വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഉന്നതമായ കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കപ്പെടുന്നത് നവോത്ഥാന കാലഘട്ടങ്ങളിലാണ്. 

പ്രശസ്ത കവിയായിരിക്കെ തന്നെ ജാതിവിരുദ്ധ പോരാളിയുമായിരുന്ന ശ്രീ. കുമാരനാശാന്റെ അക്കാലത്തെഴുതപ്പെട്ട ഈ നാലു വരികളിൽ എല്ലാമുണ്ട്.

'സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം.'

അക്കാലത്ത് രാജ്യം തന്നെ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നതിനാൽ 'രാജ്യത്തിന്റെ സ്വാതന്ത്ര്യം' എന്ന ഏറെ പ്രാധാന്യമുള്ള വിഷയവും ഈ വരികൾ ഉൾക്കൊള്ളുന്നുണ്ട്.പക്ഷെ അക്കാലത്ത് അവർണ്ണരായ വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങു തീർത്തിരുന്നത് സവർണ്ണമതങ്ങളും ജാത്യാചാരങ്ങളുമായിരുന്നതിനാൽ പോരാട്ടമെല്ലാം സ്വാഭാവികമായും ജാതിക്കെതിരായി മാറി. ജാതിക്കെതിരെയുള്ള പോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച ശ്രീ സഹോദരൻ അയ്യപ്പന്റെ വീട്ടിൽ ചില്ലിട്ടു വെച്ചിരുന്ന വാചകങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകനായിരുന്ന എം.കെ സാനു അനുസ്മരിക്കുന്നുണ്ട്. 'അടിമയായിരിക്കാൻ വയ്യാത്തതുകൊണ്ടു തന്നെ എനിക്ക് യജമാനനാകാനും വയ്യ.' എബ്രഹാംലിങ്കന്റെ പ്രസിദ്ധമായ വാചകമായിരുന്നു അത് .

അക്കാലത്ത് വ്യക്തിസ്വാതന്ത്ര്യവുമായ ബന്ധപ്പെട്ട ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന ആശയം മാർക്സിസം തന്നെയായിരുന്നു. റഷ്യയിലെ സ്ഥിതിസമത്വത്തെക്കുറിച്ചുള്ള വാർത്തകൾ പുരോഗമനമനസ്‌ക്കർ ആവേശത്തോടെ ശ്രവിച്ചിരുന്ന കാലം. കമൂണിസ്റ്റുകൾക്കല്ലാതെ ലോകത്തിൽ നിന്നും ദാരിദ്ര്യവും അസമത്വവും മാറ്റാനാകില്ല എന്ന് റഷ്യയെ ഉദാഹരണമാക്കി കൊണ്ട് പ്രചാരണങ്ങൾ ശക്തിപ്പെട്ടിരുന്ന കാലം.
എന്നാൽ വ്യക്തിയുടെ ചിന്താ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത് മൂലം അസമത്വം മറ്റൊരു രീതിയിൽ നിലനിൽക്കാൻ മാർക്സിസം കാരണമായേക്കുമെന്ന് അക്കാലത്തെ നാസ്തികർ ചൂണ്ടിക്കാട്ടുകയുണ്ടായി.

'സ്റ്റാലിനെ' നിരപ്പേ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയായി ' ഒരു കൂട്ടം പുരോഗമനകാരികൾ മുന്നോട്ടുവെച്ച അക്കാലത്ത് 'ആഹാരമോ സ്വാതന്ത്ര്യമോ എന്ന വിഷയം ചർച്ചയായി. 'റഷ്യയിൽ സ്വാതന്ത്ര്യത്തിനു വിലക്കുണ്ടെങ്കിലെന്ത് പട്ടിണിയില്ലല്ലോ' അതായിരുന്നു ഒരു പക്ഷത്തിന്റെ വാദം.പക്ഷെ നാസ്തിക പക്ഷം വ്യക്തിസ്വാതന്ത്ര്യത്തിനാണ് പരമ പ്രാധാന്യം കൊടുത്തിരുന്നത്. പലതും മുൻകൂട്ടി കണ്ടു കൊണ്ട് അവരുയർത്തിയ മറുവാദങ്ങൾ നോക്കൂ

1) ' ആഹാരത്തിനു വേണ്ടി സ്വാതന്ത്ര്യം ബലി കൊടുക്കുന്നത് തികച്ചും അപകടകരമാണ്. ആദ്യം സ്വാതന്ത്ര്യം നിഷേധിക്കുന്ന അധീശ ശക്തി പിന്നീട് ആഹാരവും നിഷേധിക്കാം. അപ്പോൾ ആഹാരം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലും നമുക്കുണ്ടായിരിക്കുകയില്ല'

2 ) ജർമ്മനിയിലും ഇറ്റലിയിലും അടുത്ത കാലത്ത് സംഭവിച്ച മാതിരി
ഒറ്റക്കക്ഷിയുടെ വലത്തേ ഏകാധിപത്യവും റഷ്യയിൽ ഉള്ള മാതിരി ഒറ്റകക്ഷിയുടെ ഇടത്തേ ഏകാധിപത്യവും വരാതെ സൂക്ഷിക്കണം.

