ബെർലിൻ: ഇനി യാത്രാസമയം മുഴുവൻ ബോറടിച്ചിരിക്കേണ്ട കാര്യമില്ല. സൗജന്യ വൈ ഫൈ സർവീസുമായി ജർമൻ ലോക്കൽ, റീജണൽ ട്രെയിനുകളെത്തി. തികച്ചും സൗജന്യമായി നടപ്പാക്കുന്ന െവൈ ഫൈ സർവീസ് ഇന്നലെ മുതലാണ് പ്രാബല്യത്തിലായത്. ഡച്ച് ബാൻ ഇന്റർസിറ്റി ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് നിലവിൽ സൗജന്യ വൈ ഫൈ സേവനം ലഭ്യമാകുന്നത്. സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമാകണമെങ്കിൽ 2016 വരെ കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനി വ്യക്തമാക്കി.

ട്രെയിൻ പൂർണമായും വൈ ഫൈ ഹോട്ട് സ്‌പോട്ട് ആക്കാനുള്ള സാങ്കേതിക തടസം മാത്രമാണ് മുന്നിലുള്ളതെന്നും എല്ലാ യാത്രക്കാർക്കും ഈ സേവനം നൽകണമെന്നു തന്നെയാണ് കമ്പനിയുടെ ആഗ്രഹമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റീജണൽ ട്രെയിനുകളിൽ പൂർണമായും വൈ ഫൈ സേവനം ലഭ്യമാകുന്നുണ്ട്.

ജർമനിയിലെ നൂറോളം റെയിൽവേ സ്‌റ്റേഷനുകളും ഇപ്പോൾ വൈ ഫൈ ഹോട്ട് സ്‌പോട്ടുകളാണ്. നിലവിൽ ട്രെയിൻ യാത്രക്കാർക്ക് 30 മിനിട്ടാണ് എല്ലാ ദിവസവും സൗജന്യ വൈ ഫൈ അനുവദിച്ചിരിക്കുന്നത്. സൗജന്യ ഇന്റർനെറ്റ് സേവന കാലാവധി തീരുമ്പോൾ റീചാർജ് ചെയ്യാനും വളരെ എളുപ്പമാണ്. ടെലികോം ഡീൽ എടുത്ത് ലാപ്‌ടോപ്പിലോ, നോട്ട്ബുക്കിലോ, മൊബൈലിലോ സൗജന്യ വൈ ഫൈ ആസ്വദിക്കാം.