- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യത്തിന്റെ പല അർത്ഥങ്ങളെ തേടുന്നു; നടപ്പുശീലങ്ങളെ വെല്ലുവിളിച്ച് അഞ്ച് സംവിധായകർ; സ്വാതന്ത്ര്യ സമരം:സമാഹരിക്കപ്പെടുന്ന നിശബ്ദ ജീവിതങ്ങൾ
'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലൂടെ പ്രേഷകർക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകിയ ജിയോബേബി 'സ്വാതന്ത്ര്യ സമരം' എന്ന ആന്തോളജിയിലൂടെ വീണ്ടും നടപ്പുശീലങ്ങളെ വെല്ലുവിളിക്കുകയാണ്.5 സംവിധായകർ, 5 സിനിമകൾ, അവയെല്ലാം സ്വാതന്ത്ര്യം എന്ന വിശാലാർത്ഥമുള്ള പ്രമേയത്തിന്റെ ഏതെങ്കിലും ഒരടരിനെ സ്പർശിക്കുന്നു. പുതുമയാർന്ന പ്രമേയത്തെക്കാളുപരി,സത്യസന്ധമായ സമീപനം കൊണ്ടാണ് 5 സിനിമകളും ശ്രദ്ധേയമാകുന്നത്.
'കുഞ്ഞില ' സംവിധാനം ചെയ്ത 'അസംഘടിതർ', തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തിന്റെയും അവഗണനയുടേയും നേർസാക്ഷ്യമാണ്. അസംഘടിത സ്ത്രീത്തൊഴിലാളികളുടെ നിരവധിയായ പ്രശ്‌നങ്ങളിൽ ഒന്നായ ടോയ്‌ലറ്റ് പ്രശ്‌നം ഇന്നലെയും ഇന്നും യാഥാർത്ഥ്യമാണ്. അവഗണിച്ചും ലളിതവത്ക്കരിച്ചും അവയെ ഇല്ലാതാക്കാനാവില്ലെന്നും പരിഹാരം അനിവാര്യമാണെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. ഏതൊരു കഥാപാത്രത്തെയും തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിക്കുന്ന ശ്രിന്ദയുടേയും പുതുമുഖങ്ങളായ മറ്റ് നടീനടന്മാരുടേയും മികവുറ്റ പ്രകടനവും സിനിമയുടെ മാറ്റ് വർദ്ധിപ്പിക്കുന്നു.
ഫ്രാൻസിസ് ലൂയിസ് അണിയിച്ചൊരുക്കിയ 'റേഷൻ ക്ലിപ്ത വിഹിതം' ചിലപ്പോഴെങ്കിലും ഒരു നെന്മീനിന്റെ വില പോലുമില്ലാത്ത പലരുടേയും നിസഹായാവസ്ഥയുടെ കഥയാണ്. നിസാരമെന്നു തോന്നാവുന്ന 'സംഘർഷ'ത്തെ തികഞ്ഞ കൈയടക്കത്തോടെ ഫ്രാൻസിസ് ലൂയിസ് ദൃശ്യവത്ക്കരിച്ചിരിക്കുന്നു. ജിയോബേബിയുടെ 'ഓൾഡ് ഏജ് ഹോം' ജോജു ജോർജ്ജിന്റെ അസാമാന്യ പ്രകടനം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. സ്ഥലകാലബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ നോട്ടവും ചലനവും സംസാരവുമൊക്കെ കാണികളുടെ നെഞ്ചിൽ തറയ്ക്കും വിധം അദ്ദേഹം അഭിനയിച്ചു ഫലിപ്പിക്കുന്നു. പൊറിഞ്ചുവിന്റെ വന്യസ്വഭാവവും ഓൾഡ് ഏജ് ഹോമിലെ ബേബിച്ചായന്റെ നിസഹായതയും ഒരു നടന്റെ പകർന്നാട്ടങ്ങളാണെന്നത് അവിശ്വസനീയമായിത്തോന്നും.
ജിതിൻ ഐസക് തോമസിന്റെ 'പ്രതൂമു' ചോദിക്കുന്നത് തോട്ടികളുടെ ജീവിതത്തിന് സമൂഹം നൽകുന്ന വിലയെന്ത് എന്നാണ്? അതിശയോക്തി കലർന്ന കഥയും അവതരണ രീതിയും കൊണ്ട് 'പ്രതൂമു' മികച്ച ഒരു സിനിമാ അനുഭവം സമ്മാനിക്കുന്നില്ല.സിനിമ സംസാരിക്കുന്ന വിഷയം പ്രസക്തമെങ്കിലും, അവതരണത്തിലുടനീളം കൃത്രിമത്വം നിറഞ്ഞു നിൽക്കുന്നുണ്ട് . അഖിൽ അനിൽ കുമാർ സംവിധാനം നിർവ്വഹിച്ച'ഗീത അൺചെയ്‌ന്ഡ്' എന്ന സിനിമ, പറഞ്ഞു പഴകിയ പ്രമേയമെങ്കിലും അവതരണത്തിൽ പുതുമ സമ്മാനിക്കുന്നു. ജോലി, പ്രണയം,വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ഗീത എന്ന പെൺകുട്ടി അനുഭവിക്കുന്ന വൈരുദ്ധ്യങ്ങളെ സരസമായി അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ.
ആരാലും ശ്രദ്ധിക്കപ്പെടാത്ത മനുഷ്യരുടെ പ്രശ്‌നങ്ങളെ, അവരുടെ നൊമ്പരങ്ങളെ, മുഖ്യധാരാ സിനിമയിലൂടെ പ്രേഷകരിലെത്തിച്ചുവെന്നതാണ് സ്വാതന്ത്ര്യ സമരത്തിന്റെ വിജയം. പുതിയ കാഴ്ചകളിലൂടെ സഞ്ചരിക്കുവാൻ ധൈര്യം കാണിച്ച കുഞ്ഞിലയെപ്പോലൊരു സംവിധായികയെ സ്വാതന്ത്ര്യ സമരത്തിലൂടെ അവതരിപ്പിച്ചു എന്നതും ജിയോ ബേബിയുടെ നേട്ടമാണ്.