3) ലെനിന്റെയും സ്റ്റാലിന്റെയുമൊക്കെ 'കരുത്തിന് പകരം എബ്രഹാം ലിങ്കന്റെ സഹിഷ്ണുതയും ഔദാര്യവുമാണ് വേണ്ടത്.

4) വ്യക്തിസ്വാതന്ത്ര്യമാണ് ജീവശ്വാസം .വ്യക്തിസ്വാതന്ത്ര്യം നിലനിന്നാൽ ആ അവസ്ഥ സ്ഥിതിസമത്വത്തിലേക്ക് നയിക്കും. സമാധാനപരമായ മാർഗ്ഗത്തിലൂടെ നേടിയെടുക്കുന്ന ലക്ഷ്യങ്ങൾ മാത്രമെ സ്ഥിരമായി നില നിൽക്കുകയുള്ളൂ.മത ശാഠ്യങ്ങൾക്കും പ്രത്യയശാസ്ത്ര പ്രക്ഷാളനങ്ങൾക്കും വഴിപ്പെടാതെ മനുഷ്യന്റെ മനോഭാവത്തിൽ മാറ്റം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഊന്നി നിന്നു പ്രവർത്തിച്ചവരായിരുന്നു അന്നത്തെ നാസ്തികർ.മനുഷ്യരുടെ ചിന്താരീതി ആധുനികതയുടെ ലോകവീക്ഷണത്തിനനുസരിച്ച് പരിഷ്‌ക്കരിക്കപ്പെടുന്ന കാലം അവർ സ്വപ്നം കണ്ടു. 'സങ്കുചിതമായ രാഷ്ട്രീയ കക്ഷി ബോധത്തിൽ നിന്ന് വിമുക്തരായ വ്യക്തികളുടെ ചിന്താശക്തി രാഷ്ട്രത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരവസ്ഥ ' ഒരിക്കൽ ഈ രാജ്യത്തും സംഭവിക്കുമെന്നും അവർ കണക്കു കൂട്ടി.

വ്യക്തി സ്വാതന്ത്ര്യത്തിനു പരമപ്രധാന്യം നൽകി കൊണ്ട് അന്നത്തെ നാസ്തികരുയർത്തിയ മുന്നറിയിപ്പുകളും വാദങ്ങളുമാണ് ലോകത്ത് പിന്നീട് സംഭവിച്ചത് എന്ന് നമുക്കറിയാം.പ്രത്യയശാസ്ത്രങ്ങളെയും മതങ്ങളെയും തള്ളി മുന്നോട്ടു പോകുന്ന രാജ്യങ്ങളിലാണ് മനുഷ്യർക്ക് ഏറ്റവും മെച്ചപ്പെട്ട സ്വതന്ത്രജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നതെന്ന് മനസ്സിലാക്കാൻ ചിന്താശേഷിയുള്ളവർക്ക്
ഇന്ന് കഴിയുന്നുണ്ട്.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരമ പ്രാധാന്യത്തെക്കുറിച്ചുള്ള നാസ്തികരുടെ വാദമുഖങ്ങൾ കൂടുതൽ തെളിച്ചത്തിൽ പ്രകാശിപ്പിക്കാൻ കേരളത്തിൽ 1940 കൾക്ക് ശേഷം അധികം ആളുകളുണ്ടായില്ല. ഭൂമി കന്യയെ വേൾക്കാൻ വന്ന ആ 'മോഹ'ത്തിന് (1) പുരോഗമന മനസ്‌ക്കരിൽ പലരും അടിമപ്പെട്ടു പോയി. ദാരിദ്ര്യമാണ് മതങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും പിറകെ പോകാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്നും സ്ഥിതിസമത്വത്തിലൂടെ (Socialism) ദാരിദ്ര്യമില്ലാതെയായാൽ ഓട്ടോമാറ്റിക്കായി മനുഷ്യൻ മത വിശ്വാസമുപേക്ഷിക്കുമെന്നുള്ള വാദങ്ങൾക്ക് സ്വീകാര്യത കിട്ടി.
പ്രമുഖ സാമൂഹ്യ പരിഷ്‌ക്കർത്താക്കൾ കൂടി വ്യവസ്ഥിതി മാറ്റാനായി വിപ്ലവത്തിനായി ഇറങ്ങിത്തിരിച്ചപ്പോൾ വ്യക്തിവാദക്കാരായ നാസ്തികർ പിന്തള്ളപ്പെട്ടു. 1940 കൾ മുതൽ കേരളത്തിൽ സംഭവിച്ച ഈ വ്യതിയാനത്തിനു ശേഷം 78 വർഷങ്ങൾക്കു ശേഷമുള്ള വർത്തമാനകാലത്ത് നിന്ന് നാം കേരളത്തെ വീക്ഷിക്കുമ്പോൾ കാണാനാവുന്നത് മങ്ങിയ കാഴ്ചകളാണ്.

