ത്തറിലെ ലേബർ സിറ്റിയിൽ തൊഴിലാളികൾക്ക് സൗജന്യ വൈ-ഫൈ സേവനം ഉടൻ ലഭ്യമാകുന്നത് റിപ്പോർട്ട്. ലേബർ സിറ്റിയിലുള്ള മൂവായിരത്തോളം തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം. ലേബർ സിറ്റിയിലെ നിരവധി പാർപ്പിട സമുച്ചയങ്ങളിൽ വൈ-ഫൈ നെറ്റ് വർക്ക് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

ഏഷ്യൻ ടൗണിൽ കർവയുടെ ആസ്ഥാനത്തിന് എതിർവശത്തായാണു ലേബർ സിറ്റി. പ്രവാസി തൊഴിലാളികൾക്കു മാത്രമായുള്ള ജിസിസിയിലെ ഏറ്റവും വലിയ പാർപ്പിടകേന്ദ്രമാണു ലേബർ സിറ്റി. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഏറ്റവും മികച്ച ജീവിത സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണു പൊതുമേഖലയിൽ ലേബർസിറ്റി നിർമ്മിച്ചത്. രാജ്യത്തെ വിവിധ കമ്പനികൾ ഇവിടെ അവരുടെ തൊഴിലാളികൾക്കു താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിലവിൽ ഇവിടെയുള്ളതിൽ ഏതു കമ്പനിയാണു തങ്ങളുടെ തൊഴിലാളികൾക്കു സൗജന്യ വൈഫൈ ലഭ്യമാക്കുന്നതെന്ന് ലേബർസിറ്റി അധികൃതർ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ സേവനം പരസ്യപ്പെടുത്താൻ കമ്പനി അധികൃതർക്കും താൽപര്യമില്ല. എന്നാൽ ഇവിടെ കഴിയുന്ന തങ്ങളുടെ എല്ലാ തൊഴിലാളികൾക്കും സ്മാർട് ഫോൺ ഉണ്ടെന്നും ഇവരോരുത്തരും പ്രതിമാസം 50 റിയാലിന് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണെന്നും കമ്പനി വക്താവ് പറഞ്ഞു.

വൈഫൈ കണക്ഷനായതിനാൽ തൊഴിലാളികൾക്ക് എപ്പോൾവേണമെങ്കിലും നെറ്റ് ഉപയോഗിക്കാം. ഇതിലൂടെ അവർക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളുമായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാൻ കഴിയുമെന്ന് കമ്പനി വക്താവ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സാമൂഹ്യമാദ്ധ്യമങ്ങളും ഇവർക്ക് ഉപയോഗിക്കാൻ സാധിക്കും. തൊഴിലാളികളുടെ മാനസികോല്ലാസത്തിനു സൗകര്യമൊരുക്കുക എന്ന ലക്ഷ്യംകൂടിയുണ്ട്. ഇന്റർനെറ്റ് ബിൽ ഇനത്തിൽ വലിയൊരുതുക കമ്പനിക്കു ചെലവാകുമെങ്കിലും തൊഴിലാളികൾ ജോലിസമയത്ത് മൊബൈൽ ഉപയോഗിക്കുന്നതു പൂർണമായും തടയാനാവുമെന്നും ഇതിലൂടെ ഉൽപാദനക്ഷമത കൂട്ടാനാവുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.