ഷാർജ: വ്യാപാര വാണിജ്യ സാധ്യതകൾ ആരായുന്നതിന്റെ ഭാഗമായി കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുപ്പതംഗ അംഗങ്ങൾ ഇന്നലെ ഷാർജ ഹംരിയ ഫ്രീ സോൺ സന്ദർശിച്ചു. ചേംബർ പ്രസിഡന്റ് പി. ഗംഗാധരന്റെ നേതൃത്വത്തിൽ ഫ്രീ സോണിലെത്തിയ സംഘത്തെ ഹംരിയ ഫ്രീ സോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.വി. രമേശ്, സെയിൽസ് വിഭാഗം മേധാവി ഹമദ് അൽഷംസി, ഫോറിൻ ട്രേഡ് പ്രൊമോഷൻ ഓഫീസർ മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഫ്രീ സോണിലെ 6500 കമ്പനികളെ പറ്റി ചോദിച്ചറിഞ്ഞ സംഘം ഒട്ടേറെ കമ്പനികൾ സന്ദർശിക്കുകയും ചെയ്തു.

തുടർന്ന് സംഘം ഹംരിയ ഫ്രീ സോൺ, ഷാർജ എയർപോർട്ട് ഫ്രീ സോൺ എന്നിവയുടെ ഡയറക്ടരായ സൗദ് സാലിം അൽ മസ്രൂയിയുമായി കൂടിക്കാഴ്ച നടത്തി. ഫ്രീസോണിലെ നിക്ഷേപകരിൽ പകുതിയോളം ഇന്ത്യക്കാർ ആണെന്നും അതിൽ തന്നെയും കൂടുതൽ മലയാളികൾ ആണെന്നും പറഞ്ഞ അൽ മസ്രൂയി അടുത്താഴ്‌ച്ച ഫ്രീ സോൺ പ്രതിനിധികൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ സന്ദർശിക്കുമെന്നും ഇരു ഭാഗത്തു നിന്നും കൂടുതൽ സഹകരണങ്ങൾ ഉണ്ടാകേണ്ടുതെന്നും പറഞ്ഞു. കേരളവും മലബാറും യു.എ.ഇയും തമ്മിൽ പൗരാണിക കാലം തൊട്ടുള്ള കച്ചവട ബന്ധങ്ങളെപറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു.
ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ഗംഗാധരൻ അൽ മസ്രൂയിയെ കോഴിക്കോട്ടേക്ക് ക്ഷണിക്കുകയും അൽ മസ്രൂയി സ്വീകരിക്കുകയും ചെയ്തു. സന്ദർശന തീയ്യതി പിന്നീട് തീരുമാനിക്കും. സെക്രട്ടറി അബ്ദുല്ല മാളിയേക്കൽ, ശ്രീരാം, ടി.പി.വാസു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അൽ മസ്രൂയിയുമായി കൂടിക്കാഴ്ച നടത്തിയത്.