വെളിച്ചം അണഞ്ഞുകൊണ്ടേയിരിക്കുന്നു. ഗോത്രീയതയിലൂന്നിയ ഒരു പ്രത്യയശാസ്ത്രത്തിനും മനുഷ്യന്റെ മതാത്മക ചിന്തയെ പരിഷ്‌ക്കരിക്കാനാകില്ല എന്ന് നമുക്ക് കൂടുതൽ കൂടുതൽ മനസ്സിലായി വരുന്നു.അധികാരം നിലനിർത്തുന്നതിനായി രാഷ്ട്രീയ സമൂഹം നടത്തേണ്ടി വരുന്ന മതപ്രീണനങ്ങൾ മാത്രം മതി മതത്തിനും അന്ധവിശ്വാസങ്ങൾക്കും പൂർവസ്ഥിതിയിലേക്ക് മടങ്ങിയെത്താനെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കാനാകുന്നു.ഈയവസരത്തിൽ ഒരു കാലത്ത് വിപ്ലവ ബഹളത്തിൽ മുങ്ങി അവ്യക്തമായിപ്പോയ വ്യക്തി സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തെ വ്യക്തിവാദികളായ നാസ്തികർ
ഉച്ചസ്തൈര്യം ഉത്ഘോഷിക്കേണ്ടത് ചരിത്രപരമായ ആവശ്യകതയായി തീർന്നിരിക്കുന്നു. 'കൊയ്ത്തു വളരെയേറെയുണ്ട് പക്ഷെ കൊയ്ത്തുകാരോ ചുരുക്കം; എന്ന് പറയാറുള്ളതുപോലെ പണിക്കാർ തീരെ ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നത് പരമസത്യമാണെങ്കിലും
ഉള്ള വിഭവശേഷി വെച്ച് എസൻസ് ഉത്തരവാദിത്വത്തോടെ ആ മുദ്രാവാക്യം ഏറ്റെടുക്കുന്നു.

'ഫ്രീഡം ഈസ് മൈ റിലീജിയൻ. '

2018 ഡിസംബർ 25, 26 തിയ്യതികളിൽ എറണാകുളം ടൗൺ ഹാളിൽ വെച്ചു കൂടുന്ന എസൻസിന്റെ വാർഷിക സെമിനാറിൽ മുഴങ്ങി കേൾക്കുന്ന ഈ മുദ്രാവാക്യമുൾക്കൊള്ളുന്ന ആശയം ക്രമേണ ചിന്താശേഷിയുള്ള മലയാളികൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.

സൂചന

(1) ഒ.എൻ.വി മാർക്സിസത്തെ ഉപമിച്ചത്.

( ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും എസ്സൻസ് ക്ലബ് പ്രസിഡന്റുമാണ് സജീവൻ അന്തിക്കാട്)

എതിരവൻ കതിരവനും സി രവിചന്ദ്രനും അടക്കം 25ഓളം പ്രഭാഷകർ

2017 ലെ വിജയകരമായ വാർഷികസമ്മേളനത്തിന് ശേഷം, എസെൻസ് ക്ലബ്ബിന്റെ (രജി നമ്പർ TSR/TC/541/2016) വാർഷിക പരിപാടിയായ essentia'18 എറണാകുളം ടൗൺ ഹോളിലേക്ക് സർ ഐസക് ന്യൂട്ടന്റെ ജന്മദിനത്തിൽ (ഡിസം 25) തിരിച്ചെത്തുന്നു. എസെൻഷ്യ'18 രണ്ടു ദിവസമാണ്. 2018 ഡിസംബർ 25, 26 തീയതികളിൽ. ആദ്യദിനം രാവിലെ 9 മുതൽ രാത്രി 8 വരെ എറണാകുളം ടൗൺഹോളിൽ അന്താരാഷ്ട്ര സെമിനാർ. രണ്ടാം ദിവസം(ഡിസംമ്പർ 26) ക്രൂസർഷിപ്പിൽ കടലിലേക്ക് വിനോദയാത്ര. സെമിനാറിൽ വെച്ച് Litmus'18 സംബന്ധിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുന്നു.

