വെറും 251 രൂപയ്ക്ക് ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ എന്നു കേട്ടാൽ ആരാണ് ചാടി പ്പുറപ്പെടാതിരിക്കുക? യു.പി.യിലെ നോയ്ഡയിൽ പ്രവർത്തിക്കുന്ന ഫ്രീഡം കമ്പനി പ്രഖ്യാപിച്ച 251 രൂപയുടെ സ്മാർട്ട്‌ഫോൺ ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിനായി ലക്ഷക്കണക്കിനാളുകൾ തിക്കിത്തിരക്കിയത് അതുകൊണ്ടാണ്. എന്നാൽ, ഈ വാഗ്ദാനത്തെ വിശ്വസിക്കാമോ? ഇത്രയും വിലക്കുറവിൽ സ്മാർട്ട്‌ഫോൺ ലഭിക്കുമോ?

നാലിഞ്ച് ടച്ച്‌സ്‌ക്രീനോടു കൂടിയ ഡ്യുവൽ സിം ഫോണാണ് ഫ്രീഡം 251. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് 1.3 ക്വാഡ് കോർ പ്രൊസ്സസ്സറാണ്. ഒരു ജിബി റാമും എട്ട് ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് ഇരുപുറത്തും ക്യാമറകളുമുണ്ട്. ലോകമെങ്ങുമുള്ള സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഫ്രീഡം 251 രംഗപ്രവേശം ചെയ്തത്.

ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്നതിൽ ഏറ്റവും വിലകുറഞ്ഞ സ്മാർട്ടഫോൺ ട്രയോ ട്രയോ സ്മാർട്ട് ടച്ച് ഫോൺ ജൂനിയർ 3 ആണ്. ഓൺലൈനിലെ ഇതിന്റെ വില 1449 രൂപയും. ഇതൊരു 2ജി ഫോണാണ്. എന്നാൽ, ഫ്രീഡം 251 ആകട്ടെ 3ജി ഫോണും. ഫ്രീഡം 251-ന്റെ സവിശേഷതകളോടു കൂടിയ ഏറ്റവും വിലകുറഞ്ഞ ഫോണായ ഡാറ്റാവിൻഡ് പോക്കറ്റ്‌സർഫറിന് 2999 രൂപയാണ് വില.

251 രൂപയ്്ക്ക് ഇത്രയേറെ സൗകര്യങ്ങളുള്ള ഫോൺ വിൽക്കാനാവില്ലെന്ന് സെല്ലുലാർ അസോസിയേഷൻ പ്രസിഡന്റ് പങ്കഡ് മൊഹിൻഡ്രൂ പറയുന്നു. ഇതിൽ എത്ര ഘടകങ്ങൾ ഇന്ത്യയിൽ ലഭിച്ചാൽ പോലും ഈ വിലയ്ക്ക് ഫോൺ നിർമ്മിക്കാനാവില്ല. ഇതേ സവിശേഷതകളുള്ള ഫോണിന് എട്ടിരട്ടിയെങ്കിലും വിലവരുമെന്ന് ഡാറ്റവിൻഡ് സിഇഒ സുനിത് സിങ് ടുളിയും പറയുന്നു.

എന്നാൽ, പരമാവധി ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതുകൊണ്ടാണ് ഈ വിലയ്ക്ക് ഫോൺ നൽകാൻ കഴിയുന്നതെന്ന് ഫ്രീഡം 251-ന്റെ നിർമ്മാതാക്കളായ റിങ്ങിങ് ബെൽസിന്റെ ഉടമ അശോക് ഛദ്ദ പറയുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് കമ്പനി നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നത്. പ്രതിമാസം അഞ്ചുലക്ഷം ഫോണുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. 13 ശതമാനത്തോളം വരുന്ന ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതിലൂടെ വില കുറയ്ക്കാനാവുമെന്നും അദ്ദേഹം പറയുന്നു.

ഫോണിന്റെ വില നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാനം അതിന്റെ പ്രോസ്സസ്സറിന്റെയും സർക്യൂട്ടിന്റെയും വിലയാണ്. അമ്പത് ശതമാനത്തോളം വരുമിത്. ഡിസ്‌പ്ലേ, സ്റ്റോറേജ്, ക്യാമറ തുടങ്ങിയവയ്ക്കാണ് പിന്നീട് ചെലവേറുക. ആപ്പിളിന്റെ ഐഫോണുകളിൽ ഡിസ്‌പ്ലേയ്ക്കാണ് ഏറ്റവും ചെലവ്. ഇതിന് പുറമെ നികുതികളും മറ്റും ചേരുമ്പോഴാണ് ഫോണിന്റെ വില നിശ്ചയിക്കപ്പെടുക. എന്നാൽ, 251 രൂപയ്ക്ക് ഇതിൽ ഒരു ഘടകം പോലും നിർമ്മിക്കാനാവില്ലെന്നു തന്നെ മറ്റു നിർമ്മാതാക്കൾ അവകാശപ്പെടുന്നു.