ദുബായ്: സ്മാർട്ട് ദുബായിയുടെ ഭാഗമായി ദുബായ് ടാക്‌സികളും സ്മാർട്ടാകുന്നു. ഡിസംബർ മുതൽ ടാക്‌സി കാറുകളിൽ സൗജന്യ വൈഫൈയും എൽഇഡി ടച്ച് സ്‌ക്രീനും നടപ്പാക്കും. കൂടാതെ യാത്ര തുടങ്ങുന്നതിന് മുമ്പു തന്നെ യാത്രക്കൂലി അറിയാനുള്ള സംവിധാനവും ടാക്‌സിൽ ഏർപ്പാടാക്കും.

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) ദുബായ് ടാക്‌സി കോർപറേഷനുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിത്തുടങ്ങുന്നതിന്റെ ഭാഗമായി കാറുകലിൽ എൽഇഡി സ്‌ക്രീനുകളും വൈ ഫൈ റൂട്ടറുകളും സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ടാക്‌സികളിലെ ടച്ച് സ്‌ക്രീനിലർ ആർടിഎയുടെ വിവിധ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും വിശദീകരിക്കുന്ന പരസ്യങ്ങളുമുണ്ടാകും.

കൂടാതെ നഗരത്തിലെ പ്രധാന വിനോദസഞ്ചാരമേഖലകളെ കുറിച്ചും ടച്ച് സ്‌ക്രീനിൽ വിശദീകരിക്കും. ടാക്‌സി സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും ആശയങ്ങളും യാത്രക്കാർക്ക് ടച്ച് സ്‌ക്രീനിലൂടെ നൽകാനാകുമെന്ന് ദുബായ് ടാക്‌സി സിഇഒ യൂസഫ് മുഹമ്മദ് അൽ അലി വ്യക്തമാക്കി.