ബാർസിലോണ: തിരകൾക്കൊപ്പം കിന്നരിച്ച് ഇനി ഇന്റർനെറ്റ് സർഫിംഗും നടത്താം. ബാർസിലോണയിലെ ബീച്ചുകളിൽ സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്താനുള്ള നീക്കവുമായി അധികൃതർ മുന്നോട്ട്. സമ്മറിൽ മുഴുവൻ ബീച്ചുകളിലെത്തുന്ന ഏവർക്കും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ബാർസിലോണ ഡയറക്ടർ ഓഫ് പബ്ലിക് സ്‌പേസസ് സേവ്യർ സേഗുര വെളിപ്പെടുത്തി.

വൈ ഫൈ ടെസ്റ്റ് പ്ലോട്ട് എന്ന നിലയിൽ നിലവിൽ ബീച്ചിൽ വിലാഡെക്കാൻസിനു സമീപവും നോവ ഇക്കാരിയ ബീച്ചിനു സമീപവും ഉണ്ടെന്ന് സെഗുര വ്യക്തമാക്കി. ബീച്ചിന്റെ മറ്റു ഭാഗങ്ങളിലേക്കും പിന്നീട് സിറ്റിയിൽ മുഴുവനും സൗജന്യ വൈ ഫൈ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബാർസിലോണ ബീച്ചുകളെ സ്മാർട്ട് ബീച്ചുകളാക്കാനുള്ള നടപടിയുടെ ഭാഗമാണിത്. കൂടാതെ ഗാർബേജ് ബിന്നുകളിൽ സെൻസറുകൾ ഘടിപ്പിക്കുന്നതു പോലെയുള്ള സംവിധാനവും സ്മാർട്ട് ബീച്ച് പദ്ധതിയിൽ പെടുന്നുണ്ട്.

ഇത്തരം നടപടികളെല്ലാം ബീച്ചുകളെ കൂടുതൽ മനോഹരവും വൃത്തിയുള്ളതുമായി സൂക്ഷിക്കുമെന്നും സെഗുര പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ പാർക്കുകളെ കുറിച്ച് വിവരങ്ങൾ നൽകാനും ബീച്ചിനു സമീപം സൈക്കിളുകൾ പാർക്കു ചെയ്യാനുള്ള സംവിധാനത്തെ കുറിച്ച് അറിയാനും ഉതകുന്ന പുതിയ ആപ്പ് സിറ്റി കൗൺസിൽ വാഗ്ദാനം ചെയ്യുന്നു. ഇത് തികച്ചും സൗജന്യമാണെന്നും സെഗുര പറഞ്ഞു.