സജീവൻ അന്തിക്കാട്, ജോസ് കണ്ടത്തിൽ, രഞ്ചു (ഓസ്ട്രലിയ), രമേശ് രാജശേഖരൻ (ബാംഗ്ളൂർ), ഷാജു തൊറയൻ, മണികണ്ഠൻ ഇൻഫ്രാകിഡ്സ് (ബാംഗ്ളൂർ), എതിരൻ കതിരവൻ (USA), ഡോ. ഹരീഷ്‌കൃഷ്ണൻ, സനിൽ കെ.വി., ഡോ.സാബു ജോസ്, ധന്യാ ഭാസ്‌കരൻ, ബിജുമോൻ എസ്‌പി., സുരേഷ്ബാബു (ബാംഗ്ളൂർ), ഡോ.കെ.എം.ശ്രീകുമാർ, സനോജ് കണ്ണൂർ, ഡോ. രാഗേഷ്, ഡോ. പ്രസന്നൻ (ഓസ്ട്രേലിയ), മൃദുൽ ശിവദാസ്, ഡോ.സുനിൽ കുമാർ, മാവൂരാൻ നാസർ, രവിചന്ദ്രൻ സി. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നു.
കൃഷ്ണപ്രസാദ്, അനുപമ രാധാകൃഷ്ണൻ, മനുജ മൈത്രി, ശിബു ബാബു, അജിത്കുമാർ (മോഡറേറ്റർ) എന്നിവർ പങ്കെടുക്കുന്ന ഒരു പബ്ലിക് ഇന്ററാക്ഷൻ പരിപാടിയും (Atheist Enlightenment/ALIGHT'2018) ഇതോടൊപ്പമുണ്ട്. മതാധിഷ്ഠിത ലോകത്ത് അവിശ്വാസി വിദ്യാർത്ഥികളുടെ സാധ്യതകളും വെല്ലുവിളികളും എന്നതാണ് എലൈറ്റ് 2018 ചർച്ച ചെയ്യുന്ന വിഷയം. വിദ്യാർത്ഥികളായ യുവനാസ്തികരോട് സംവദിക്കാനുള്ള തുറന്ന അവസരമാണ് സദസ്സിന് ലഭിക്കുക. ഒരു മണിക്കൂർ പരിപാടിയിൽ 45 മിനിറ്റും സദസ്സുമായുള്ള ചോദ്യത്തരങ്ങളായിരിക്കും.

.ഇരുപത്തിയഞ്ചാം തീയതിയിലെ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നതിനുമാത്രമായി രജിസ്റ്റർ ചെയ്യാം. ഒരാൾക്ക് ഭക്ഷണമടക്കം 200 രൂപ. രണ്ടാം ദിവസത്തെ (ഡിസമ്പർ 26) യാത്ര രാവിലെ (9.30 മാ) ആരംഭിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് തിരിച്ചെത്തും. ആധുനിക സൗകര്യങ്ങൾ ലഭ്യമായ ക്ലാസിക് പാരഡൈസ് എന്ന ക്രൂസർ ഷിപ്പിൽ കൊച്ചി കായലിലും കടലിലുമായി എസെൻഷ്യ പ്രഭാഷകരോടൊപ്പം 5 മണിക്കൂർ നീളുന്നതാണ് സഞ്ചാരം. ആദ്യദിവസത്തെ സെമിനാറും രണ്ടാംദിവസത്തെ ഷിപ്പ് ക്രൂസിങ്ങുമടക്കവും രജിസ്റ്റർ ചെയ്യാം. ഒരാൾക്ക് 1100പ്ലസ് 200= 1300 രൂപ.: രണ്ടാം ദിവസത്തെ ഷിപ്പ് ക്രൂസിങ്ങിനുള്ള രജിസ്ട്രേഷൻ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. ആദ്യദിവസത്തെ സെമിനാറിലേക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്.

essentia'18 രജിസ്‌ട്രേഷൻ: http://essenseclub.com/event/essentia18/