ദോഹ: ഖത്തറിലെ ട്രാൻസിറ്റിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്ക് നാല് ദിവസം വരെ രാജ്യത്ത ് തങ്ങാൻ അനുമതി നൽകുന്ന നിയമം ഇന്നുമുതൽ പ്രാബല്ല്യത്തിൽ. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഈ പദ്ധതിയെന്ന് ഖത്തർ എയർവെയ്‌സും ഖത്തർ ടൂറിസം അഥോറിറ്റിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ സഞ്ചാര സൗഹൃദ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഖത്തർ എയർവെയ്‌സും ടൂറിസം അഥോറിറ്റിയും സംയുക്തമായാണ് സൗജന്യ വിസ രീതി ആവിഷ്‌കരിച്ചത്.

ഖത്തറിന്റെ ചരിത്രത്തിലെ സുപ്രധാനവും അതേസമയം വിനോദ സഞ്ചാര മേഖലക്ക് മുന്നേറ്റവും നൽകുന്ന ഈ തീരുമാനത്തോടെ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയവും വിമാനത്താവള അഥോറിറ്റിയും ഖത്തർ എയർവെയ്‌സും സഹകരിച്ചായിരിക്കും ഇതിന് അവസരം ഒരുക്കുക. അഞ്ച് മണിക്കൂർ സമയ പരിധിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് നാല് ദിവസം വരെ പുറത്തിറങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഇവർക്ക് ഇതിന് വേണ്ടി നേരത്തെ വിസ അപേക്ഷ നൽകേണ്ടതില്ല.

ടൂറിസം വികസന മേഖലയിൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോക സഞ്ചാരികളും രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് എട്ട് മണിക്കൂറിൽ കൂടുതൽ സ്റ്റോപ്പ് ഓവർ ഉള്ളവർക്കായിരുന്നു രണ്ട് ദിവസത്തെ ട്രാൻസിറ്റ് വിസ അനുദിച്ചിരുന്നത്. ട്രാൻസിറ്റ് യാത്രക്കാർ ഹമദ് വിമാനത്താവളത്തിലത്തെി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ട്രാൻസിറ്റ് വീസ അപ്പോൾ തന്നെ അനുവദിക്കും. ഗൾഫിൽ ഇതാദ്യമായാണ് ഒരു രാജ്യത്ത് സൗജന്യ ട്രാൻസിറ്റ് വിസ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള പൂർണ അധികാരം ആഭ്യന്തര മന്ത്രാലയത്തിനാണെന്ന് അധികൃതർ അറിയിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാന പ്രകാരാണ് വിസ അനുവദിക്കുക.

യാത്രക്കാർക്ക് സൗജന്യ ട്രാൻസിറ്റ് വിസക്കു വേണ്ടി ഖത്തർ എയർവെയ്‌സ് ഓഫീസുകൾ മുഖേനയോ ഓൺലൈനിലൂടെയോ അപേക്ഷിക്കാം എന്നതും അപേക്ഷാക്രമങ്ങളെ ലളിതമാക്കിയിട്ടുണ്ട്. ഖത്തർ എയർവെയ്‌സ് വിമാനത്തിൽ ദോഹ വഴി യാത്ര ചെയ്യുന്നവർക്ക് മാത്രമെ ഇതിനുള്ള അർഹതയുള്ളൂ. ട്രാൻസിറ്റ് വിസക്ക് അപേക്ഷിക്കുന്നവരുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറു മാസത്തെ കാലാവധിയുണ്ടായിരിക്കണം എന്ന് നിയമമുണ്ട്. കൃത്യമായ ഇ മെയിൽ വിലാസവും ആവശ്യമാണ്. ദോഹയിൽ വരുന്ന ദിവസത്തിന്റെ ഏഴു ദിവസം മുമ്പ് വിസക്ക് അപേക്ഷിച്ചിരിക്കണം. ഏഴു ദിവസം മുമ്പു മുതൽ മൂന്ന് മാസത്തിനുള്ളിലും അപേക്ഷിക്കാം.

വിസ അംഗീകരിച്ചു കഴിഞ്ഞാൽ 90 ദിവസം കാലാവധിയുണ്ടാകും. ഈ ദിവസത്തിനുള്ളിൽ രാജ്യത്തു പ്രവേശിച്ചാൽ മതിയാകും. രാജ്യത്ത് ഒറ്റത്തവണ പ്രവേശിക്കാനുള്ള അനുമതി മാത്രമുള്ള വിസയുടെ കോപ്പിയാത്ര ആരംഭിക്കുന്ന എയർപോർട്ടിലെ ബോർഡിങ് കൗണ്ടറിൽ കാണിക്കണം. ഖത്തറിൽ വന്നിറങ്ങിയാൽ ഇമിഗ്രേഷൻ കൗണ്ടറിലും അധികം സമയമെടുക്കാതെയുള്ള സൗകര്യം ലഭിക്കും.