കൊച്ചി : പുതിയ ട്രാൻസിറ്റ് വീസ സംവിധാനം വഴി ഇന്ത്യക്കാർക്ക് അടുത്ത അവധിക്കാല യാത്രകളിൽ ദോഹയിൽ നാലു ദിവസം വരെ നീളുന്ന സ്‌റ്റോപ് ഓവറിന് ഖത്തർ എയർവേയ്‌സ് അവസരമൊരുക്കുന്നു. ഇന്ത്യൻ യാത്രക്കാർക്ക് ദോഹയിലേക്കോ ദോഹയ്ക്കു പുറത്തേക്കോ ഉള്ള യാത്രകളിൽ അവരുടെ ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരാതെ ദോഹയിൽ താമസിക്കാനാകും. ഖത്തർ എയർവേയ്‌സിനൊപ്പമുള്ള അവധിക്കാല യാത്രകളിൽ പുതിയ സ്റ്റോപ് ഓവർ പായ്‌ക്കേജ് ഉപയോഗിച്ച് ഇരട്ട അവധി ആസ്വദിക്കാനാകും.

മിഡിൽ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നോ ഈ രാജ്യങ്ങളിലേക്കോ യാത്ര ചെയ്യുമ്പോൾ സ്‌റ്റോപ് ഓവർ പായ്‌ക്കേജുകൾ ഉപയോഗപ്പെടുത്താം. 390 മുതൽ 1280 ഖത്തർ റിയാലാണ് ദോഹയിൽ ഒരു രാത്രി താമസിക്കാൻ ചെലവ്. നവംബർ മുതലാണ് ട്രാൻസിറ്റ് വീസയുള്ളവർക്ക് ദോഹയിൽ നാല് ദിവസംവരെ താമസിക്കാൻ അനുവാദം ലഭിച്ചുതുടങ്ങിയത്. യുകെയിലെ മലയാളികൾ ഏറെയും ഗൾഫ് വഴിയാണ് നാട്ടിലേക്ക് മടങ്ങുന്നതും തിരിച്ച് പോകുന്നതും. അവർക്ക് അവധിക്കാലത്ത് ഏറെ ഗുണകരമാണ് ഈ തീരുമാനം.

നേരത്തെ ഖത്തറിലെ ട്രാൻസിറ്റിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്ക് നാല് ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന നിയമം ഖത്തർ കൊണ്ടുവന്നിരുന്നു. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഈ പദ്ധതിയെന്ന് ഖത്തർ എയർവെയ്‌സും ഖത്തർ ടൂറിസം അഥോറിറ്റിയും വിശദീകരിത്തിരുന്നു. രാജ്യത്തെ സഞ്ചാര സൗഹൃദ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഖത്തർ എയർവെയ്‌സും ടൂറിസം അഥോറിറ്റിയും സംയുക്തമായാണ് സൗജന്യ വിസ രീതി ആവിഷ്‌കരിച്ചത്. ഇതേ തുടർന്നാണ് സ്‌റ്റോപ്പ് ഓവർ പാക്കേജ് നടപ്പാക്കാൻ ഖത്തർ എയർവേയ്‌സിന് കഴിയുന്നതും.

ഖത്തറിന്റെ ചരിത്രത്തിലെ സുപ്രധാന വ്യോമയാന നയം മാറ്റം വഴി വിനോദ സഞ്ചാര മേഖലക്ക് മുന്നേറ്റവും നൽകുന്ന ഈ തീരുമാനത്തോടെ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് മണിക്കൂർ സമയ പരിധിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് നാല് ദിവസം വരെ പുറത്തിറങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഇവർക്ക് ഇതിന് വേണ്ടി നേരത്തെ വിസ അപേക്ഷ നൽകേണ്ടതില്ല. ട്രാൻസിറ്റ് യാത്രക്കാർ വിമാനത്താവളത്തിലത്തെി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ട്രാൻസിറ്റ് വീസ അപ്പോൾ തന്നെ അനുവദിക്കും.

ഗൾഫിൽ ഇതാദ്യമായാണ് ഒരു രാജ്യത്ത് സൗജന്യ ട്രാൻസിറ്റ് വിസ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള പൂർണ അധികാരം ആഭ്യന്തര മന്ത്രാലയത്തിനാണ്.