ദുബയ്: സ്മാർട്ട് ദുബായ് പദ്ധതിയുടെ ഭാഗമായി എല്ലാ സേവനങ്ങളുംപൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ ഉദ്യാനങ്ങളിലും സൗജന്യമായി വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നു. ദുബയിൽ ഇന്നലെ ആരംഭിച്ച വിവരസാങ്കേതിക രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ജൈറ്റക്‌സ് ടെക്‌നോളജി വീക്കിലാണ് സുപ്രധാനമായ ഈ കരാർ ഒപ്പിട്ടത്.

ദുബയ് നഗരസഭയും പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ഡുയുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം സബീൽ പാർക്കിലായിരിക്കും ഈ
സേവനം ആദ്യം നടപ്പാക്കുക. അതോടൊപ്പം ദുബയ് നഗരസഭയുടെ ദേരയിലുള്ള ആസ്ഥാനത്തും മറ്റു ബ്രാഞ്ച് ഓഫിസുകളിലും വൈഫൈ ലഭിക്കും. നിലവിൽ ദുബയ് ഹെൽത്ത് അഥോറിറ്റിക്കു കീഴിലുള്ള എല്ലാ ആശുപത്രികളിലെ രോഗികൾക്കും സൗജന്യ ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കരാമയിലെ സബീൽ പാർക്കിലാണ് ആദ്യമായി സേവനം ലഭിക്കുക. പിന്നീട് മംസാർ ബീച്ചിലും സേവനമെത്തും. ദുബായിലെ പാർക്കുകളും ബീച്ചുകളെയും കുറിച്ചുള്ള സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ കഴിഞ്ഞ ദിവസം നഗരസഭ പുറത്തിറക്കിയിരുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ എല്ലാ ഓഫിസിലും സൗജന്യ വൈഫൈ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.