേണ്ടി വരും. 

പൊതുഗതാഗത സർവീസ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പബ്ലിക് ബസുകൾ, ദുബായ് മെട്രോ, ട്രാം സർവീസ്, ജലഗതാഗതം, ഡ്രൈവിങ് സ്‌കൂളുകൾ എന്നിവയുടെ സർവീസ് സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രീൻ ലൈനിലൂടെയുള്ള മെട്രോ സർവീസ് വ്യാഴാഴ്ച രാവിലെ 5.50ന് ആരംഭിക്കും. രാത്രി 12 വരെ ഈ സർവീസ് ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് പുലർച്ച് ഒന്നു വരെ നീളും. റെഡ് ലൈൻ മെട്രോ സർവീസ് വ്യാഴാഴ്ച രാവിലെ 5.30ന് ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ ഒന്നു വരെ ഉണ്ടായിരിക്കും.

അൽ ഇസ്‌റ വാൽ മിറാജ് ദിനത്തോടനുബന്ധിച്ച് എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളും വ്യാഴാഴ്ച അടച്ചിടും. ഞായറാഴ്ചയായിരിക്കും സർവീസ് പുനരാരംഭിക്കുക.