മനാമ: റോഡിൽ വർദ്ധിച്ച് വരുന്ന തിരക്ക് ഒഴിവാക്കാനായി വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് സർവ്വീസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. മുഹറഖിൽ റോഡിലെ തിരക്ക് ഒഴിവാക്കാനായാണ് വിദ്യാർത്ഥികൾക്കായി സൗജന്യ ബസ് സർവീസ് തുടങ്ങാൻ ആലോചിക്കുന്ത്. മുഹറഖ് മുനിസിപ്പൽ കൗൺസിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്‌ളാനിങ് മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നത്.

കുട്ടികളെ സ്‌കൂളിലത്തെിക്കാനും കൊണ്ടുപോകാനും വരുന്ന രക്ഷിതാക്കളുടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതിനെ തുടർന്നാണ് ബസ് സർവീസിനെക്കുറിച്ച് ആലോചന തുടങ്ങിയത്. ബഹ്‌റൈൻ പബ്‌ളിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസുകൾ ഇതിനായി ഉപയോഗപ്പെടുത്തണമെന്നാണ് നിർദ്ദേശം. രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്ത് രക്ഷിതാക്കളുടെ വാഹനങ്ങൾ ഒന്നിച്ചത്തെുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

ഇതിന് പകരം ബസുകൾ ഏർപ്പെടുത്തിയാൽ ഗതാഗതക്കുരുക്കും അപകടവും കുറക്കാമെന്നതിന് പുറമെ ഇന്ധന ചെലവും ലാഭിക്കാൻ കഴിയുമെന്ന് മുനിസിപ്പൽ കൗൺസിൽ ചൂണ്ടി ക്കാണിക്കുന്നു.രാവിലെ ആറുമുതൽ ഏഴുവരെയും ഉച്ചക്ക് 12 മുതൽ രണ്ടുവരെയും ബസുകൾ ഓടിച്ചാൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ സ്‌കൂളിലത്തൊനും തിരിച്ചുപോകാനും സാധിക്കും. മേൽനോട്ടം വഹിക്കാൻ ഓരോ ബസിലും സൂപ്പർവൈസറെ നിയമിക്കുകയും വേണം. ഈ ബസുകളിൽ മറ്റുള്ളവരെ കയറ്റില്ല.